സര്‍ക്കാരിനെതിരെ സമരം നടത്തിയ ജിഷ്ണുവിന്റെ അമ്മാവനെ സിപിഎം പുറത്താക്കി

തൃശൂര്‍ പാമ്പാടി നെഹ്‌റു എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാരിനെതിരെ സമരത്തിനിറങ്ങിയ ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്തിനെ സിപിഎം പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. പാര്‍ട്ടി, സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് നടപടി. വളയം വണ്ണാര്‍ക്കണ്ടി ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന ശ്രീജിത്തിനെ ലോക്കല്‍ കമ്മിറ്റി ചേര്‍ന്നാണ് പുറത്താക്കിയത്. ജിഷ്ണു കേസില്‍ പാര്‍ട്ടിയോട് ആലോചിക്കാതെ സമരത്തിനുപോയെന്നും പാര്‍ട്ടിയെ പൊതുജനങ്ങള്‍ക്കു മുന്നില്‍ അപമാനിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടി നടപടിയെടുത്തത്.
അതേസമയം, പാര്‍ട്ടി ഇതുവരെ തന്നോട് വിശദീകരണം തേടിയില്ലെന്ന് ശ്രീജിത്ത് പറഞ്ഞു. നടപടിയെക്കുറിച്ച് അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജിഷ്ണുക്കേസിലെ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് കുടുംബം കഴിഞ്ഞ ദിവസം ഡിജിപി ഓഫിസിനു മുന്നില്‍ സമരം നടത്തിയിരുന്നു.
എന്നാല്‍ ജിഷ്ണുവിന്റെ അമ്മ മഹിജയെയും ബന്ധുക്കളെയും പൊലീസ് മര്‍ദിക്കുകയും നിലത്തുവലിച്ചിഴയ്ക്കുകയും ചെയ്തു. ഇതിനെതിരെ ആശുപത്രിയിലടക്കം നിരാഹാരസമരം നടത്തി വരികയായിരുന്നു ശ്രീജിത്തും മഹിജയും. തുടര്‍ന്ന് ഞായറാഴ്ച സര്‍ക്കാര്‍ പ്രതിനിധികളെത്തി ചര്‍ച്ച നടത്തി സമരം പിന്‍വലിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് ശ്രീജിത്തിനെ പുറത്താക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്.
https://www.facebook.com/Malayalivartha


























