പാലക്കാട് കണ്ണാടി അപകടത്തില്‍ ദുരൂഹത; ഏഴ് പ്രതികളെ തമിഴ്‌നാടിന് കൈമാറി

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള നീലഗിരിയിലെ കോടനാട് എസ്‌റ്റേറ്റില്‍ കാവല്‍ക്കാരനെ കൊലപ്പെടുത്തിയ കേസില്‍ നാടകീയ വഴിത്തിരിവ്. നേപ്പാള്‍ സ്വദേശി ഓം ബഹദൂറിനെ കൊലപ്പെടുത്തിയവരെന്ന് സംശയിക്കുന്ന രണ്ടുപേരുടെ വാഹനങ്ങള്‍ കേരളത്തിലും തമിഴ്‌നാട്ടിലുമായി ദുരൂഹ സാഹചര്യത്തില്‍ അപകടത്തില്‍പെട്ടു. കേസില്‍ പൊലീസ് തിരയുന്ന ഒന്നാംപ്രതി കനകരാജ് സേലത്ത് അപകടത്തില്‍ മരിച്ചു. രണ്ടാം പ്രതി കെ വി സായനും കുടുംബവും സഞ്ചരിച്ച കാര്‍ ദേശീയപാത പാലക്കാട് കണ്ണാടിയിലും അപകടത്തില്‍പ്പെട്ടു. ശനിയാഴ്ച രാവിലെ 5.50ന് ഉണ്ടായ അപകടത്തില്‍ സയന്റെ ഭാര്യ വിനുപ്രിയ (30), മകള്‍ നീതു (അഞ്ച്) എന്നിവരാണ് മരിച്ചത്. സയന്റെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇടിച്ച കാര്‍ കൊലപാതക ദിവസം എസ്‌റ്റേറ്റില്‍ പോകാന്‍ ഇവര്‍ ഉപയോഗിച്ചതാണെന്ന് പൊലീസ് പറഞ്ഞു.
24ന് പുലര്‍ച്ചെയാണ് ജയലളിതയുടെ വേനല്‍കാല വസതിയായ കോടനാട് എസ്‌റ്റേറ്റിലെ കാവല്‍ക്കാരന്‍ റാം ബഹാദൂര്‍ കൊല്ലപ്പെട്ടത്. ഇതിനുശേഷം അന്നുതന്നെ കൊലപാതക സംഘം, സഞ്ചരിച്ച കാര്‍ സഹിതം ഗൂഡല്ലൂര്‍ പൊലീസിന്റെ പിടിയിലായിരുന്നു. കനകരാജും ഷൈനുമടക്കമുള്ളവര്‍ കാറിലുണ്ടായിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കകം സംഘത്തെ പൊലീസ് വിട്ടയച്ചു. മലപ്പുറം അരീക്കോട് കുനിയില്‍ സ്വദേശിയുടെ വാടകക്ക് കൊടുത്ത ഇന്നോവ കാര്‍ മോഷണം പോയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. വാലില്ലാപ്പുഴ സ്വദേശിയായ ജിതിന്‍ ജോയി(19)യാണ് കാര്‍ വാടകക്കെടുത്തത്. അട്ടപ്പാടിയിലെ ഒരു പോളിടെക്‌നിക്കിലെ റാഗിങ് കേസുമായി ബന്ധപ്പെട്ട് പഠനം ഉപേക്ഷിച്ച ആളാണ് ജിതിന്‍. വാടകക്കെടുത്ത കാര്‍ മോഷ്ടിച്ചതിന് ജിതിനെ ചോദ്യം ചെയ്തപ്പോള്‍ കാര്‍ മറ്റൊരാളുടെ പക്കലിലാണെന്ന് അറിഞ്ഞു. ഇയാളെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് സംഭവത്തെക്കുറിച്ച് ചുരുളഴിയുന്നത്.
എന്നാല്‍, പാലക്കാട് ഉണ്ടായ അപകടത്തില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസ് നല്‍കുന്ന സൂചന. വിനുപ്രിയയും മകള്‍ നീതുവും അപകടത്തിനുമുന്‍പേ മരിച്ചെന്നാണ് സംശയിക്കുന്നത്. ഇരുവരുടെയും കഴുത്തില്‍ ഒരേ രീതിയില്‍ ആഴത്തിലുള്ള മുറിവ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം തുടങ്ങി. സയന്‍ പൊലീസ് കസ്റ്റഡിയിലാണ്. തമിഴ്‌നാട് പൊലീസ് ഇയാളെ കോയമ്പത്തൂരിലേക്ക് കൊണ്ടുപോയി.
https://www.facebook.com/Malayalivartha

























