ശശീന്ദ്രനെതിരെ സ്വമേധയാ കേസെടുക്കില്ലെന്ന് പോലീസ്; എകെ ശശീന്ദ്രന്റെ രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറി, ഗതാഗതവകുപ്പിന്റെ ചുമതല മുഖ്യമന്ത്രി ഏറ്റെടുത്തു

സ്ത്രീയുമായി അശ്ലീല സംഭാഷണം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ഗതാഗതമന്ത്രി സ്ഥാനം രാജിവെച്ച എ.കെ.ശശീന്ദ്രനെതിരെ സ്വമേധയാ കേസെടുക്കില്ലെന്ന് പോലീസ്. സ്ത്രീയുടെ പരാതിയില്ലാതെ വെറും ആരോപണത്തിന്റെ പേരില്‍ മാത്രം കേസെടുക്കേണ്ട ആവശ്യമില്ലെന്നാണ് പോലീസിന്റെ നിലപാട്. സ്വകാര്യ സംഭാഷണം പുറത്തുവിട്ടെന്ന പേരില്‍ ശശീന്ദ്രന്‍ പരാതി നല്‍കിയാല്‍ അന്വേഷിക്കും. അല്ലെങ്കില്‍ സര്‍ക്കാര്‍ നിര്‍ദേശിക്കണമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അതേസമയം ആരോപണത്തെ തുടര്‍ന്ന് രാജിവെച്ച ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറി. ഗതാഗതവകുപ്പിന്റെ ചുമതല മുഖ്യമന്ത്രി പിണറായി വിജയന്‍ ഏറ്റെടുത്തു. എന്‍സിപിയുടെ മറ്റൊരു എംഎല്‍എ തോമസ് ചാണ്ടിക്ക് തത്ക്കാലം മന്ത്രി സ്ഥാനം നല്‍കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്‍സിപി നേതൃത്വം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുക. കുവൈത്തിലുള്ള തോമസ് ചാണ്ടി മടങ്ങിയെത്തിയാല്‍ എന്‍.സി.പി സംസ്ഥാന സമിതി യോഗം ചേരും.
സ്ത്രീയുമായി അശ്ലീല സംഭാഷണം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് എ.കെ.ശശീന്ദ്രന്‍ മന്ത്രി സ്ഥാനം രാജിവെച്ചത്.
ആരോപണം നിഷേധിച്ച മന്ത്രി ധാര്‍മികതയുടെ പേരില്‍ താന്‍ രാജിവെക്കുകയാണെന്ന് വാര്‍ത്തസമ്മേളനം വിളിച്ച് അറിയിക്കുകയായിരുന്നു.
എല്‍ഡിഎഫ് അധികാരത്തിലെത്തിയ സമയത്ത് എന്‍സിപിക്ക് ലഭിച്ച ഗതാഗത വകുപ്പ് ആകെയുള്ള രണ്ടു എംഎല്‍എമാര്‍ രണ്ടര വര്‍ഷം വീതം പങ്കിട്ട് ഭരിക്കാമെന്ന നിര്‍ദേശമുണ്ടായിരുന്നു.
https://www.facebook.com/Malayalivartha
























