തൃശൂര്‍ പൂരം: ഉപാധികളോടെ വെടിക്കെട്ടിന് അനുമതി

പൊട്ടാസ്യം ക്ലോറേറ്റ് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പടക്കങ്ങള്‍ ഒഴിവാക്കിക്കൊണ്ട് തൃശൂര്‍ പൂരം പതിവ് വെടിക്കെട്ടോടെ നടത്താന്‍ ഇന്നലെ മന്ത്രിമാരായ വി.എസ്. സുനില്‍കുമാറിന്റെയും എ.സി. മൊയ്തീനിന്റെയും സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. പൂരത്തോടനുബന്ധിച്ച് അതിനൂതന സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കും.
തൃശൂര്‍ പൂരം നടത്തുന്ന കമ്മിറ്റികള്‍ക്ക് രണ്ടായിരം കിലോഗ്രാം വരെ സ്‌ഫോടക വസ്തുക്കള്‍ സംഭരിക്കാനുള്ള അനുമതി നല്‍കും. പൊട്ടാസ്യം ക്‌ളോറേറ്റ് ഉപയോഗിച്ച് നിര്‍മിക്കുന്ന പടക്കങ്ങള്‍ക്ക് പകരം വീര്യം കുറഞ്ഞ പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന പടക്കങ്ങളാണ് പൂരത്തിന് ഉപയോഗിക്കുക. സര്‍ക്കാരിന്റെ അനുമതി വാങ്ങി ഗുണ്ട്, അമിട്ട്, കുഴിമിന്നല്‍ എന്നിവ ഉപയോഗിക്കാം. ഹൈ വോളിയം ലോംഗ് റേഞ്ച് മോണിറ്റര്‍ ഉപയോഗിച്ച് തീയണക്കുന്ന സംവിധാനം ഏര്‍പ്പെടുത്തും.
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പ്രത്യേകം ബാരിക്കേഡ് സ്ഥാപിക്കും. വെടിക്കെട്ടു പുരകള്‍ക്ക് സമീപം തീ അണയ്ക്കുന്നതിനുള്ള ഓട്ടോമാറ്റിക് സംവിധാനം മന്ത്രി വി.എസ് സുനില്‍കുമാറിന്റെ എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കും. സ്‌ഫോടക വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് ലൂമിനസ് ജാക്കറ്റ് നല്‍കും. അതിവേഗം തീ നിയന്ത്രണ വിധേയമാക്കുന്നതിന് ക്വിക്ക് മാച്ച് ഫ്യൂസ് സിസ്റ്റം സ്ഥാപിക്കാനും യോഗം തീരുമാനിച്ചു.
യോഗത്തില്‍ മന്ത്രിമാര്‍ക്ക് പുറമേ ചീഫ് സെക്രട്ടറി നളിനിനെറ്റോ, കണ്‍ട്രോളര്‍ ഓഫ് എക്‌സ്‌പ്ലോ സീവ്‌സ് വേണുഗോപാല്‍,തൃശ്ശൂര്‍ ജില്ലാകളക്ടര്‍,പോലീസ് സൂപ്രണ്ട്, റവന്യൂ ഉദ്യോഗസ്ഥര്‍, സ്‌ഫോടകവസ്തു വിദഗ്ധര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha


























