ഗൂഢാലോചനയുണ്ടെന്ന മുഖ്യമന്ത്രിയുടെ വാദം മഹിജ തള്ളി; ശനിയാഴ്ച മുഖ്യമന്ത്രിയെ കാണുമോ എന്ന് ഉറപ്പിച്ചു പറയാതെ മഹിജ.

കോഴിക്കോട്: തിരുവനന്തപുരത്തെ സമരത്തിന് ശേഷം മഹിജയും കുടുംബവും നാട്ടില്‍ തിരിച്ചെത്തി. ജിഷ്ണുവില്ലാത്ത വളയത്തെ വീട്ടിലേക്ക് ഒരു ഐതിഹാസിക സമരവിജയത്തിന് ശേഷം ബുധനാഴ്ച മഹിജയെത്തിയത്. കേരളത്തിന്റെ സമര ചരിത്രത്തില്‍ ഓര്‍മിക്കപ്പെടാവുന്ന ഏടുകള്‍ സമ്മാനിച്ച മഹിജ, അങ്ങനെയിന്ന് കേരളത്തിലെ മുഴുവന്‍ അമ്മമാരുടെയും പ്രതീകവുമായി മാറി. സംഘര്‍ഷത്തില്‍ ഗൂഢാലോചനയുണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദവും ഇതോടൊപ്പം മഹിജ തള്ളി.
തിരുവനന്തപുരത്ത് നിന്നും ബുധനാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് അമൃത്സര്‍ എക്‌സ്പ്രസില്‍ മഹിജ കോഴിക്കോടെത്തിയത്. വരവ് മൂന്‍കൂട്ടിയറിഞ്ഞതിനാല്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ള നിരവധി പേരും ഒരു നോക്ക് കാണാന്‍ സ്‌റ്റേഷനില്‍ കാത്തിരിപ്പുണ്ടായിരുന്നു.
മകന് നീതി കിട്ടി എന്ന് സര്‍ക്കാര്‍ നല്‍കിയ വാക്കിന്റെ ബലത്തില്‍ ഈ അമ്മയും കുടുംബവും ഉറച്ച് വിശ്വസിക്കുന്നുണ്ടെങ്കിലും കേസുമായി ബന്ധപ്പെട്ടുള്ള കോടതിയുടെ നിരീക്ഷണവും ഇടപെടലും കേസില്‍ ഇനിയെന്ത് എന്ന സംശയം തന്നെയാണ് ബാക്കിയാക്കുന്നത്. എങ്കിലും തനിക്കും തനിക്കൊപ്പം വീട്ടില്‍ അഞ്ച് ദിവസത്തോളം നിരാഹാരമിരുന്ന പത്താംക്ലാസുകാരി അവിഷണയ്ക്കും സര്‍ക്കാര്‍ നല്‍കിയ വാക്ക് പാലിക്കുമെന്ന് തന്നെയാണ് മഹിജ വിശ്വസിക്കുന്നത്.
മഹിജയ്ക്കും സഹോദരന്‍ ശ്രീജിത്തിനും മുന്നില്‍ സര്‍ക്കാര്‍ വെച്ച കരാറിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചതെങ്കിലും സമരശേഷമുള്ള മുഖ്യമന്ത്രിയുടേത് അടക്കമുള്ള പ്രസ്താവന ഏറെ ശ്രദ്ധേയമായിരുന്നു.
ശ്രീജിത്തിനൊപ്പമേ മുഖ്യമന്ത്രിയെ കാണൂ എന്ന ഉറച്ച നിലപാടിലാണ് മഹിജ. സഹോദരൻ ശ്രീജിത്തിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയ മുഖ്യമന്ത്രിയുടെ നിലപാട് മഹിജ തള്ളി. ശനിയാഴ്ച മുഖ്യമന്ത്രിയെ കാണില്ലെന്ന സൂചനയാണ് മഹിജ നല്‍കുന്നത്.
https://www.facebook.com/Malayalivartha


























