നന്തന്‍കോട് കൂട്ടക്കൊല...അതു ചാത്തന്‍സേവ ? പ്രതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ചെകുത്താന്‍ സേവയുടെ ഭാഗമായാണു സ്വന്തം അച്ഛനെയും അമ്മയെയും സഹോദരിയെയും ബന്ധുവിനെയും വകവരുത്തിയതെന്ന് പിടിയിലായ പ്രതി കേഡല്‍ ജീന്‍സണ്‍ അന്വേഷണ സംഘത്തോടു വെളിപ്പെടുത്തി. ജീവന്‍കൊടുത്ത് ആത്മാവിനെ വേര്‍പെടുത്തുന്ന പൈശാചിക ആരാധനയുടെ ഭാഗമായിരുന്നു കൊലപാതകമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. പ്രതി കുറ്റം സമ്മതിച്ചതായും നാലു കൊലപാതകങ്ങളും ഒരേ ദിവസം തന്നെയാണു നടന്നതെന്നും ഡിസിപി അരുള്‍ ബി. കൃഷ്ണ അറിയിച്ചു.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു സമീപമുള്ള വീട്ടില്‍ നാലുപേരെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെന്നു സംശയിക്കുന്ന കേഡലിനെ ഇന്നലെ വൈകിട്ട് 6.50ന് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നാണു കസ്റ്റഡിയില്‍ എടുത്തത്. ഞായറാഴ്ചയാണ് ദമ്പതികളും മകളും അടക്കം ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരുമൊക്കെ താമസിക്കുന്ന അതീവ സുരക്ഷാ മേഖലയായ ക്ലിഫ് ഹൗസിന് സമീപമുള്ള ബെയ്ന്‍സ് കോംപൗണ്ട് റസിഡന്‍സ് അസോസിയേഷന്‍ 117ാം നമ്പര്‍ വീട്ടില്‍ അച്ഛനും അമ്മയും മകളും ഇവരുടെ പ്രായമായ ഒരു ബന്ധുവുമാണ് കൊല്ലപ്പെട്ടത്. തമിഴ്നാട് മാര്‍ത്താണ്ഡം സ്വദേശി റിട്ട. ഹിസ്റ്ററി പ്രൊഫസര്‍ രാജ് തങ്കം (60), ഭാര്യ തിരുവനന്തപുരം ജനറല്‍ ആശുപത്രി റിട്ട. ആര്‍.എം.ഒ ഡോ.ജീന്‍ പത്മ (58), മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ മകള്‍ കരോളിന്‍ (25), വല്യമ്മ ലളിത (70) എന്നിവരാണു കൊല്ലപ്പെട്ടത്.
രാജ് തങ്കത്തിന്റെയും ജീന്‍ പത്മയുടെയും മൂത്ത മകനായ കേഡല്‍ ജീന്‍സണ്‍ ആണു കൊലപാതകങ്ങളെല്ലാം നടത്തിയെന്നു പൊലീസ് സംശയിച്ചിരുന്നു. കേഡലിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. ചെന്നൈയിലെ ലോഡ്ജില്‍ താമസിക്കുന്നതിനിടെ ചാനലുകളിലും പത്രങ്ങളിലും തന്റെ മുഖചിത്രം കണ്ടു. ഇതോടെ നാട്ടിലേക്കു മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ഇയാള്‍ അന്വേഷണ സംഘത്തോടു പറഞ്ഞു. പിടിയിലായി മണിക്കൂറുകള്‍ക്കകം ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. എല്ലാ കൊലകളും ഒരേ ദിവസം തന്നെയാണ് നടത്തിയതെന്നും കേഡല്‍ മൊഴി നല്കി.
ബുധനാഴ്ചയാണ് എല്ലാ കൊലപാതകങ്ങളും നടത്തിയത്. ഓണ്‍ലൈന്‍ ഷോപ്പിങ് വെബ് സൈറ്റായ ഫ്ളിപ് കാര്‍ട്ടില്‍നിന്ന് വാങ്ങിയ മഴു ഉപയോഗിച്ചായിരുന്നു കൊലപാതകങ്ങള്‍ നടത്തിയത്. താന്‍ തയാറാക്കിയ പുതിയ വീഡിയോ ഗെയിം കാണിക്കാനെന്ന പേരില്‍ അച്ഛനെയും അമ്മയെയും സഹോദരിയെയും വീടിന്റെ മുകളിലത്തെ നിലയിലുള്ള തന്റെ മുറിയിലേക്കു വിളിച്ചുവരുത്തി മഴുവിന് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. വല്യമ്മ ലളിതയെയും തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്.
കേഡല്‍ ജീനിന് സാത്താന്‍ സേവയുമായി ബന്ധമുണ്ടെന്ന വിവരങ്ങള്‍ നേരത്തേ തന്നെ അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു. രക്ഷപ്പെടുമ്പോള്‍ ഇയാള്‍ മുറിയില്‍ ഉപേക്ഷിച്ചുപോയ മൊബൈലില്‍നിന്നും സാത്താന്‍ സേവയുമായി ബന്ധപ്പെട്ട ഫയലുകള്‍ അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു. അതേസമയം അന്വേഷണത്തെ വഴിതെറ്റിക്കാനുള്ള ഭാഗമായിട്ടാണോ സാത്താന്‍ സേവയുടെ കഥ പറയുന്നതെന്ന സാധ്യതയും പൊലീസ് അന്വേഷിക്കുന്നുണ്ട്. ശനിയാഴ്ച രാത്രിയാണ് കേരളത്തെ ഞെട്ടിച്ച കൊലപാതങ്ങള്‍ പുറംലോകം അറിയുന്നത്.
ബുധനാഴ്ചയാണ് കൊല നടന്നത്. സ്വന്തമായി വികസിപ്പിച്ചെടുത്ത വീഡിയോ ഗെയിം കേഡല്‍ ഒരാഴ്ചയ്ക്കുള്ളില്‍ പുറത്തിറക്കാനിരിക്കുകയായിരുന്നുവെന്ന് അച്ഛന്‍ രാജ് തങ്കം സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. അതിനിടെയാണ് നാടിനെ ഞെട്ടിക്കുന്ന കൊലപാതകമുണ്ടാകുന്നത്. രാജ് തങ്കത്തേയും കുടുബത്തേയും ഉന്മൂലനം ചെയ്തത് പുറത്തു നിന്നുള്ള ആരും ആകാന്‍ സാധ്യതയില്ലെന്നു പൊലീസ് അനുമാനിച്ചിരുന്നു. സാഹചര്യ-ശാസ്ത്രീയ തെളിവുകള്‍ ഈ സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടിയത്.
കേഡലിന് സുഹൃത്തുക്കളൊന്നും കാര്യമായില്ല. ഇയാള്‍ മൊബൈലും കൊണ്ടു പോയില്ല. ബന്ധുക്കളെ ആരേയും ബന്ധപ്പെട്ടുമില്ല. അതിനാല്‍ തന്നെ പ്രതിയെ പിടികൂടല്‍ അന്വേഷണ സംഘത്തിനു വെല്ലുവിളി ആയിരുന്നു. ഇതിനിടെയാണ് കേഡല്‍ അപ്രതീക്ഷിതമായി നാട്ടിലേക്കു മടങ്ങാന്‍ തീരുമാനിച്ചത്. റെയില്‍വേ പൊലീസില്‍നിന്നു സഹായം ലഭിച്ച പൊലീസ് കേഡലിനെ നാഗര്‍കോയില്‍ മുതല്‍ പിന്തുടര്‍ന്നിരുന്നു. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ കേഡല്‍ ഫ്രഷ് റൂമില്‍ കയറി ഷേവ് ചെയ്തു. ഇതിനു പിന്നാലെയാണ് കസ്റ്റഡിയില്‍ എടുക്കുന്നത്.
https://www.facebook.com/Malayalivartha


























