സഭയെ തെറ്റിദ്ധരിപ്പിച്ചു; മുഖ്യമന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസ്

എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചതുമായി ബന്ധപ്പെട്ട സംഭവത്തില്‍ നിയമസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷം നിയമസഭയില്‍ അവകാശലംഘനത്തിനു നോട്ടിസ് നല്‍കി. പി.ടി. തോമസും ഹൈബി ഈഡനുമാണ് അവകാശലംഘന നോട്ടിസ് നല്‍കിയത്. എറണാകുളം മഹാരാജാസ് കോളജ് സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിലെ അടച്ചിട്ട മുറിയില്‍നിന്നും പിടിച്ചെടുത്തത് നിര്‍മാണ സാമഗ്രികള്‍ ആണെന്നായിരുന്നു പിണറായി നിയമസഭയില്‍ പറഞ്ഞത്.
എന്നാല്‍, പിടിച്ചെടുത്തത് ആയുധങ്ങളാണെന്ന് പൊലീസ് എഫ്.ഐ.ആറില്‍ പറഞ്ഞിരുന്നു. ഇത് സഭയെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നാണ് പ്രതിപക്ഷത്തിന്റെ വാദം. നിര്‍മാണ സാമഗ്രികളാണ് പിടിച്ചെടുത്തതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പൊലീസ് അന്വേഷണത്തെ സ്വാധീനിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്നും എം.എല്‍.എമാര്‍ നോട്ടീസില്‍ ആരോപിച്ചിട്ടുണ്ട്.
കറുത്ത ഫ്‌ളെക്‌സില്‍ പൊതിഞ്ഞ ഇരുമ്പ് പൈപ്പുകള്‍, സ്റ്റീല്‍ പൈപ്പ്,വാര്‍ക്കകമ്പികള്‍, വെട്ടുകത്തി,കുറുവടി,മുളവടി,പലകകഷ്ണങ്ങള്‍ എന്നിവ കണ്ടെത്തിയെന്നാണ് പൊലീസ് നേരത്തെ റിപ്പോര്‍ട്ട് നല്‍കിയത്. കോളേജിലെ ഒന്നാം നിലയില്‍ 13,14,15 മുറികളാണ് കുട്ടികള്‍ക്ക് അനുവദിച്ചിരുന്നത്. ഇതില്‍ 14 -ാം നമ്പര്‍ മുറിയില്‍ നിന്നുമാണ് ആയുധങ്ങള്‍ കണ്ടെടുത്തത്. പരീക്ഷയോടനുബന്ധിച്ച് കുട്ടികള്‍ നേരത്തേതന്നെ ഹോസ്റ്റലില്‍ നിന്നും ഒഴിഞ്ഞിരുന്നു. എന്നാല്‍ ഈ മുറിയുടെ താക്കോല്‍ കുട്ടികള്‍ തിരികെ ഏല്‍പ്പിച്ചിരുന്നില്ലന്ന് ഹോസ്റ്റലിന്റെ ചുമതലയുള്ള അദ്ധ്യാപകര്‍ പറഞ്ഞു.
ഇതിനെ തുടര്‍ന്ന് വാര്‍ഡന്‍ മറ്റൊരു താക്കോലുപയോഗിച്ച് മുറിപൂട്ടിയിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മുറിക്കകത്ത് മാരകായുധങ്ങള്‍ കണ്ടതെന്ന് പൊലീസ് പറഞ്ഞു. സെന്‍ട്രല്‍ എസ്.ഐ. യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഹോസ്റ്റലില്‍ എത്തി ആയുധങ്ങള്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























