ദാമ്പത്യ കലഹം: ഭാര്യയുടെയും മക്കളുടെയും ശരീരത്തിലേയ്ക്കും പട്രോള്‍ ഒഴിച്ച് യുവാവിന്റെ ക്രൂരത

ഭാര്യയുമായി പിണങ്ങിക്കഴിഞ്ഞിരുന്ന യുവാവ് ഭാര്യയുടെയും മക്കളുടെയും ശരീരത്തിലേയ്ക്കു പട്രോള്‍ ഒഴിച്ച ശേഷം സ്വയം തീ കൊളുത്തി മരിച്ചു. ഭാര്യയെയും മക്കളെയും കൊലപ്പെടുത്താനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് ഇയാള്‍ സ്വയം തീകൊളുത്തി മരിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ കോട്ടയം മണര്‍കാട്ട് ഇയാളുടെ ഭാര്യയും മക്കളും വാടകയ്ക്കു താമസിക്കുന്ന വീട്ടിലായിരുന്നു അതി ദാരുണമായ സംഭവങ്ങള്‍ അരങ്ങേറിയത്. വാകത്താനം തോട്ടപ്പുറം മാത്യു ബേബി(സണ്ണി- 45)യാണ് അതി ദാരുണമായി വെന്തു മരിച്ചത്. ബവ്റീജസ് കോര്‍പ്പറേഷനിലെ ഡ്രൈവറാണ് ഇയാള്‍.
ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവങ്ങള്‍. രണ്ടു വര്‍ഷത്തിലേറെയായി സണ്ണിയും ഭാര്യയും പിണങ്ങികഴിയുകായയിരുന്നു. ഇന്നലെ ഇരുവരും തമ്മിലുള്ള കേസ് കോടതി പരിഗണിച്ചിരുന്നു. ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം ഭാര്യ സണ്ണിയ്ക്കെതിരെ പരാതിയും നല്‍കിയിരുന്നു. ഇന്നലെ കേസ് പരിഗണിക്കുന്നതിനിടെ ഇരുവരും തമ്മില്‍ കോടതിയില്‍ വച്ചും തര്‍ക്കമുണ്ടായിരുന്നതായി പൊലീസ് പറയുന്നു.
ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെ ഭാര്യയും മക്കളും താമസിക്കുന്ന വാടക വീട്ടില്‍ എത്തിയ സണ്ണി, വീടിന്റെ മുന്‍ വാതില്‍ പൊളിച്ച് അകത്തു കയറി. വീട്ടുകാരെ വിളിച്ചുണര്‍ത്തിയ ശേഷം ഇവരുടെ ശരീരത്തിലേയ്ക്കു പട്രോള്‍ ഒഴിച്ചു. തുടര്‍ന്നു സ്വന്തം ശരീരത്തിലേയ്ക്കു ഇയാള്‍ പട്രോള്‍ ഒഴിച്ചു. പട്രോള്‍ ശരീരത്തിലേയ്ക്കു വീണതോടെ ഭാര്യയും മക്കളും രണ്ടാം നിലയിലേയ്ക്കു പ്രാണരക്ഷാര്‍ഥം ഓടി. ഇവര്‍ മുറിയ്ക്കുള്ളില്‍ കയറി കതക് അടച്ച ശേഷം പൊലീസിനു ഫോണ്‍ ചെയ്തു. ഇതിനിടെ സണ്ണി ശരീരത്തിലേയ്ക്കു തീ പടര്‍ത്തുകയായിരുന്നു. ആളിക്കത്തുന്ന ശരീരവുമായി വീടിനുള്ളിലൂടെ സണ്ണി ഓടി നടന്നതായി കുട്ടികള്‍ പൊലീസിനു മൊഴി നല്‍കി. പൊലീസ് എത്തിയപ്പോഴേയ്ക്കും സണ്ണി മരിച്ചിരുന്നു.
തുടര്‍ന്നു പൊലീസ് മൃതദേഹം ബന്തവസില്‍ സൂക്ഷിച്ചു. തുടര്‍ന്നു പാമ്പാടി സിഐ സാജു വര്‍ഗീസ്, മണര്‍കാട് എസ്ഐ അനൂപ് ജോസ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് പ്രാഥമിക പരിശോധനകള്‍ പൂര്‍ത്തിയാക്കി. തുടര്‍ന്നു മൃതദേഹം പോസറ്റ്മാര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്കു മാറ്റി.
https://www.facebook.com/Malayalivartha

























