ആ വിവാഹവേദിയില്‍ നിന്ന് ഇറങ്ങിപ്പോകാനുള്ള കാരണം വ്യക്തമാക്കി മുഖ്യമന്ത്രി...

ആഡംബര വിവാഹങ്ങള്‍ ഒഴിവാക്കുന്നതിനെക്കുറിച്ച് പറയാന്‍ എളുപ്പമാണ്. എന്നാല്‍ അത് നടപ്പിലാക്കാനാണ് ബുദ്ധിമുട്ട്. രാഷ്ട്രീയ നേതാക്കളുടെ വീടുകളിലുള്‍പ്പെടെ വിവാഹം ആര്‍ഭാടസഹിതം തന്നെയാണ് പലപ്പോളും നടക്കാറ്. ഇക്കാര്യമാണ് നിയമസഭയില്‍ ഇന്ന് ചൂടുള്ള ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്. ഒരു കല്യാണത്തിന് പോയപ്പോള്‍ ഇറങ്ങിവന്ന അനുഭവമാണ് മുഖ്യമന്ത്രിക്ക് പക്ഷെ പറയാനുണ്ടായിരുന്നത്.
വര്‍ധിച്ചു വരുന്ന ആഡംബര വിവാഹം സമൂഹത്തില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളിലേക്ക് നിയമസഭയില്‍ ശ്രദ്ധ ക്ഷണിച്ചത് മുല്ലക്കരയാണ്. ആഡംബര വിവാഹങ്ങളില്‍ നിന്ന് രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥപ്രമുഖരും വിട്ടുനില്‍ക്കണമെന്ന് മുല്ലക്കര ആവശ്യപ്പെട്ടപ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വന്തം അനുഭവം വിശദീകരിച്ചത്. ക്ഷണം സ്വീകരിച്ച് ഭാര്യ കമലക്കൊപ്പം തൃശൂരില്‍ ഒരു വിവാഹത്തിനെത്തിയപ്പോഴായിരുന്നു ദുരനുഭവം. ഓരോ വിവാഹസ്ഥലത്തും ചെന്നാല്‍ മാത്രമേ ആര്‍ഭാടവിവാഹമാണോ എന്ന് മനസിലാകൂ എന്നും അദ്ദേഹം വ്യക്തമാക്കി.
തൃശൂരിലെ സുഹൃത്തിന്റെ വീട്ടിലെ ഒരു വിവാഹത്തിന് കമലടീച്ചര്‍ക്കൊപ്പം എത്തിയ പിണറായിയെ ഇവന്റ് മാനേജ്മെന്റുകാരുടെ കൈയ്യടി പ്രയോഗം അക്ഷരാര്‍ഥത്തില്‍ ചൊടിപ്പിച്ചു. ഓരോ ബന്ധുക്കളെയും വിളിക്കാന്‍ കയ്യടിക്കണമെന്ന് പറഞ്ഞുകൊണ്ടിരുന്നു. അതൊന്നും അടിക്കാതെ പിണറായി സഹിച്ചു. പക്ഷെ ഒടുവില്‍ വരനെയും വധുവിനെയും വേദിയിലേക്ക് ആനയിക്കാനായപ്പോള്‍ പണിപാളി. സദസിനോട് മുഴുവന്‍ എഴുന്നേറ്റ് നിന്ന് കൈയ്യടിക്കാന്‍ ഇവന്റുകാര്‍ ആവശ്യപ്പെട്ടത്രേ. സദസ് ഒന്നടങ്കം എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചപ്പോള്‍ മറ്റ് മാര്‍ഗമില്ലാതെ ചുവന്ന് തുടുത്ത മുഖവുമായി പിണറായിയും എഴുന്നേറ്റു.
കയ്യടി കഴിഞ്ഞ് എല്ലാവരും ഇരുന്നു. തൊട്ടടുത്ത് ഇരിക്കാനൊരുങ്ങിയ ഭാര്യ കമലക്ക് പിണറായിയുടെ നിര്‍ദേശം. ഇപ്പോ ഇറങ്ങിക്കോണം കൂട്ടം കറികളും, തൂമ്പിലയിലെ സദ്യയും ഉപേക്ഷിച്ച് ഇരുവരും ഇറങ്ങിയത്രേ. ആഡംബരമാണോ, അഷ്ടിക്ക് വകയില്ലാത്തതാണോ എന്ന് വിവാഹത്തിനെത്തിയാലല്ലേ അറിയാനാവൂ എന്ന് മുല്ലക്കരക്ക് പിണറായിയുടെ മറുപടി.
പുന്നപ്രയില്‍ വരനെയും, വധുവിനെയും ജെസിബിയിലേറ്റി ഘോഷയാത്ര നടത്തിയതും ഗതാഗതം താറുമാറായപ്പോള്‍ വരനെ അറസ്റ്റ് ചെയ്ത സംഭവവും മുല്ലക്കര ചൂണ്ടിക്കാട്ടി. വിവാഹ നടത്തിപ്പ് സൂര്യ കൃഷ്ണമൂര്‍ത്തിയെ കണ്ട് പഠിക്കണമെന്ന് പറഞ്ഞത് മുലക്കരക്ക് ബൂമറാങ്ങായി. മുറ്റത്തെ മുല്ലയെ കാണാതെ കൃഷ്ണമൂര്‍ത്തിയെ കണ്ട മുലക്കരയോട് ബിനോയ് വിശ്വത്തെ അറിയുമോ എന്നായി മുഖ്യന്‍. തന്റെ കണ്‍സപ്റ്റിലെ ലളിത വിവാഹ മാതൃക നടത്തിയത് ബിനോയ് വിശ്വമാണ് പിണറായി പറഞ്ഞതോടെ ശ്രദ്ധ ക്ഷണിച്ചു പോയല്ലോ എന്ന അവസ്ഥയിലായി മുലക്കര.
അതിര് കടന്ന ആഡംബര വിവാഹങ്ങള്‍ക്ക് ചിലവിന്റെ 50% നികുതി ഏര്‍പ്പെടുത്തണമെന്നായി അടുത്ത ആവശ്യം. ബജറ്റിലെ മംഗല്യ നിധി പോലും ഭരണഘടനാ വിരുദ്ധമെന്ന് ഹൈക്കോടതി തിട്ടൂരം കല്‍പ്പിച്ചിട്ടുണ്ടെന്ന് പിണറായി ഓര്‍മ്മിപ്പിച്ചു. മേലില്‍ ഇത്തരം ഉണ്ടയില്ലാ വെടിയുമായി മുലക്കര വരില്ലെന്ന പ്രതീക്ഷയോടെ ശ്രദ്ധ ക്ഷണിക്കല്‍ അടുത്ത വിഷയത്തിലേക്ക്.
https://www.facebook.com/Malayalivartha























