അല്ലു ചില്ലറക്കാരിയല്ല; ഭിത്തിയില്‍ നടന്നുകയറും

മരംകേറി പെണ്‍കുട്ടികളെ പറ്റി നാം ധാരാളം കേട്ടിട്ടുണ്ട്. ചിലപ്പോള്‍ കണ്ടിട്ടുമുണ്ടാകും. എന്നാല്‍ ചുവര് കേറി പെണ്‍കുട്ടിയെ പറ്റി കേട്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ തിരുവനന്തപുരം നെട്ടയം പാലക്കുഴിയിലെ എയ്ഞ്ചല്‍ നിവാസിലെത്തിയാല്‍ മതി. ജോസ്-സന്ധ്യ ദമ്പതികളുടെ മകള്‍ എട്ട് വയസ്സുകാരി അല്ലു എന്ന അലീനയാണ് ചുവരായ ചുവരൊക്കെ കേറി തീര്‍ക്കുന്നത്. ചുവര കേറ്റമെന്ന് പറഞ്ഞാല്‍ അള്ളിപ്പിടിച്ചുള്ള വലിഞ്ഞുകേറ്റമൊന്നുമല്ല. ശരം വിട്ടപോലെ അലീന ചുവര് കേറും. മൂന്നര വയസുള്ളപ്പോഴാണ് മാതാപിതാക്കളെ പോലും ഞെട്ടിച്ചുകൊണ്ട് അല്ലു ചുവര് കയറ്റം തുടങ്ങിയത്. ഒരിക്കല്‍ പുറത്ത് പോയി തിരിച്ചെത്തിയപ്പോഴാണ് വീട് തുറക്കാന്‍ താക്കോല്‍ കയ്യിലില്ലെന്ന് അല്ലുവും അമ്മ സന്ധ്യയും മനസ്സിലാക്കുന്നത്.
അടഞ്ഞ വാതിലിന്ന് മുന്നില്‍ നോക്കി നില്‍ക്കാന്‍ അല്ലു തയ്യാറായില്ല. തുടര്‍ന്ന് ഈ മൂന്നര വയസുകാരി പത്തടിഉയരമുള്ള ചുവരിലൂടെ അനായാസം കയറി ഓട് പൊളിച്ച് താഴെയിറങ്ങി അമ്മയ്ക്ക് അകത്തേക്കുള്ള വാതില്‍ തുറന്നു. മകളുടെ കഴിവില്‍ അഭിമാനം തോന്നിയ മാതാപിതാക്കള്‍ അവള്‍ക്ക് സകല പിന്തുണയുമേകി. സമപ്രായക്കാരായ കുട്ടികള്‍ ടിവിയുടെ മുന്നില്‍ ചടഞ്ഞുകൂടി ഇരുന്നപ്പോള്‍ അല്ലു ഭിത്തി കീഴടക്കുന്നതിന്റെ തിരക്കിലായിരുന്നു.
കട്ടിളപ്പടിയുടെ രണ്ട് വശങ്ങളിലും കാലും കയ്യും ഉറപ്പിച്ച് മുകളിലേക്കു കയറുന്ന അല്ലു മുകളിലെത്തിയാല്‍ പിന്നെ കൈ മാത്രം പിടിച്ചു കാല്‍ തൂക്കിയിട്ട് അഭ്യാസപ്രകടനങ്ങള്‍ ആരംഭിക്കും. ഉയരമെത്ര ആയാലും അല്ലുവിന് ചുവര് കയറ്റം വെറും കുട്ടിക്കളിയാണ്. പതിനഞ്ചടി വരെയുള്ള ചുവരുകള്‍ അല്ലു ഇത്വരെ കയറിയിട്ടുണ്ട്. ചുവരുകയറ്റം മാത്രമാണ് അല്ലുവിന്റെ വിനോദമെന്ന് കരുതരുത്. എത്രവലിയ മരമായാലും യാതൊരു പേടിയുമില്ലാതെ ഈ കൊച്ചുമിടുക്കി കേറിയിരിക്കും. മരത്തിന്റെ തുഞ്ചത്തെത്തി കൊമ്പില്‍ കാലുകള്‍ ഉറപ്പിച്ച് കൈ വിട്ട് താഴേക്ക് ഞാന്നുകിടന്ന് താഴെ മൂക്കത്ത് വിരല്‍ നോക്കി നില്‍ക്കുന്ന അനിയനെ നോക്കി ആപ്പിള്‍ തിന്നും. തലകുത്തി നിന്ന് അഭ്യാസങ്ങള്‍ കാണിക്കും.
ജനല്‍ കമ്പികള്‍ക്കിടയിലൂടെ ഞെരുങ്ങിയിറങ്ങി അപ്പുറത്തെത്തും. അങ്ങനെ പോകുന്നു അല്ലുവിന്റെ അഭ്യാസമുറകള്‍. മകള്‍ നിസ്സാരക്കാരിയല്ലെന്ന് മനസ്സിലാക്കിയ മാതാപിതാക്കള്‍ കഴിഞ്ഞ നാല് വര്‍ഷമായി അല്ലുവിനെ ഡി.ജെ. സ്പോര്‍ട്സ് ക്ലബ്ബില്‍ ജിംനാസ്റ്റിക് അഭ്യസിപ്പിക്കുന്നുണ്ട്. ബാക്ക് വാക്ക് ഓവര്‍, ഫ്രന്റ് വാക്ക് ഓവര്‍, ഫ്ലോര്‍, ആംസ്ടന്റ് വാക്ക് എന്നിവ പഠിപ്പിക്കുന്ന ജയകുമാറിനെയും ജോസിനെയും അമ്പരപ്പിച്ചുകൊണ്ട് അല്ലു ചെയ്യും.
അസാധാരണ പ്രകടനത്തിനുള്ള അംഗീകാരമായി ആദ്യ മെഡല്‍ മൂന്നര വയസ്സില്‍ അല്ലു സ്വന്തമാക്കി. തുടര്‍ന്ന് മുപ്പത്തി അഞ്ചാം കേരള സംസ്ഥാന ജിംനാസ്റ്റിക് ചാമ്പ്യന്‍ഷിപ്പില്‍ കഴിഞ്ഞ വര്‍ഷം പങ്കെടുക്കുകയും ചെയ്തു.
രാവിലെ ആറു മുതല്‍ ഒന്‍പത് വരെയുള്ള ജിംനാസ്റ്റിക് പരിശീലനത്തിന് സേഷം അല്ലു നേരെ പോകുന്നത് മൂന്നാംമൂടുള്ള ഡി പോള്‍ ഇംഗ്ലീഷ് മീഡിയം വിദ്യാലയത്തിലേക്കാണ്. അവിടെ സിസ്റ്റര്‍ ഷീജ അല്ലുവിന്റെ എല്ലാ ഇമ്മിണി വല്യ കുസൃതിത്തരങ്ങള്‍ക്കും പിന്തുണയേകുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന അല്ലുവിന്റെ കുടുംബത്തിന്റെ വരുമാനമാര്‍ഗം പിതാവായ ജോസിന്റെ കൂലിപ്പണിയും മെഴുകുതിരി നിര്‍മ്മാണവുമാണ്. പഠിത്തവും അഭ്യാസങ്ങളും കഴിഞ്ഞാല്‍ അല്ലുവും മാതാപിതാക്കള്‍ക്കൊപ്പം ചേരും. പിന്നെ നിര്‍മ്മിക്കും ബഹുവര്‍ണ്ണങ്ങളിലുള്ള മെഴുകുതിരികള്‍.
https://www.facebook.com/Malayalivartha


























