ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ മാറ്റുന്നതിന് സാവകാശം തേടി സര്‍ക്കാര്‍

സുപ്രീംകോടതി വിധിയെ തുടര്‍ന്ന് മദ്യവില്‍പ്പന പ്രതിസന്ധിയിലായ സാഹചര്യത്തില്‍ സര്‍ക്കാര്‍ വീണ്ടും കോടതിയെ സമീപിച്ചേക്കും. ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ ദേശീയസംസ്ഥാന പാതയോരങ്ങളില്‍ നിന്നും കോടതി പറഞ്ഞ ദൂരപരിധിയിലേക്ക് മാറ്റാന്‍ മൂന്ന് മാസത്തെ സമയമാണ് സര്‍ക്കാര്‍ ആവശ്യപ്പെടുക. ഇക്കാര്യത്തില്‍ എജിയോട് സര്‍ക്കാര്‍ നിയമോപദേശം തേടിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ തന്നെ സര്‍ക്കാര്‍ കോടതിയെ സമീപിച്ചേക്കും.
അതിനിടെ സംസ്ഥാനത്തെ ബിയര്‍-വൈന്‍ പാര്‍ലറുകളും ചില ഔട്ട്‌ലെറ്റുകളും പൂട്ടിയതോടെ ശേഷിക്കുന്നവയില്‍ കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. തിരക്ക് നിയന്ത്രിക്കാന്‍ അധിക സമയത്ത് ഔട്ട്‌ലെറ്റ് പ്രവര്‍ത്തിപ്പിച്ചും കൂടുതല്‍ കൗണ്ടറുകള്‍ ആരംഭിച്ചും പ്രതിസന്ധി മറികടക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഇതുമൂലം പൂട്ടിയ ഔട്ട്‌ലെറ്റുകളില്‍ നിന്നുള്ള വരുമാന നഷ്ടം നികത്താന്‍ കഴിയുമെന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.
മദ്യശാലകളിലെ തിരക്ക് നിയന്ത്രിക്കാന്‍ കള്ളുഷാപ്പുകള്‍ വഴിയും വിദേശമദ്യം വില്‍ക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് മന്ത്രി ജി.സുധാകരന്‍ വ്യക്തമാക്കിയതും ശ്രദ്ധേയമായി. ഇക്കാര്യത്തില്‍ പ്രശ്‌നമുണ്ടാക്കിയവര്‍ തന്നെ അതിന് പരിഹാരവും കാണട്ടെയെന്ന നിലപാടിലാണ് മന്ത്രി. മദ്യശാലകള്‍ മാറ്റണമെന്ന സുപ്രീംകോടതി വിധിക്കെതിരേ നിയമസഹായം തേടിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
മദ്യവില്പനശാലകള്‍ ദേശീയസംസ്ഥാന പാതയ്ക്ക് 500 മീറ്റര്‍ ദൂരപരിധി പാലിക്കേണ്ടിവരുമ്പോള്‍ ബിവറേജസ് കോര്‍പറേഷന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും കെ.ടി.ഡി.സിയുടെയും ഉള്‍പ്പെടെയുള്ള വിദേശമദ്യവില്പന ശാലകളും ബിയര്‍-വൈന്‍ പാര്‍ലറുകളും അടക്കം സംസ്ഥാനത്തെ 207 വില്പനശാലകള്‍ പൂട്ടേണ്ടിവരുമെന്നാണു കണക്കാക്കുന്നത്. ഇതു സംസ്ഥാനത്തിന്റെ റവന്യു വരുമാനത്തില്‍ കാര്യമായ കുറവു വരുത്തും. പ്രാദേശിക എതിര്‍പ്പു മൂലം ഇവ മാറ്റി സ്ഥാപിക്കാനും കഴിയാത്ത സാഹചര്യമാണ്. ഇതു കണക്കിലെടുത്താണ് സര്‍ക്കാര്‍ വീണ്ടും കോടതിയിലേക്ക് പോകുന്നത്.
https://www.facebook.com/Malayalivartha
























