പോലീസുദ്യോഗസ്ഥര്‍ ജനങ്ങളോട് മാന്യമായി പെരുമാറുന്നുവെന്ന് ജില്ലാ പോലീസ് മേധാവിമാര്‍ ഉറപ്പുവരുത്തണം, ഏറ്റവും നല്ല രീതിയില്‍ പെരുമാറ്റം ഉറപ്പാക്കുന്ന പോലീസ് സ്‌റ്റേഷനുകള്‍ക്ക് ഓരോ വര്‍ഷവും പ്രത്യേകം അനുമോദനങ്ങള്‍

പോലീസുദ്യോഗസ്ഥര്‍ ജനങ്ങളോട് വിശേഷിച്ച് സ്ത്രീകളോടും കുട്ടികളോടും, ഏറ്റവും മാന്യമായി പെരുമാറണമെന്ന് സംസ്ഥാന പോലീസ് മേധാവി ഡോ. ടി പി സെന്‍കുമാര്‍. ഇക്കാര്യം ജില്ലാ പോലീസ് മേധാവിമാര്‍ ഉറപ്പാക്കണമെന്നും സെന്‍കുമാര്‍ നിര്‍ദേശിച്ചു. മുഖ്യമന്ത്രി റെയ്ഞ്ച് തലത്തില്‍ നടത്തിയ യോഗങ്ങളില്‍ പോലീസുകാര്‍ പരാതിക്കാരോടും പൊതുജനങ്ങളോടും സ്വീകരിക്കേണ്ട സമീപനത്തെപ്പറ്റി ഊറിപറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴും പോലീസ് ആസ്ഥാനത്ത് ലഭിക്കുന്ന പരാതികളില്‍ വളരെയധികവും പോലീസ് ഉദ്യോഗസ്ഥരുടെ മനുഷ്യത്വപരമല്ലാത്ത പെരുമാറ്റത്തെക്കുറിച്ചും നടപടികളെക്കുറിച്ചുമാണ്.
ആയതിനാല്‍ പരാതിക്കാരോടും പൊതുജനങ്ങളോടും പോലീസുദ്യോഗസ്ഥരുടെ പെരുമാറ്റം സംബന്ധിച്ച നിര്‍ദേശങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന് എല്ലാ ജില്ലാ പോലീസ് മേധാവിമാരും വ്യക്തിപരമായ ശ്രദ്ധ ചെലുത്തണം. ചുരുങ്ങിയ കാലയളവിനുള്ളില്‍ പോലീസുകാരുടെ ജനങ്ങളോടുള്ള പെരുമാറ്റത്തില്‍ ഗുണകരമായ പുരോഗതി കൈവരിച്ചുവെന്ന് ഉറപ്പാക്കണം. മേഖലാ എ ഡി ജി പിമാരും റെയ്ഞ്ച് ഐജിമാരും ഇക്കാര്യം ഉറപ്പാക്കാന്‍ മേല്‍നോട്ടം വഹിക്കണം.
ജനങ്ങളോടുള്ള മോശം പെരുമാറ്റം സംബന്ധിച്ച് ഓരോ ജില്ലയില്‍ നിന്നുമുള്ള പരാതികളുടെ എണ്ണം ആ ജില്ലയിലെ ജില്ലാ പോലീസ് മേധാവിമാര്‍ ഇക്കാര്യത്തിലെടുക്കുന്ന ശുഷ്‌കാന്തിയുടെ സൂചകമായി കണക്കാക്കും. ജില്ലാതലത്തില്‍ ഏറ്റവും നല്ല രീതിയില്‍ പെരുമാറ്റം ഉറപ്പാക്കുന്ന പോലീസ് സ്‌റ്റേഷനുകള്‍ക്ക് ഓരോ വര്‍ഷവും പ്രത്യേകം അനുമോദനങ്ങള്‍ നല്‍കുന്ന കാര്യവും ജില്ലാ പോലീസ് മേധാവിമാര്‍ക്ക് പരിഗണിക്കാവുന്നതാണെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.
https://www.facebook.com/Malayalivartha

























