ആളൂരിന് അടിതെറ്റി ; ബണ്ടിചോര്‍ കുറ്റക്കാരന്‍

തലസ്ഥാനത്തെ അത്യാധുനിക സൗകര്യങ്ങളുള്ള വീട്ടില്‍ കവര്‍ച്ച നടത്തിയ കേസില്‍ ഹൈടെക് മോഷ്ടാവ് ബണ്ടിചോര്‍ എന്ന ദേവീന്ദര്‍ സിങ് (44) കുറ്റക്കാരനെന്ന് കോടതി. ഭവനഭേദനം, മോഷണം, തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചെയ്തതായി തെളിഞ്ഞതായും തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി വ്യക്തമാക്കി. ഈ മാസം 22ന് ശിക്ഷ വിധിക്കും. സ്ഥിരം കുറ്റവാളിയായതിനാല്‍ പരമാവധി ശിക്ഷ വിധിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. സൗമ്യകേസില്‍ ഗോവിന്ദച്ചാമിയെ കൊലക്കയറില്‍ നിന്ന് രക്ഷിച്ച് കേരള മനസാക്ഷിയെ ഞെട്ടിച്ച അഡ്വ.ബി.എ ആളൂര്‍ ആയിരുന്നു ബണ്ടിചോറിനായി കോടതിയില്‍ ഹാജരായത്.
എന്നാല്‍ ആളൂരിന് ഈ കേസില്‍ അടിതെറ്റി. വിദേശ മലയാളിയായ വേണുഗോപാലന്‍ നായരുടെ പട്ടം മരപ്പാലം മുട്ടട റോഡിലെ വീട്ടില്‍ നടത്തിയ കവര്‍ച്ചയെ തുടര്‍ന്നാണ് ബണ്ടിചോര്‍ പൊലീസ് പിടിയിലായത്. 2013 ജനുവരി 21നായിരുന്നു സംഭവം. തലസ്ഥാനത്തെ കവര്‍ച്ചക്ക് ശേഷം മുംബൈയില്‍ നിന്ന് പൊലീസ് പിടിയിലായ ബണ്ടിച്ചോര്‍ കഴിഞ്ഞ നാലുവര്‍ഷമായി വിചാരണ തടവിലാണ്. നിരവധി തവണ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ഇടക്ക് മാനസിക വിഭ്രാന്തി കാട്ടിയതിനെ തുടര്‍ന്ന് മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ നല്‍കിയെങ്കിലും മാനസിക രോഗമില്ലെന്ന് കണ്ടെത്തി ഇയാളെ തിരികെ ജയിലിലേക്ക് അയച്ചു.
വേണുഗോപാലന്‍ നായരുടെ വീട്ടില്‍ നിന്നും 30 ലക്ഷം രൂപവിലയുള്ള മിത്സുബിഷി ഔട്ട് ലാന്‍ഡര്‍ കാറും സ്വര്‍ണവുമായി കടന്ന ഇയാളെ പിന്നീട് പൊലീസ് പിടികൂടുകയായിരുന്നു. റിമോട്ട് കണ്‍ട്രോള്‍ ഗേറ്റും ബുള്ളറ്റ് പ്രൂഫ് ഗ്ലാസും നിരീക്ഷണ ക്യാമറകളും ഉള്‍പ്പെടെ ഹൈടെക് സുരക്ഷാ സംവിധാനമുള്ള വീട്ടിലാണ് ബണ്ടിചോര്‍ കവര്‍ച്ച നടത്തിയത്. വീട്ടിലെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ ചിത്രമാണ് ബണ്ടിചോറിനെ തിരിച്ചറിയാന്‍ സഹായകമായത്. കവര്‍ച്ചക്കായി മതിലിനോട് ചേര്‍ന്നുള്ള ഗേറ്റ് വഴി അകത്തുകടക്കാനായിരുന്നു ആദ്യശ്രമം. ക്യാമറ കണ്ടതോടെ വശത്തുള്ള മതില്‍ച്ചാടി കടന്ന് വീട്ടുവളപ്പിലത്തി.
മുന്‍വശത്തെ ജനല്‍പ്പാളി തകര്‍ക്കാന്‍ നോക്കിയെങ്കിലും നടന്നില്ല. തുടര്‍ന്ന് വശത്തുള്ള ജനാലയുടെ ബുള്ളറ്റ് പ്രൂഫ് ചില്ല് ഇളക്കിമാറ്റിയാണ് അകത്തേക്ക് കയറിയത്. കാറിന്റെയും ഗേറ്റിന്റെയും റിമോട്ട് കണ്‍ട്രോള്‍ ഹാളില്‍ നിന്ന് കൈക്കലാക്കിയ മോഷ്ടാവ് അടുത്ത മുറിയില്‍ പ്രായമായ സ്ത്രീ ഉണര്‍ന്നിരിക്കുന്നത് കണ്ട് പുറത്തിറങ്ങി കാറുമെടുത്ത് മരപ്പാലത്തേക്ക് പോയി. ഉണര്‍ന്നിരുന്ന സ്ത്രീ തന്നെ കണ്ടിട്ടുണ്ടാവുമെന്നും പൊലീസിനെ അറിയിക്കുമെന്നും കരുതിയാണ് രക്ഷപ്പെട്ടതെങ്കിലും അരമണിക്കുര്‍ കഴിഞ്ഞപ്പോള്‍ ബണ്ടിച്ചോര്‍ വീണ്ടും തിരിച്ചെത്തി. നിരീക്ഷണ ക്യാമറയുടെ ഹാര്‍ഡ് ഡിസ്‌ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും അതിന്റെ കണ്‍ട്രോള്‍ റൂം കണ്ടെത്താനായില്ല. പിന്നീട് അവിടെയുണ്ടായിരുന്ന ബാഗും രണ്ട് മൊബൈല്‍ ഫോണുമെടുത്ത് സ്ഥലംവിട്ടു.
രാജ്യാന്തര കുറ്റവാളിയായ ദേവീന്ദര്‍ പിടികിട്ടാപ്പുള്ളിയും അഞ്ഞൂറോളം കവര്‍ച്ചാക്കേസുകളിലെ പ്രതിയുമാണ്. ഡല്‍ഹി, മുംബൈ, ചെന്നൈ, ബംഗളൂരു ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ നിരവധി മോഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ആഢംബരവസ്തുക്കളാണ് ബണ്ടിചോര്‍ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. ഡല്‍ഹി, ചെന്നൈ, ഛണ്ഡിഗഢ് എന്നിവിടങ്ങളിലെ പൊലീസ് ബണ്ടിചോറിനെ പലപ്രാവശ്യം അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും അവിടെ നിന്നെല്ലാം തന്ത്രപൂര്‍വം രക്ഷപ്പെടുകയായിരുന്നു. പിടികിട്ടാപ്പുള്ളിയായി ഡല്‍ഹി പൊലീസ് ലൂക്ക് ഔട്ട് നോട്ടീസ് പ്രസിദ്ധപ്പെടുത്തിയിരിക്കെയാണ് കേരളത്തിലെ കവര്‍ച്ചക്കേസില്‍ ബണ്ടിച്ചോര്‍ പിടിയിലായത്.
https://www.facebook.com/Malayalivartha


























