ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെ തല്‍സ്ഥാനത്ത് നിന്ന് നീക്കണമെന്ന് സി.പി.എം കേന്ദ്രനേതൃത്വം; പകരം നിയമിക്കാന്‍ ആളില്ലെന്ന കാരണം പറഞ്ഞ് സംസ്ഥാന നേതൃത്വം:കോടിയേരിയോട് കടുത്ത അതൃപ്തി രേഖപ്പെടുത്തി സീതാറാം യെച്ചൂരി

ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയുടെ പ്രതിഷേധത്തെ പൊലീസ് നേരിട്ട രീതി ഉചിതമായില്ലെന്നു കേന്ദ്ര നേതൃത്വം വിലയിരുത്തി. കഴിഞ്ഞ ദിവസത്തെ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍ എന്നിവരുമായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി ചര്‍ച്ച നടത്തിയെന്നു പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ സംഭവത്തെക്കുറിച്ചു കോടിയേരിയോടു യച്ചൂരി കടുത്ത അതൃപ്തി വ്യക്തമാക്കിയെന്നാണു സൂചന.
കേരള പൊലീസിനെതിരെ തുടരെത്തുടരെ ആക്ഷേപങ്ങളുണ്ടാകുന്നതിനാല്‍ ലോക്‌നാഥ് ബെഹ്‌റയെ ഡിജിപി സ്ഥാനത്തുനിന്നു മാറ്റുന്നത് ആലോചിക്കണമെന്നു സിപിഎം കേന്ദ്ര നേതൃത്വം. എന്നാല്‍, പകരം നിയമിക്കാന്‍ ഓഫിസര്‍മാരില്ലെന്ന മറുപടിയാണു സംസ്ഥാന ഘടകം നല്‍കിയതെന്നാണ് സൂചന.
ഈ വര്‍ഷമാദ്യം തന്നെ തിരുവനന്തപുരത്തു കേന്ദ്ര കമ്മിറ്റി ചേര്‍ന്നപ്പോഴും പൊലീസിന്റെ രീതികളെക്കുറിച്ചു കേന്ദ്ര നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചതും ഉചിതമായ തിരുത്തലുകള്‍ ഉടനെ വേണമെന്നു നിര്‍ദേശിച്ചതുമാണെന്നു നേതാക്കള്‍ സൂചിപ്പിച്ചു. തിരുത്തലുകള്‍ ഉണ്ടാവുമെന്ന നിലപാടു കോടിയേരി ഇന്നലെ ആവര്‍ത്തിച്ചുവത്രേ. വലിയ പ്രതീക്ഷകളോടെയാണ് എല്‍ഡിഎഫിനെ ജനം അധികാരമേറ്റിയതെങ്കിലും സര്‍ക്കാരിന്റെ പ്രവര്‍ത്തനം അതിനൊത്ത രീതിയിലല്ലെന്ന വിലയിരുത്തലാണു കേന്ദ്രനേതാക്കളില്‍ പലര്‍ക്കുമുള്ളത്.
ഇടതുപക്ഷ സര്‍ക്കാരില്‍നിന്നു ജനം പ്രതീക്ഷിക്കുന്ന രീതിയിലുള്ള നടപടികളല്ല ഉണ്ടാവുന്നത്. പൊലീസിന്റെ വീഴ്ചകള്‍ക്കു പുറമെ, സിപിഎം നേതാക്കളുള്‍പ്പെട്ട കേസുകളുമായി ബന്ധപ്പെട്ട വിവാദങ്ങളും പാര്‍ട്ടിക്കും സര്‍ക്കാരിനും ഒരുപോലെ ചീത്തപ്പേരുണ്ടാക്കുന്നുവെന്നാണ് വിലയിരുത്തല്‍.
ജിഷ്ണുവിന്റെ അമ്മ മഹിജയെ അറസ്റ്റ് ചെയ്ത ദിവസം തന്നെയായിരുന്നു കേരളത്തില്‍ ആദ്യമായി ഭരണത്തില്‍ വന്ന ഇ.എം.എസ് സര്‍ക്കാരിന്റെ അറുപതാം വാര്‍ഷികം ആഘോഷിക്കാനിരുന്നതും. അതോടെ തന്നെ എല്ലാവരും സഭയിലെ പരിപാടികളെല്ലാം ഉപേക്ഷിച്ചിരുന്നു. പോലീസിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ പിണറായി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവും ഭരണ പരിഷ്‌കാരം ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദനും എം.എ ബേബി മുതലായവര്‍ പോലീസിനെയും പാര്‍ട്ടി കൈക്കൊണ്ട നടപടിക്കെതിരെയും രംഗത്ത് വന്നതും കേന്ദ്രസര്‍ക്കാര്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ സ്ഥിതിക്കും ബെഹ്‌റയ്‌ക്കെതിരെ കടുത്ത നിലപാടുകള്‍ സ്വീകരിച്ചില്ലെങ്കില്‍ വന്‍ തിരിച്ചടിയായിരിക്കും ഇടതുപക്ഷ സര്‍ക്കാരിന് നേരിടേണ്ടി വരിക.
https://www.facebook.com/Malayalivartha


























