അരും കൊലചെയ്യപ്പെട്ടത് മൂന്നല്ല നാലു പേര്‍; കേദര്‍ ജിന്‍സന് പിന്നാലെ പോലീസ്

കൊലപാതകം നടന്ന വീടിനടുത്തു മറ്റു വീടുകളില്ല. അതീവസുരക്ഷാ മേഖലയാണിത്. മുഖ്യമന്ത്രിയടക്കം അഞ്ചു മന്ത്രിമാര്‍ താമസിക്കുന്ന ക്ലിഫ് ഹൗസ് കോമ്പൗണ്ടും അതിനു പരിസരപ്രദേശങ്ങളും പൊലീസിന്റെ നിതാന്ത ജാഗ്രതയിലുള്ളതാണ്. അവിടെയാണ് നാടിനെ നടുക്കിയ ദാരുണമായ കൊലപാതകം ഉണ്ടായത്. മൂന്നു ദിവസം മുമ്പു കൊലപാതകം നടന്നിട്ടും പുറം ലോകം അറിഞ്ഞില്ല എന്നതുതന്നെ തന്ത്രപ്രധാന മേഖലയിലെ അതീവ ഗുരുതരമായ സുരക്ഷാവീഴ്ചയായി കരുതുകയും വേണം.
അര്‍ധരാത്രിയോടെ വീട്ടില്‍നിന്ന് പുക ഉയരുന്നതുകണ്ടാണ് അയല്‍വാസികള്‍ ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചത്. പൊലീസും ഫയര്‍ഫോഴ്‌സും തീ കെടുത്തിയശേഷം നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കൊലപാതകമാണ് നടന്നതെന്നാണ് പ്രാഥമിക നിഗമനം. വീടിന് സമീപത്തുനിന്ന് മഴുവും വെട്ടുകത്തിയും അടക്കമുള്ള ആയുധങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. നാലു പേരെയും കൊന്നശേഷം കഷ്ണങ്ങളാക്കി വെട്ടിമുറിച്ചതായാണു സംശയം. രണ്ടെണ്ണം കത്തിച്ചശേഷം മറ്റു രണ്ടെണ്ണം ചാക്കിലാക്കുകയായിരുന്നു. ഒരു മൃതദേഹത്തിന്റെ തല കാണാനില്ല.
ഈ വീട്ടില്‍ അഞ്ചു പേരായിരുന്നു താമസം. ജീന്‍ പത്മത്തെയും രാജ് തങ്കത്തെയും കൂടാതെ മകള്‍ കേഡല്‍ കരോളിന്‍, മകന്‍ കേഡല്‍ ജിന്‍സന്‍, ജീന്‍ പത്മത്തിന്റെ കുഞ്ഞമ്മ ലളിത എന്നിവര്‍. ചൈനയില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിനിയായ കേഡല്‍ കരോളിന്‍ കഴിഞ്ഞദിവസമാണു നാട്ടിലെത്തിയത്. മകന്‍ കേഡല്‍ ജിന്‍സന്‍ ഓസ്‌ട്രേലിയയില്‍ ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ഉപരിപഠനം നടത്തുകയായിരുന്നു. കുറച്ചുകാലമായി ജിന്‍സനും നാട്ടിലുണ്ടായിരുന്നു.

രണ്ട് ദിവസമായി ജിന്‍സന്റെ പെരുമാറ്റത്തില്‍ അസ്വാഭാവികത ഉണ്ടായിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നു. മൂന്ന് ദിവസമായി അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്ന് സഹോദരന്‍ പറഞ്ഞു. വീട്ടിലുള്ളവര്‍ കന്യാകുമാരിയില്‍ വിനോദയാത്ര പോയെന്നും രണ്ട് ദിവസത്തിനുശേഷം മടങ്ങിയെത്തുമെന്നാണ് മകന്‍ പറഞ്ഞതെന്നും സഹോദരന്‍ പറഞ്ഞു. ഡോക്ടറുടെ മകന്റെ കാലില്‍ പൊള്ളലേറ്റ പാടുണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.

ദിവസങ്ങള്‍ക്ക് മുമ്പ് കൊലപാതകം നടത്തിയശേഷം ശനിയാഴ്ച രാത്രി വീടിന് തീവയ്ക്കാന്‍ ശ്രമിച്ചതാണെന്ന സംശയം ഉയര്‍ന്നിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. കൂടുതല്‍ അന്വേഷണം നടത്തിയശേഷമെ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ. ശനിയാഴ്ച രാത്രി 11 മണിയോട് കൂടി ക്ലിഫ് ഹൗസിനടുത്തള്ള വീട്ടില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിപ്പെട്ട അയല്‍വാസികള്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സെത്തി തീയണച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

സംഭവമറിഞ്ഞ് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹെറ, റേഞ്ച് ഐജി മനോജ് ഏബ്രഹാം എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞു പൊടിഞ്ഞു പോകുന്ന നിലയിലാണെന്നും ഇവിടെനിന്നു മാറ്റാന്‍ കഴിയാത്തതിനാല്‍ വീട്ടില്‍തന്നെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുമെന്നും ഐജി പറഞ്ഞു. മകനെ കേന്ദ്രീകരിച്ചാണ് അന്വേഷണം. അഞ്ചുപേരുണ്ടായിരുന്ന വീട്ടില്‍ നാലു പേരും മരിക്കുകയും മകനെ സംശയാസ്പദമായി നിലയില്‍ കാണാതാവുകയും ചെയ്തതിനാലാണ് ഇത്. മകന്‍ കേദല്‍ ജിന്‍സന്‍ ഇന്നലെ അര്‍ധരാത്രിയോടെ കാറില്‍ വീട്ടില്‍നിന്നു പുറത്തേക്കു പോയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞതായും ഐജി വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























