മന്ത്രി മുന്നോട്ട് തന്നെ... സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഭൂമി കയ്യേറിയിരിക്കുന്നത് ഇടുക്കിയില്‍ നിന്ന്; സ്പിരിറ്റ് ഇന്‍ ജീസസ് പ്രാര്‍ഥനാ ഗ്രൂപ്പിനാണ് ഏറ്റവും കൂടുതല്‍ കയ്യേറ്റ ഭൂമിയുള്ളത്

നിലപാട് വ്യക്തമാക്കി റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ നിയമസഭയില്‍. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഭൂമി കയ്യേറിയിരിക്കുന്നത് ഇടുക്കിയിലാണെന്ന് ചന്ദ്രശേഖരന്‍ വെളിപ്പെടുത്തി. 110 ഹെക്ടര്‍ ഭൂമിയാണ് ഇടുക്കിയില്‍ കയ്യേറിയിരിക്കുന്നത്. സ്പിരിറ്റ് ഇന്‍ ജീസസ് പ്രാര്‍ഥനാ ഗ്രൂപ്പ് മേധാവി ടോം സക്കറിയയുടെ കൈവശമാണ് ഏറ്റവും കൂടുതല്‍ കയ്യേറ്റ ഭൂമിയുള്ളതെന്നും പി.സി. ജോര്‍ജ് എംഎല്‍എയുടെ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയില്‍ മന്ത്രി അറിയിച്ചു.
ചിന്നക്കനാല്‍ പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി കൂറ്റന്‍ കുരിശു സ്ഥാപിച്ച ടോം സക്കറിയയും കുടുംബവുമാണ് ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ ഭൂമി കയ്യേറ്റക്കാരെന്ന് വ്യക്തമാക്കുന്ന റവന്യു വകുപ്പിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ചിന്നക്കനാല്‍ വില്ലേജില്‍ 500 ഏക്കര്‍ ഭൂമിയാണു സൂര്യനെല്ലി വെള്ളൂക്കുന്നേല്‍ ടോം സക്കറിയയും കുടുംബവും കയ്യേറിയതെന്നും ഉടുമ്പന്‍ചോല തഹസില്‍ദാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് 2014 ജൂണ്‍ 26നാണ് ഉടുമ്പന്‍ചോല തഹസില്‍ദാര്‍, അന്നത്തെ ഇടുക്കി കലക്ടര്‍ക്കു കൈമാറിയത്.
ചിന്നക്കനാല്‍ വില്ലേജില്‍ ടോം സക്കറിയയും 14 കുടുംബാംഗങ്ങളുമാണു ഭൂമി കയ്യേറിയതെന്നും തഹസില്‍ദാരുടെ റിപ്പോര്‍ട്ടിലുണ്ട്. ടോം സക്കറിയയുടെ പിതാവ് സക്കറിയ ജോസഫ്, ടോമിന്റെ സഹോദരങ്ങളായ ബോബി സക്കറിയ, ജിമ്മി സക്കറിയ, ജിജി സക്കറിയ എന്നീ വിവിധ തണ്ടപ്പേരുകളിലാണു ഭൂമി കൈവശം വച്ചിരിക്കുന്നത്. ആദിവാസികള്‍ക്ക് അനുവദിച്ച ഭൂമിയില്‍ സൗരോര്‍ജ വേലി സ്ഥാപിച്ച് സ്ഥലം കയ്യേറിയതായി സംശയമുണ്ടെന്നും ജിജി സക്കറിയയുടെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ട് സ്ഥിതി ചെയ്യുന്ന ഭൂമി വ്യാജ പട്ടയത്തിലൂടെ കൈവശപ്പെടുത്തിയതാണെന്ന കണ്ടത്തല്‍ ലാന്‍ഡ് റവന്യു കമ്മിഷണര്‍ സ്ഥിരീകരിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
https://www.facebook.com/Malayalivartha























