ഇനിയൊരു അമ്മക്കും ഈ ഗതിയുണ്ടാകരുത്; വേദനയുടെ ഓര്‍മകളിലൂടെ ഒരു 'അമ്മ'

മൂന്നുവര്‍ഷമാകുന്നു എന്റെ പൊന്നുമോള്‍ ഇല്ലാതായിട്ട്. നൂറുമേനി വിജയത്തിനായി സ്‌കൂള്‍ അധികൃതര്‍ കാണിച്ച നെറികേടിന്റെ ഇരയാണവള്‍. അവള്‍ക്ക് നീതിതേടി നാടുമുഴുവന്‍ സമരംചെയ്തിട്ടും അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിച്ചു'' അസ്മാബി വിതുമ്പി. അരീക്കോട് സുല്ലമുസ്സലാം ഓറിയന്റല്‍ സ്‌കൂള്‍ മാനേജ്‌മെന്റ് ഒമ്പതാം ക്‌ളാസില്‍ അന്യായമായി രണ്ടാംതവണയും തോല്‍പ്പിച്ചതില്‍ മനംനൊന്ത് ജീവനൊടുക്കിയ നിസ്ലയുടെ ഉമ്മയാണ് അസ്മാബി. പത്താംക്‌ളാസില്‍ നൂറുശതമാനം വിജയംനേടാനാണ് നിസ്ലയെ മുസ്‌ളിംലീഗ് നിയന്ത്രണത്തിലുള്ള സ്‌കൂള്‍ മാനേജ്‌മെന്റ് തോല്‍പ്പിച്ചത്. പത്തിലേക്ക് ജയിക്കുമെന്നുറപ്പിച്ച് വാങ്ങിക്കൂട്ടിയ പുസ്തകങ്ങള്‍ക്കുമുകളില്‍ കയറി 2014 മെയ് രണ്ടിനാണ് നിസ്ല ആത്മഹത്യചെയ്ത്.
മകള്‍ നഷ്ടപ്പെട്ടതുമുതല്‍ പൊലീസില്‍നിന്ന് തികഞ്ഞ അവഗണനയായിരുന്നുവെന്ന് അസ്മാബി പറഞ്ഞു. 'പരീക്ഷ എഴുതിപ്പിക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍ അവര്‍ക്ക് എന്നോട് ഒരുവാക്ക് പറയാമായിരുന്നു. ഞാനവളെ മറ്റേതെങ്കിലും സ്‌കൂളില്‍ ചേര്‍ക്കുമായിരുന്നു. ആ മാന്യതപോലും മാനേജ്‌മെന്റ് കാണിച്ചില്ല. കുറ്റക്കാരാണെന്ന് കണ്ടെത്തിയവരെ ചോദ്യംചെയ്യാന്‍പോലും പൊലീസ് കൂട്ടാക്കിയില്ല. പകരം, മോളെ അപമാനിക്കാനാണ് ശ്രമിച്ചത്. പിന്നെ, ആരുടെയും കാലുപിടിക്കാന്‍ പോയില്ല. എങ്കിലും നിത്യേന ഉള്ളുരുകി പ്രാര്‍ഥിക്കാറുണ്ട്, ഇനിയൊരു അമ്മക്കും ഈ ഗതിയുണ്ടാകരുതെന്ന്''. നിസ്ലയുടെ മരണത്തിന് സ്‌കൂള്‍ അധികൃതരും അധ്യാപകരും ഉത്തരവാദികളാണെന്ന് തെളിഞ്ഞിട്ടും സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യംചെയ്യാന്‍പോലും പൊലീസ് തയ്യാറായില്ലെന്നും അസ്മാബി വേദനയോടെ ഓര്‍ക്കുന്നു.
നൂറുശതമാനം വിജയത്തിന് നിസ്ലയടക്കം എണ്‍പതിലധികം പേരെയാണ് മാനേജ്‌മെന്റ് ഇടപെട്ട് ഒമ്പതാം ക്‌ളാസില്‍ തോല്‍പ്പിച്ചത്. 2013ലും ഒമ്പതാംതരത്തില്‍ നിസ്ല പരാജയപ്പെട്ടിരുന്നു. 2014ല്‍ ട്യൂഷനുപോകുകയും പരമാവധി പരിശ്രമിക്കുകയുംചെയ്തു. ഒമ്പതാംതരത്തില്‍ തോറ്റതില്‍ കടുത്ത നിരാശയുണ്ടെന്ന് നിസ്ല ബന്ധുവീട്ടിലെത്തി പറഞ്ഞിരുന്നു. മരിക്കുന്നതിന് അരമണിക്കൂര്‍ മുമ്പ് ഉമ്മയോട് ഫോണില്‍ സംസാരിച്ചു. കൂലിപ്പണിക്കുപോയ അസ്മാബി പകല്‍ രണ്ടരയോടെ തിരികെയെത്തിയപ്പോഴാണ് ഷാള്‍ ഉപയോഗിച്ച് ഫാനില്‍ തൂങ്ങിയനിലയില്‍ മകളെ കണ്ടത്.
സംഭവത്തില്‍ സ്‌കൂള്‍ അധികൃതരും മാനേജ്‌മെന്റും കുറ്റക്കാരാണെന്ന് വിഭ്യാഭ്യാസ വകുപ്പും കേന്ദ്രസംസ്ഥാന ബാലാവകാശ കമീഷനും കണ്ടെത്തിയിരുന്നു. കുറ്റക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ദേശീയ ബാലാവകാശ കമീഷനും പൊലീസിന് നിര്‍ദേശം നല്‍കി. കുറ്റക്കാരെന്ന് കണ്ടെത്തിയവരുടെ ഭരണസ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രക്ഷോഭംനടത്തിയെങ്കിലും കേസ് അന്വേഷിക്കേണ്ടെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.
https://www.facebook.com/Malayalivartha



























