ശ്രീപാര്‍വ്വതിയുടെ 'മീനുകള്‍ ചുംബിക്കുന്നു' എന്ന നോവലിന്റെ പ്രകാശന ചടങ്ങിന് ലെസ്ബിയന്‍ വിഷയം ചൂണ്ടിക്കാട്ടി എറണാകുളം സെന്റ് തെരേസാസ് വേദി നിഷേധിച്ചു

മാധ്യമ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ശ്രീപാര്‍വ്വതിയുടെ 'മീനുകള്‍ ചുംബിക്കുന്നു' എന്ന പുതിയ ബുക്ക് പ്രകാശിപ്പിക്കുന്നതിന് നിശ്ചയിച്ചിരുന്ന എറണാകുളം സെന്റ് തെരേസാസിലെ വേദി വിട്ടു നല്‍കുന്നതില്‍ നിന്നും അധികൃതര്‍ പിന്‍വാങ്ങി. ലെസ്ബിയന്‍ വിഷയമാണ് ബുക്കില്‍ പ്രതിപാദിച്ചിരിക്കുന്നതെന്ന് പറഞ്ഞാണ് അധികൃതര്‍ വേദി നല്‍കുന്നതില്‍ നിന്നും പിന്മാറിയിരിക്കുന്നത്. സംഭവത്തെക്കുറിച്ച് ശ്രീപാര്‍വ്വതി പറയുന്നത്
'രണ്ടാഴ്ച മുമ്പായിരുന്നു കോളേജ് അധികൃതരോട് ബുക്ക് പ്രസിദ്ധീകരണത്തിനായി സെന്റ് തെരേസാസിലെ ഹാള്‍ ആവശ്യപ്പെട്ടിരുന്നത്. അന്ന് അവര്‍ വാക്കാല്‍ സമ്മതിക്കുകയും ചെയ്തിരുന്നു. ഈ ഉറപ്പ് വിശ്വസിച്ച് ഈ മാസം 14ന് പരിപാടി നിശ്ചയിച്ച് ബ്രോഷറുകളിലും നോട്ടീസുകളിലും ബാനറുകളിലുമെല്ലാം സെന്റ് തെരേസാസാണ് വേദിയെന്ന് കാണിച്ച് പ്രസാധകരും ഞങ്ങളും പ്രചരണവും തുടങ്ങി കഴിഞ്ഞിരുന്നു. എന്റെ ഒരു സുഹൃത്തായിരുന്നു കോളേജുമായി കാര്യങ്ങള്‍ സംസാരിച്ചിരുന്നത്. ഇന്ന് അദ്ദേഹം വേദിയ്ക്കുള്ള പണം മുന്‍കൂറായി അടയ്ക്കാന്‍ ചെന്നപ്പോഴാണ് ഹാള്‍ നല്‍കാന്‍ കഴിയില്ലെന്ന് പ്രിന്‍സിപ്പല്‍ പറയുന്നത്. കാരണമന്വേഷിച്ചപ്പോള്‍ അവര്‍ പറയുന്നത് ബുക്കിലെ വിഷയം ലെസ്ബിയനായതാണ് പ്രശ്‌നമെന്നും പെണ്‍കുട്ടികള്‍ മാത്രമുള്ള ഈ കോളേജില്‍ ഇത്തരം കാര്യങ്ങള്‍ അനുവദിക്കില്ലെന്നും'.
പെണ്‍കുട്ടികള്‍ മാത്രമുള്ള കോളേജിനെ വേദിയാക്കാന്‍ ഞങ്ങള്‍ അറിഞ്ഞുകൊണ്ടു തീരുമാനിച്ചതായിരുന്നു. കാരണം പെണ്‍ പ്രണയം പറയുന്ന ഈ ബുക്ക് പെണ്‍കുട്ടികള്‍ മാത്രമുള്ള ഒരു നിറഞ്ഞവേദി മനസ്സില്‍ കണ്ടാണ് ഇത് തീരുമാനിച്ചത്. അത് ആണുങ്ങളോടുള്ള വിരോധം കൊണ്ടാണെന്ന് കരുതരുത്. ബുക്കിലെ വിഷയം പെണ്‍ പ്രണയം ആയതുകൊണ്ടും കൂടിയാണ്. ഈ ബുക്ക് ഇവിടെ വരെ എത്തിയതിന് പിന്നില്‍ പല ആണ്‍സുഹൃത്തുകളുടെയും പിന്തുണയും സഹായവുമുണ്ട്. പക്ഷെ ഞങ്ങള്‍ പ്രസിദ്ധീകരണത്തിന് ഒരു തീം വെച്ചിരുന്നു. 'സ്ത്രീ' എന്നായിരുന്നു തീം. അതുകൊണ്ട് തന്നെ പെണ്‍കുട്ടികള്‍ മാത്രമുള്ള ഒരു വേദിയാണ് ഒരുക്കണമെന്ന് കരുതിയിരുന്നത്. സെന്റ് തെരേസാസ് വളരെ അനുയോജ്യമായ ഇടമായിരുന്നു. ഇപ്പോള്‍ പക്ഷെ അവിടെ വേദി കിട്ടില്ല. അവരുടെ അധികാര പരിധിയിലുള്ള കാര്യമായതിനാല്‍ വേദി പ്രശ്‌നത്തിലുള്ള പ്രതിഷേധം മനസ്സില്‍ മാത്രമാണ്.
https://www.facebook.com/Malayalivartha























