വിജിലന്‍സ് ആസ്ഥാനം അടച്ചു പൂട്ടുന്നു;ലോകനാഥ് ബഹ്‌റ മേധാവിയായതോടെ വിജിലന്‍സിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചു

വിജിലന്‍സ് ആസ്ഥാനം അടച്ചു പൂട്ടുന്നു. അഴിമതി അന്വേഷണങ്ങള്‍ നടന്നിട്ട് മാസങ്ങളായി. വിജിലന്‍സ് ആസ്ഥാനത്ത് ഹാജര്‍ നില പോലും അവതാളത്തിലായി. ക്രമസമാധാന ചുമതല നിര്‍വഹിക്കാന്‍ പോലും സമയമില്ലാത്ത താന്‍ എങ്ങനെയാണ് വിജിലന്‍സിനെ നയിക്കുന്നതെന്ന് ബഹ്‌റ ചോദിച്ചു തുടങ്ങി.
ജേക്കബ് തോമസ് അവധിയിലാണെന്നും അദ്ദേഹം മടങ്ങി വരുമെന്നുമാണ് ബഹ്‌റ പറയുന്നത്. ഡയറക്ടറുടെ താത്കാലിക ചുമതല വഹിക്കാന്‍ മാത്രമാണ് തനിക്ക് നിര്‍ദ്ദേശം ലഭിച്ചതെന്നും അദ്ദേഹം പറയുന്നു.
എന്നാല്‍ ജേക്കബ് തോമസ് ഇപ്പോള്‍ സെല്‍ ഫോണ്‍ പോലും അറ്റന്‍ഡ് ചെയ്യാറില്ല. വിജിലന്‍സിനെ കുറിച്ച് സംശയങ്ങള്‍ ഉണ്ടെങ്കില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മെസേജ് രൂപത്തില്‍ അദ്ദേഹം മറുപടി നല്‍കും. താന്‍ അവധിയിലാണെന്നും എന്തറിയണമെങ്കിലും ബഹ്‌റയെ വിളിക്കാനുമായിരിക്കും സന്ദേശം. വിജിലന്‍സിലേക്ക് താന്‍ ഒരിക്കലും മടങ്ങിയെത്തില്ലെന്നും അദ്ദേഹം അടുപ്പക്കാരോട് പറയുന്നുണ്ട്.
ചില മാധ്യമ പ്രവര്‍ത്തകര്‍ ഇക്കാര്യം മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേശികളെ അറിയിച്ചെങ്കിലും അവര്‍ക്ക് ഇക്കാര്യം സി.എമ്മിനോട് പറയാനുള്ള ധൈര്യമില്ല. ഫലത്തില്‍ സംസ്ഥാന വിജിലന്‍സ് അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്.
പുതിയ പരാതിയുമായി വരുന്നവരെ വിജിലന്‍സ് ആസ്ഥാനം തീരെ പ്രോത്സാഹിപ്പിക്കുന്നില്ല. ഡയറക്ടറും ജീവനക്കാരും ഇല്ലാത്തതിനാല്‍ മറ്റേതെങ്കിലും വഴി നോക്കണമെന്നാണ് ഉപദേശം. വിജിലന്‍സ് പരിശോധനകള്‍ നിലച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിജിലന്‍സ് യൂണിറ്റുകള്‍ കൈകാര്യം ചെയ്യുന്ന കേസുകള്‍ ആസ്ഥാനത്ത് കെട്ടിയിട്ടിരിക്കുന്നു.
വിജിലന്‍സ് ഉദ്യോഗസ്ഥര്‍ തീരെ ആത്മവിശ്വാസം കാണിക്കുന്നില്ല. സര്‍ക്കാരിനും പാര്‍ട്ടിക്കും താത്പര്യമുള്ള കേസുകള്‍ ഏതൊക്കെയാണെന്ന് അവര്‍ക്കറിയില്ല. അത്തരം കേസുകളില്‍ പിടിച്ച് പണി കളയേണ്ടതില്ലെന്നാണ് ഉദ്യോഗസ്ഥരുടെ പക്ഷം. ജേക്കബ് തോമസിന്റെ അനുഭവമാണ് അവര്‍ക്ക് മുന്നിലുള്ളത്. വന്‍കിട തോക്കുകള്‍ക്കെതിരെ അന്വേഷണം നടത്തിയാല്‍ പണി പോകുമെന്നും അവര്‍ പറയുന്നു.
https://www.facebook.com/Malayalivartha


























