കള്ളനോട്ടടിക്കുന്ന ഉപകരണങ്ങള്‍ കണ്ടെടുത്തു

മോഷണക്കേസില്‍ അറസ്റ്റിലായ പ്രതികളില്‍ നിന്ന് കള്ളനോട്ടടിക്കുന്നതിനുള്ള ഉപകരണങ്ങളും പേപ്പറുകളും പൊലീസ് കണ്ടെടുത്തു. കരകുളം കശാലക്കുഴി തച്ചംപള്ളി സൂപ്പര്‍ മാര്‍ക്കറ്റിനു സമീപം ലക്ഷ്മി വിലാസത്തില്‍ അരുണ്‍ (29), നെടുമങ്ങാട് നെല്ലനാട് നാലാം വാര്‍ഡില്‍ ഭൂതമടക്കി മുസ്‌ലിം അസോസിയേഷന്‍ എന്‍ജിനീയറിംഗ് കോളജിന് സമീപം പുത്തന്‍ വീട്ടില്‍ സോപ്പ് എന്നും ജൂപ്പിറ്റര്‍ എന്ന് വിളിപ്പേരുള്ള കൃഷ്ണന്‍കുട്ടി നായര്‍ (65), കാച്ചാണി കുറ്റിയാമ്മൂട് കലുങ്കിനു സമീപം ബി.ടി.ആര്‍ നഗര്‍ ഹൗസ് നമ്പര്‍ എ 93 ശാലിനി ഭവനില്‍ പ്രദീപ് (31) എന്നിവരാണ് ഒരാഴ്ചമുമ്പ് മോഷണക്കേസുകളുമായി ബന്ധപ്പെട്ട് പൊലീസിന്റെ പിടിയിലായത്.
മണ്ണറക്കോണം, അറപ്പുര തുടങ്ങിയ ഭാഗങ്ങളിലെ വീടുകളില്‍നിന്ന് പണം, പെര്‍ഫ്യൂമുകള്‍, ലാപ്‌ടോപ്പ്, ടി.വി തുടങ്ങിയവ മോഷ്ടിച്ച കേസുമായി ബന്ധപ്പെട്ടാണ് ഇവര്‍ അറസ്റ്റിലായത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തശേഷം പൊലീസ് ഇവരെ തുടരന്വേഷണത്തിന് കഴിഞ്ഞദിവസം കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. തുടര്‍ന്നുണ്ടായ ചോദ്യം ചെയ്യലിലാണ് ഇവര്‍ക്കു കള്ളനോട്ടടിയുമായി ബന്ധമുണ്ടെന്ന് മനസ്സിലായതെന്ന് എസ്.ഐ മുരളീകൃഷ്ണന്‍ പറഞ്ഞു.
500, 20 രൂപ നോട്ടുകളുടെ ഫോട്ടോകോപ്പിയെടുക്കുതിനുള്ള പ്രിന്റര്‍, നോട്ടടിക്കുതിനുള്ള പേപ്പര്‍, മഷി എന്നിവ മുണ്ടേല കുറിഞ്ചിറക്കോടുള്ള ഒരു വീട്ടില്‍ നിന്നു കണ്ടെത്തി. ഇവിടെയാണ് പ്രതികള്‍ നോട്ടടിക്കുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പാടാക്കിയിരുന്നത്. ഇവരുടെ കൂട്ടത്തില്‍ ഏതെങ്കിലും സംഘം പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha
























