പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളുടെ മരണം: വിദ്യാര്‍ത്ഥിനികളുടെ ബന്ധുക്കളെ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ആശ്വസിപ്പിച്ചു, കുറ്റക്കാരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരുമെന്ന് മന്ത്രി

പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ സര്‍ക്കാര്‍ അഗതിമന്ദിരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. തൃക്കരുവ, ഇഞ്ചവിളയിലെ സര്‍ക്കാര്‍ അഗതി മന്ദിരത്തിലാണ് സംഭവം. കെട്ടിടത്തിനുള്ളിലൂടെ രണ്ടാം നിലയിലേക്ക് കയറാനുള്ള സ്‌റ്റെയര്‍കെയ്‌സിന്റെ ഇരുമ്പ് കൈവരികളില്‍ പ്ലാസ്റ്റിക് കയര്‍ ഉപയോഗിച്ച് തൂങ്ങിമരിച്ച നിലയിലായിരുന്നു ഇരുവരും. പതിനേഴും പതിനഞ്ചും വയസ് പ്രായമുള്ളവരാണ്.
പതിനേഴുകാരി പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ്. പതിനഞ്ചുകാരി പത്താം ക്ലാസില്‍ പ്രവേശനം നേടുന്നതിനുള്ള നടപടികളിലായിരുന്നു. ഒരുമുറിയിലായിരുന്നു താമസം. രണ്ട് പേരുടെയും ഡയറികുറിപ്പുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. കടുത്ത ജീവിതനൈരാശ്യവും സുഹൃത്തുക്കളെയും ബന്ധുക്കളെയും വിട്ടുപിരിഞ്ഞതില്‍ കടുത്ത വിഷമവും നേരിട്ടിരുന്നതായി ഇരുവരുടെയും കുറിപ്പില്‍ നിന്നും വ്യക്തമാകുന്നതായി പൊലീസ് പറഞ്ഞു.
ഇരുവരും പോക്‌സോ കേസുകളിലെ ഇരകളാണ്. പതിനേഴുകാരിയെ ഇളയച്ഛന്റെ സുഹൃത്തായ അയല്‍വാസിയും പതിനഞ്ചുകാരിയെ അച്ഛനും പീഢിപ്പിച്ചെന്നാണ് പരാതി. വീട്ടില്‍ സുരക്ഷിതരല്ലാത്തതിനാല്‍ ശിശുക്ഷേമ സമിതിയാണ് ഇരുവരെയും ആഫ്റ്റര്‍ കെയര്‍ ഹോമിലെത്തിച്ചത്. അമ്മമാര്‍ മാത്രമാണ് ഇവരെ സന്ദര്‍ശിക്കാനെത്തിയിരുന്നത്.
ഇന്നലെ പുലര്‍ച്ചെ നോമ്പിന് അത്താഴം കഴിക്കാനായി എണ്ണീറ്റ കുട്ടികളാണ് ഇവരെ ആത്മഹത്യ ചെയത് നിലയില്‍ ആദ്യം കണ്ടത്. വിവരമറിഞ്ഞ ഹോസ്റ്റല്‍ വാര്‍ഡന്‍ ഉടന്‍ തന്നെ അഞ്ചാലുമൂട് പൊലീസിനെ വിവരം അറിയിച്ചു. ഹോസ്റ്റല്‍ വാര്‍ഡനെയും മറ്റ് ജീവനക്കാരെയും പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
പതിനേഴുകാരി ജനുവരിയിലും പതിനഞ്ചുകാരി മേയിലുമാണ് അഫ്റ്റര്‍കെയര്‍ ഹോമിലെത്തിയത്. സയിന്റിഫിക് വിദഗ്ധരും വിരലയാള വിദഗ്ധരും സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. ആര്‍.ഡി.ഒയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.
വിദ്യാര്‍ത്ഥിനികളുടെ രക്ഷാകര്‍ത്താക്കളേയും ബന്ധുക്കളേയും ആരോഗ്യ, സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ആശ്വസിപ്പിക്കുകയും അവരുടെ ദു:ഖത്തില്‍ പങ്കുചേരുകയും ചെയ്തു. മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലെത്തിയാണ് മന്ത്രി ബന്ധുക്കളെ കാണുകയും അന്തിമോപചാരമര്‍പ്പിക്കുകയും ചെയ്തത്.
ശക്തമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരുമെന്ന് മന്ത്രി അറിയിച്ചു. ഹോമിലെ സൂപ്രണ്ടിനെ മാറ്റിനിര്‍ത്തി അന്വേഷണം നടത്താന്‍ സാമൂഹ്യനീതി വകുപ്പ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അന്വേഷണത്തില്‍ എന്തെങ്കിലും പോരായ്മകള്‍ കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികളെടുക്കുമെന്നും മന്ത്രി അറിയിച്ചു.
എം. മുകേഷ് എം.എല്‍.എ., മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ജോബിജോണ്‍, ആര്‍.എം.ഒ. ഡോ. മോഹന്‍ റോയ് എന്നിവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.
https://www.facebook.com/Malayalivartha






















