മഹിജയ്‌ക്കെതിരായ അതിക്രമത്തില്‍ പോലീസിനെ ന്യായീകരിച്ച് ഐജിയുടെ അന്വേഷണ റിപ്പോര്‍ട്ട്

മഹിജയ്‌ക്കെതിരായ അതിക്രമത്തില്‍ പോലീസിനെ ന്യായീകരിച്ച് ഐജിയുടെ അന്വേഷണ റിപ്പോര്‍ട്ട്. ജിഷ്ണുവിന്റെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് അമ്മ മഹിജയും ബന്ധുക്കളും പോലീസ് ആസ്ഥാനത്തിനു മുന്നില്‍ നടത്തിയ സമരം സംഘര്‍ഷഭരിതമായതിനു പിന്നില്‍ ഗൂഢാലോചന നടന്നതായും പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കേണ്ട ആവശ്യമില്ലെന്നും റേഞ്ച് ഐജി മനോജ് ഏബ്രഹാമിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ഡിജിപി ലോക്‌നാഥ് ബെഹറയ്ക്കു സമര്‍പ്പിച്ചു.
എസ്യുസിഐ നേതാവ് ഷാജിര്‍ഖാന്‍ അടക്കമുള്ളവര്‍ ഗൂഢാലോചനയില്‍ പങ്കാളികളാണെന്നു സംശയിക്കുന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിനുള്ള കാരണങ്ങളും റിപ്പോര്‍ട്ടില്‍ വിവരിക്കുന്നു. അറസ്റ്റിലായ അഞ്ചുപേര്‍ക്കെതിരേയും ഗൂഢാലോചനാ കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്താല്‍ മാത്രമേ ഗൂഢാലോചനയില്‍ വ്യക്തത വരുകയുള്ളുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പോലീസിനു വീഴ്ച പറ്റിയിട്ടില്ലെന്ന പ്രാഥമിക റിപ്പോര്‍ട്ടിലെ വാദത്തില്‍ അന്തിമ റിപ്പോര്‍ട്ടിലും ഐജി ഉറച്ചു നില്‍ക്കുകയാണ്. ഒരു പോലീസ് ഉദ്യോഗസ്ഥനെതിരേയും നടപടി നിര്‍ദ്ദേശിച്ചിട്ടില്ല.
എന്നാല്‍, ഏതെങ്കിലും ഉദ്യോഗസ്ഥനെതിരേ നടപടി വേണമെന്നു സംസ്ഥാന പോലീസ് മേധാവിക്കു തോന്നിയാല്‍ നടപടി സ്വീകരിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
https://www.facebook.com/Malayalivartha



























