ട്രാന്‍സ്‌ഫോമറിന്റെ കമ്പികളില്‍ കുടുങ്ങിയ യുവാവിന് ദാരുണാന്ത്യം

ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഷോക്കേറ്റ് കമ്പികളില്‍ കുടുങ്ങിയ യുവാവ് മരിച്ചു. ബാലരാമപുരം അയിത്തിയൂര്‍ അയണിയറത്തല വീട്ടില്‍ ഉണ്ണികൃഷ്ണന്‍ നായര്‍ (38) ആണ് മരിച്ചത്. ഇന്നലെ രാവിലെ പതിനൊന്നോടെ വിഴിഞ്ഞം തുറമുഖത്തെ പഴയ വാര്‍ഫ് റോഡില്‍ ഫിഷ് ലാന്റിങ്ങ് സെന്ററിന് സമീപത്തെ ട്രാന്‍സ്‌ഫോമറില്‍ നിന്നാണ് ഷോക്കേറ്റത്. ബാലരാമപുരത്ത് ഇന്റര്‍നെറ്റ് കഫേ നടത്തുന്ന ഉണ്ണികൃഷ്ണന്‍ നായര്‍ ബൈക്കില്‍ രാവിലെയാണ് വിഴിഞ്ഞത്തെത്തിയത്.
ധരിച്ചിരുന്ന വസ്ത്രങ്ങള്‍ കടല്‍ വെള്ളത്തില്‍ നനഞ്ഞും മണല്‍ നിറഞ്ഞും കണ്ടതിനാല്‍ കടലില്‍ കുളിച്ച ശേഷം മടങ്ങി വരുന്നതിനിടയില്‍ ഷോക്കേറ്റതാകാമെന്ന് നാട്ടുകാര്‍ പറയുന്നു.
ട്രാന്‍സ്‌ഫോമറിന്റെ കമ്പികളില്‍ കുടുങ്ങി ഇരുകൈകളും കത്തിക്കരിഞ്ഞ ഇയാളെ നാട്ടുകാര്‍ കണ്ടെത്തി പോലീസിനെയും വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരെയും അറിയിക്കുകയായിരുന്നു. കെ.എസ്.ഇ.ബി. ജീവനക്കാര്‍ എത്തി കണക്ഷന്‍ വിഛേദിച്ചതോടെ റോഡിലേക്ക് തെറിച്ച് വീണെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തുടക്കത്തില്‍ തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ മൃതദേഹം പോസ്റ്റമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇതിനിടയില്‍ ഉണ്ണികൃഷ്ണന്റെ ചിത്രം സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചു. ഇതു കണ്ട ബന്ധുക്കള്‍ വിഴിഞ്ഞം പോലീസ് സ്‌റ്റേഷനുമായിബന്ധപ്പെട്ട് മൃതദേഹം തിരിച്ചറിയുകയായിരുന്നു.
മീന്‍ വാങ്ങാന്‍ ബൈക്കില്‍ എത്തിയ ഇയാള്‍ ട്രാന്‍സ്‌ഫോമറിനടുത്തു നില്‍ക്കുന്നതിനിടയില്‍ അബദ്ധത്തില്‍ ഷോക്കേല്‍ക്കുകയായിരുന്നെന്നും പറയപ്പെടുന്നു. ഭാര്യ വേണി. മകന്‍ ശിവനന്ദന്‍ . പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് വിഴിഞ്ഞം പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha

























