വിവാദങ്ങളെല്ലാം ഒത്തുചേര്‍ന്നു: ഹര്‍ത്താല്‍,മദ്യം, മാംസാഹാരം!കോമ്പിനേഷന്‍ തികച്ച് കേരള കേന്ദ്ര സര്‍ക്കാരുകള്‍

എല്‍ ഡി എഫ് സര്‍ക്കാരിന്റെ മദ്യനയം പ്രഖ്യാപിക്കാന്‍ തിരഞ്ഞടുത്ത ദിവസം തിരുവനന്തപുരത്ത് ഹര്‍ത്താലായത് യാദൃച്ഛികമല്ല. കാരണം ഹര്‍ത്താല്‍, മാംസാഹാരം, മദ്യം ഇവ മൂന്നും ഇണചേര്‍ന്ന പക്ഷികളാണ്. ഹര്‍ത്താല്‍ എന്നാല്‍ മലയാളികള്‍ക്ക് മദ്യവും മാംസാഹാരവുമാണ്.
മാംസാഹാരമായ ബീഫിനെ കുറിച്ച് മാത്രമാണ് ലക്ഷങ്ങള്‍ ചെലവഴിച്ച് കേരള നിയമസഭ വ്യാഴാഴ്ച ചര്‍ച്ച നടത്തിയത്. ചര്‍ച്ചയും തീരുമാനവും എന്തു തന്നെയായാലും അതില്‍ ആര്‍ക്കും പരാതിയില്ല. കാരണം മലയാളിയുടെ ഭക്ഷണത്തില്‍ കൈവയ്ക്കാന്‍ അവര്‍ ആരെയും സമ്മതിക്കില്ല.
അതേ ദിവസം തന്നെയാണ് എല്‍ ഡി എഫ് തങ്ങളുടെ മദ്യനയം തീരുമാനിച്ചത്. കേരളത്തെ മദ്യത്തില്‍ മുക്കി കൊല്ലുമെന്ന വാഗ്ദാനം മധുര പലഹാരത്തില്‍ പൊതിഞ്ഞ് നല്‍കിയിരിക്കുകയാണ് എല്‍ഡിഎഫ്. ത്രീസ്റ്റാറുകള്‍ക്ക് മുകളിലുള്ള ബാറുകള്‍ തുറക്കാനാണ് തീരുമാനം. നിയമപരമായി എതിര്‍പ്പുള്ളവ തുറക്കില്ലെന്ന് പറഞ്ഞിട്ടുണ്ട്. മദ്യനയം തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. ഇതിനെ കോടതികള്‍ക്ക് ചോദ്യം ചെയ്യാനാവില്ല. അഥവാ കോടതി ചോദ്യം ചെയ്താലും നില്‍ക്കില്ലെന്ന് ചുരുക്കം.
പുതിയ മദ്യനയം പ്രഖ്യാപിക്കേണ്ടത് സര്‍ക്കാരാണ്. പാര്‍ട്ടിയുടെ അംഗീകാരമാണ് സര്‍ക്കാറിനു ലഭിച്ചിരിക്കുന്നത്.പാതയോരത്തെ മദ്യഷാപ്പുകള്‍ പൂട്ടിയതിനെ തുടര്‍ന്ന് മദ്യവില്‍പ്പനയില്‍ വന്‍ ഇടിവ് സംഭവിച്ച പശ്ചാത്തലത്തിലാണ് മദ്യനയം പ്രഖ്യാപിക്കുന്നതെന്ന ന്യായവും പാര്‍ട്ടി നിരത്തിയിട്ടുണ്ട്.
ഉമ്മന്‍ ചാണ്ടിയും സുധീരനും തമ്മിലുള്ള ദ്വന്ദ്വയുദ്ധത്തിന്റെ ഭാഗമായാണ് മദ്യഷാപ്പുകള്‍ അടച്ചു പൂട്ടിയത്. സുധീരനാണോ ഉമ്മന്‍ ചാണ്ടിയാണോ വലുതെന്ന മത്സരം യു ഡി എഫ് സര്‍ക്കാരിന്റെ കടപുഴുകി. മദ്യ മുതലാളിമാരില്‍ നിന്നും കിട്ടേണ്ടിയിരുന്ന കോടികള്‍ നഷ്ടപ്പെടുത്തി. പിണറായി ഉമ്മന്‍ ചാണ്ടിയല്ല. യഥാസമയം എന്താണ് തീരുമാനിക്കേണ്ടത് എന്ന് അദ്ദേഹത്തിനു നന്നായറിയാം.
https://www.facebook.com/Malayalivartha
























