സ്വര്‍ണ നിധിയെന്നു തെറ്റിദ്ധരിപ്പിച്ച് മുക്കുപണ്ടങ്ങള്‍ വിറ്റയാളെ തട്ടിപ്പിനിരയായ വീട്ടമ്മ തന്നെ കെണിയിലാക്കി

മുക്കുപണ്ടം സ്വര്‍ണ നിധിയെന്നു വിശ്വസിപ്പിച്ചു വിറ്റയാളെ തട്ടിപ്പിനിരയായ വീട്ടമ്മയും പോലീസും ചേര്‍ന്നു കുടുക്കി. ലക്ഷ്മി എസ്‌റ്റേറ്റ് ഈസ്റ്റ് ഡിവിഷന്‍ സ്വദേശിയും പാലായില്‍ വര്‍ക്‌ഷോപ്പ് ജീവനക്കാരനുമായ രാമയ്യ(47)യാണ് അറസ്റ്റിലായത്. അയല്‍വാസിയാണു രാമയ്യയെ മറയൂര്‍ സ്വദേശിയായ വീട്ടമ്മയ്ക്കു പരിചയപ്പെടുത്തിക്കൊടുത്തത്. വിശ്വാസം നേടിയെടുക്കാന്‍ 680 ഗ്രാം യഥാര്‍ഥ സ്വര്‍ണം രാമയ്യ ആദ്യം വീട്ടമ്മയ്ക്കു വിറ്റു. തുടര്‍ന്നാണ് തട്ടിപ്പിനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചത്.
ബംഗളുരുവിലുള്ള സുഹൃത്തിനു നിധിയിലൂടെ സ്വര്‍ണം ലഭിച്ചെന്നും പുറത്തറിഞ്ഞാല്‍ സര്‍ക്കാരിലേക്കു കണ്ടുകെട്ടുമെന്നും അതിനാല്‍ സ്വര്‍ണം വാങ്ങാന്‍ ബംഗളുരുവില്‍ എത്തണമെന്നുമാണ് വീട്ടമ്മയോട് ആവശ്യപ്പെട്ടത്. ഇതു വിശ്വസിച്ച് വീട്ടമ്മ ബന്ധുക്കളോടൊപ്പം ബംഗളുരുവിലെത്തി ഒരു ലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങി. തിരികെ നാട്ടിലെത്തി പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് മനസിലായത്.
തട്ടിപ്പാണെന്നു മനസിലായെങ്കിലും അതു പുറത്തറിയിക്കാതെ സ്വര്‍ണം വീണ്ടും ആവശ്യമുണ്ടെന്ന് പറഞ്ഞ് രാമയ്യയെ വിളിച്ചുവരുത്തി കെണിയിലാക്കുകയായിരുന്നു. പോലീസിനും പരാതി നല്‍കി. വീട്ടമ്മയും ബന്ധുക്കളും പഴയ മൂന്നാറിലുള്ള പാലത്തിനു സമീപം കാത്തുനിന്നു. പ്രതി എത്തിയതോടെ വേഷം മാറി നിന്ന പോലീസിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു. സ്‌റ്റേഷനിലെത്തിച്ചു നടത്തിയ ചോദ്യംചെയ്യലില്‍ ഇയാള്‍ തട്ടിപ്പു സമ്മതിച്ചു.
ആദ്യം വിറ്റ യഥാര്‍ഥ സ്വര്‍ണത്തിന്റെ അതേ രൂപത്തില്‍ ചെമ്പുനാണയങ്ങള്‍ സ്വര്‍ണത്തില്‍ മുക്കിയാണ് ഇയാള്‍ വീട്ടമ്മയ്ക്ക് നല്‍കാന്‍ വച്ചിരുന്നത്. ഇതും പിടിച്ചെടുത്തിട്ടുണ്ട്. നാണയം നിര്‍മിക്കാന്‍ ഉപയോഗിച്ച അച്ചും പ്രതിയില്‍ നിന്നു പിടികൂടി. മൂന്നാറിലുള്ള പലരെയും ഇയാള്‍ ഇത്തരത്തില്‍ കബളിപ്പിച്ചിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരം. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
https://www.facebook.com/Malayalivartha


























