പെമ്പിളൈ ഒരുമൈ സമരം അടിച്ചമര്‍ത്താനുള്ള നീക്കം അപമാനകരമെന്ന് ഉമ്മന്‍ ചാണ്ടി

മൂന്നാറില്‍ പെമ്പിളൈ ഒരുമൈയുടെ നിരാഹാര സമരം അടിച്ചമര്‍ത്താനുള്ള സിപിഎം നീക്കം ജനാധിപത്യ കേരളത്തിനു അപമാനകരമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വിഷയത്തില്‍ മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും നിലപാട് കേരളത്തിലെ സ്ത്രീതത്വത്തെ അപമാനിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാറില്‍ സമരം ചെയ്യുന്ന സ്ത്രീകളെ പൊലീസിനെ ഉപയോഗിച്ചും പാര്‍ട്ടികാരെ ഉപയോഗിച്ചും അടിച്ചമര്‍ത്താനുള്ള സര്‍ക്കാര്‍ ശ്രമം അപലപനീയമാണെന്ന് കെപിസിസി ഇടക്കാല പ്രസിഡന്റ് എം.എം. ഹസ്സനും അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയുടെ നിലപാട് ആക്രമം അഴിച്ചു വിടാന്‍ പാര്‍ട്ടി നേതാക്കള്‍ക്ക് പ്രേരണയായിട്ടുണ്ട്. വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് ഡിജിപിയെ നേരിട്ടുകണ്ടു പരാതി നല്‍കും. കെപിഎസ്ടിഎ സംസ്ഥാന ക്യാംപില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഇരുവരും.
സുപ്രീം കോടതി വിധി വന്ന് ദിവസങ്ങളായിട്ടും ടി.പി. സെന്‍കുമാറിനെ പൊലീസ് മേധാവിയായി നിയമിക്കാത്ത സര്‍ക്കാര്‍ നടപടി കോടതിയോടുള്ള അനാദരവാണ്. സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യത്തിനു നിയമ നടപടി സ്വീകരിക്കണമെന്നും ഹസ്സന്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha


























