കേരളം എച്ച്1എന്‍1 ഭീതിയില്‍; മരണസംഖ്യ 33 ആയി, നിരവധിപേര്‍ ചകിത്സയില്‍

കേരളത്തില്‍ എച്ച്1എന്‍1 രോഗം വ്യാപിക്കുന്നു. പത്തനംതിട്ട ചെറുകോല്‍ സ്വദേശി സുഭദ്ര (45) വെള്ളിയാഴ്ച മരിച്ചതോടെ അഞ്ചുമാസത്തിനിടെ എച്ച്1എന്‍1 പിടിപെട്ട് മരിച്ചവരുടെ എണ്ണം 33ആയി. കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഒമ്പതുപേരാണ് സംസ്ഥാനത്ത് എച്ച്1എന്‍1 പിടിപെട്ട് മരിച്ചത്. സര്‍ക്കാര്‍ ആശുപത്രികളുടെ മാത്രം കണക്കാണിത്. സ്വകാര്യ ആശുപത്രികളുടെ കണക്ക് കൂടി തിട്ടപ്പെടുത്തുമ്പോള്‍ സ്ഥിതി ഏറെ ഗുരുതരമെന്ന് പറയേണ്ടിവരും.
സംസ്ഥാനത്തെ മിക്കവാറും എല്ലാ ജില്ലകളിലും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളില്‍ അവസ്ഥ അതിഗുരുതരമാണ്. വിവിധ ജില്ലകളില്‍നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ 28 ശതമാനംപേരിലും എച്ച്1എന്‍1 സ്ഥിരീകരിച്ചു.
1500ഓളം പേരില്‍ 443പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ വ്യകതമാക്കുന്നു. മേയ് ആദ്യവാരത്തില്‍ മാത്രം 99 പേരിലാണ് രോഗം കണ്ടെത്തിയത്. വെള്ളിയാഴ്ച മാത്രം 18 പേരില്‍ രോഗം സ്ഥിരീകരിച്ചു. മുമ്പ് 2015ലും സമാന രീതിയില്‍ എച്ച്1എന്‍1 പടര്‍ന്നിരുന്നു. അന്ന് 26 ശതമാനം സാമ്പിളുകളിലാണ് രോഗം കണ്ടെത്തിയതെങ്കില്‍ ഇത്തവണ കുറഞ്ഞകാലയളവിനിടെ 28 ശതമാനത്തിലെത്തിയിരിക്കുന്നത് ഗൗരവത്തോടെയാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ കാണുന്നത്.
കാലവര്‍ഷം ആരംഭിക്കുന്നതോടെ എച്ച്1എന്‍1 പടരാനുള്ള സാധ്യതയുമേറെയാണെന്നാണ് വിലയിരുത്തല്‍. ഇതു സംബന്ധിച്ച മുന്നൊരുക്കം നടന്നുവരുകയാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നുണ്ടെങ്കിലും പ്രതിരോധം ഫലവത്താകുന്നില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കാലവര്‍ഷം തുടങ്ങുന്നതിന് തൊട്ടുമുമ്പായാണ് സാധാരണഗതിയില്‍ എച്ച്1എന്‍1 പടരുന്നത്.
എന്നാല്‍, കേരളത്തെ കൂടാതെ തമിഴ്‌നാട്, കര്‍ണാടക, ഗോവ, ആന്ധ്ര, തെലങ്കാന, മഹാരാഷ്ട്ര, പുതുച്ചേരി എന്നിവിടങ്ങളിലും ഇത്തവണ ജനുവരി മുതല്‍തന്നെ രോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗുജറാത്ത്, രാജസ്ഥാന്‍, ഒഡിഷ, അസം സംസ് ഥാനങ്ങളില്‍നിന്നും രോഗം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ജലദോഷപ്പനികള്‍ പോലെ തുമ്മലിലൂടെയും ചുമയിലൂടെയുമാണ് ഇതു പകരുന്നത്. 2016നെ അപേക്ഷിച്ച് 2017ല്‍ രോഗികളുടെ എണ്ണത്തില്‍ സാരമായ വര്‍ധനയുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. പനി, ജലദോഷം, ചുമ, തൊണ്ട വേദന, ശരീര വേദന, ശ്വാസംമുട്ടല്‍ എന്നിവയാണ് രോഗലക്ഷണങ്ങള്‍. ചിലരില്‍ ഛര്‍ദിയും വയറിളക്കവും ഉണ്ടാകാം. ഈ ലക്ഷണങ്ങള്‍ അസാധാരണമായി നീളുകയോ ക്രമാതീതമായി കൂടുകയോ ചെയ്താല്‍ ഡോക്ടറുടെ സേവനം തേടേണ്ടതാണ്. ഗര്‍ഭിണികള്‍, വയോധികര്‍, പ്രമേഹം, ആസ്ത്മ, ഹൃദ്രോഗം, കരള്‍ രോഗം, വൃക്ക രോഗം, രക്താതിമര്‍ദം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ തീര്‍ച്ചയായും ഡോക്ടറുടെ സേവനം തേടേണ്ടതാണ്.
https://www.facebook.com/Malayalivartha
























