മൂന്നാര്‍ കയ്യേറ്റത്തില്‍ സിപിഐക്കും മാധ്യമങ്ങള്‍ക്കും മന്ത്രി മണിയുടെ താക്കീത്

മൂന്നാര്‍ കയ്യേറ്റവിഷയത്തില്‍ സിപിഐക്കും മാധ്യമങ്ങള്‍ക്കും താക്കീതുമായി മന്ത്രി എം.എം. മണി. ജനങ്ങളെ ബുദ്ധിമുട്ടിച്ച് കയ്യേറ്റം ഒഴിപ്പിക്കാമെന്ന് ഉദ്യോഗസ്ഥര്‍ കരുതേണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കയ്യേറ്റം ഒഴിപ്പിക്കാന്‍ ചെല്ലുന്നവരെ ജനങ്ങള്‍ കൈകാര്യം ചെയ്താല്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. വണ്ണപ്പുറത്ത് സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഇടതുമുന്നണി ഒരു വകുപ്പും ആര്‍ക്കും തീറെഴുതി കൊടുത്തിട്ടില്ലെന്ന് സിപിഐയെ പേരെടുത്ത് പരാമര്‍ശിക്കാതെ മന്ത്രി ചൂണ്ടിക്കാട്ടി. പ്രത്യേക അജന്‍ഡയോടെയാണ് മൂന്നാര്‍ വിഷയത്തില്‍ മാധ്യമങ്ങളുടെ ഇടപെടലെന്നും മണി ആരോപിച്ചു. ബുധനാഴ്ച ദേവികുളത്ത് കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ റവന്യു വകുപ്പ് സംഘത്തെ സിപിഎം പ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞിരുന്നു. സബ്കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരാണ് കയ്യേറ്റം ഒഴിപ്പിക്കാന്‍ എത്തിയത്.
കയ്യേറ്റം ഒഴിപ്പിച്ചിട്ടേ മടങ്ങൂവെന്ന് സബ് കലക്ടര്‍ കര്‍ശന നിലപാട് എടുത്തതോടെയാണ് സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധവും അസഭ്യവര്‍ഷവും നടത്തിയത്. തുടര്‍ന്ന് മുഖ്യമന്ത്രിയുമായി ടെലിഫോണില്‍ സംഭാഷണം നടത്തിയ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, ഉദ്യോഗസ്ഥര്‍ക്ക് പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha


























