നന്തന്‍കോട് കൂട്ടക്കൊല കേസില്‍ പ്രതിയായ കേഡലിനു സ്‌കിസോഫ്രിനിയ എന്ന മാനസികരോഗം

നന്തന്‍കോട് കൂട്ടക്കൊല കേസില്‍ പ്രതിയായ കേഡല്‍ ജീന്‍സണ്‍ രാജയ്ക്കു നേരത്തെ തന്നെ സ്‌കിസോഫ്രിനിയ എന്ന കടുത്ത മാനസികരോഗം പ്രകടമായിരുന്നിരിക്കാമെന്ന് മാനസികാരോഗ്യ വിദഗ്ധരുടെ നിഗമനം. മാനസിക രോഗം പുറത്തറിഞ്ഞാല്‍ അതു തങ്ങളുടെ സോഷ്യല്‍ സ്റ്റാറ്റസിനെ ബാധിക്കുമെന്നു കരുതി രക്ഷിതാക്കള്‍ രോഗവിവരം മറച്ചു വച്ചതായിരിക്കാമെന്നും ഡോക്ടര്‍മാര്‍ വിലയിരുത്തുന്നു. അതേസമയം കേഡലിന്റെ ചാത്തന്‍സേവാ ചിന്തകള്‍ക്കും പ്രവൃത്തികള്‍ക്കും മാതാപിതാക്കളുടെ പൂര്‍ണ്ണ പിന്തുണ ഉണ്ടായിരുന്നുവെന്നാണ് കേഡല്‍ നല്‍കിയ മൊഴി ചൂണ്ടിക്കാട്ടുന്നത്.
നന്തന്‍കോട് ക്ലിഫ് ഹൗസിനുസമീപം ബെയിന്‍സ് കോമ്പൗണ്ടില്‍ 117 ാം നമ്പര്‍ വീട്ടില്‍ നിഗൂഢതകള്‍ ഉണ്ടായിരുന്നുവെങ്കിലും വീട്ടുകാരായ ഡോ.ജീന്‍ പത്മയും റിട്ടേയ്ഡ് പ്രോഫസര്‍ ഡോ.എ.രാജതങ്കവും തങ്ങളുടെ മക്കള്‍ക്ക് സ്നേഹം വാരിക്കോരിയാണ് നല്‍കിയിരുന്നത്. മക്കളായ ഡോ.കരോളിനും കേഡല്‍ ജീന്‍സണും ഇത് ആവോളം അനുഭവിക്കുകയും ചെയ്തുവെന്നത് ബന്ധുക്കള്‍ തന്നെ പറയുന്നുണ്ട്. പപ്പയും മമ്മിയും മക്കളുടെ ഇഷ്ടത്തിന് എതിര് നിന്നിട്ടില്ല. കാരോളിനെ അവര്‍ ലക്ഷ്യത്തിലെത്തിച്ചു. പക്ഷേ കേഡല്‍ ജീന്‍സണിന്റെ കാര്യത്തില്‍ അതു നടന്നില്ല.
ജീന്‍സണെ ഡോക്ടറാക്കാന്‍ ജീന്‍ പത്മ കിണഞ്ഞു പരിശ്രമിച്ചു. എന്നാല്‍ ഒരു വര്‍ഷം മെഡിക്കല്‍ പഠനം നടത്തി പിന്നീട് അതിനു ഗുഡ്ബൈ പറഞ്ഞ ജീന്‍സണ്‍ അപ്പോഴെ വേറിട്ട ചിന്തകള്‍ക്കും തുടക്കമിട്ടിരുന്നു. പള്ളിയില്‍ കൃത്യമായി പോയിരുന്ന കേഡല്‍ ബൈബിളിലെ നല്ല കാര്യങ്ങള്‍ക്കു ചെവികൊടുക്കാതെ തന്റെ മനസ്സ് സാത്താനായി മാറ്റി വച്ചു. സമൂഹത്തില്‍ നിലയും വിലയുമുള്ള ജീന്‍ പത്മയും രാജതങ്കവും മകന്റെ ഏകാന്തതയും ഒതുങ്ങിക്കൂടിയുള്ള ജീവിതരീതിയും മുറിക്കുള്ളില്‍ കമ്പ്യൂട്ടറിനു മുന്നിലെ മണിക്കൂറുകളോളമുള്ള പ്രവര്‍ത്തനവും പ്രോത്സാഹിപ്പിക്കുകയായിരുന്നു.
ഇതാണ് ഇത്തരത്തില്‍ ഒരു ദാരുണസംഭവത്തിന്റെ സൃഷ്ടാവായി കേഡല്‍ മാറാന്‍ കാരണം. കേഡലിന്റെ ചാത്തന്‍സേവയും ആസ്ട്രല്‍ പ്രൊജക്ഷനും അടക്കമുള്ള വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് മൊഴിയെടുക്കലില്‍ പങ്കാളിയായ മനഃശാസ്ത്ര വിദഗ്ധന്‍ കേഡലിന്റെ പ്രശ്നം മനോരോഗമാണെന്ന നിഗമനത്തില്‍ എത്തിയത്. സ്‌കിസോഫ്രീനിയ എന്ന കടുത്ത മാനസിക രോഗത്തിന് നേരത്തെ തന്നെ കേഡല്‍ ഉടമയായിരുന്നു. മകന്റെ മനോവൈകല്യം കാര്‍ഡിയോളിസ്റ്റ് കൂടിയായ ജീന്‍ പത്മ മറച്ചുവച്ചു. റിസര്‍ച്ച് ഗൈഡായ അച്ഛനും ഇതിന് കൂട്ടുനിന്നു.
ബന്ധുക്കളോ നാട്ടുകാരോ കേഡലിന് മാനസികരോഗമാണെന്നു അറിഞ്ഞാല്‍ അതു തങ്ങളുടെ സ്റ്റാറ്റസിന് കോട്ടം വരുത്തുമെന്നും ഇവര്‍ കരുതിയിരുന്നു. ഒരുപക്ഷേ രോഗം ശ്രദ്ധയില്‍ പെട്ടപ്പോഴെ കേഡലിനെ ചികിത്സിച്ചിരുന്നുവെങ്കില്‍ രോഗം ഭേദമാകുമായിരുന്നുവെന്നും മെഡിക്കല്‍ കോളജിലെ മാനസികാരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം തന്നിലെ ചിത്തരോഗിയാണ് ഈ അരുംകൊലയ്ക്കു പിന്നിലെന്നു പറഞ്ഞ് നിയമത്തിന്റെ മുന്നില്‍ നിന്ന് കേഡല്‍ രക്ഷപ്പെടുമോ എന്ന ആശങ്ക ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും ഉണ്ട്.
https://www.facebook.com/Malayalivartha


























