സൈന്യത്തില്‍ ജോലിവാഗ്ദാനം; കോടികള്‍ തട്ടിയ കേസിലെ പ്രധാനി ഉള്‍പ്പടെ മൂന്നുപേര്‍ പിടിയില്‍

സൈന്യത്തില്‍ ജോലി വാഗ്ദാനം നല്‍കിയും സൗത്ത് വെസ്‌റ്റേണ്‍ റെയില്‍വേയിലും വിവിധ പൊതുമേഖലാ ബാങ്കുകളിലും വ്യാജ നിയമന ഉത്തരവുകള്‍ നല്‍കിയും കോടികള്‍ തട്ടിയ കേസിലെ പ്രധാന പ്രതിയും സഹായികളും പിടിയില്‍. സാംബിയയില്‍ സിമന്റ് ഫാക്ടറിയില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കി ലക്ഷങ്ങളാണ് സംഘം പണം തട്ടിയെടുത്തത്.
ആലപ്പുഴ ചെട്ടികുളങ്ങര കൈതവടക്കുംമുറി ചരൂര്‍ ശ്രീരാഗം വീട്ടില്‍ ഗീതാ രാജഗോപാല്‍ എന്ന ഗീതാറാണി(58), ഇവരുടെ സഹായികളായ തൃശ്ശൂര്‍ കില്ലന്നൂരില്‍ മലവായി കരാത്ര വീട്ടില്‍ ജോയി (44), പേട്ട പെരുന്താന്നി ഈഞ്ചയ്ക്കല്‍ യു.പി.എസിന് എതിര്‍വശം ടി.സി 36/1084 സുലു നിവാസില്‍ പ്രകാശ് (50) എന്നിവരെയാണ് നെയ്യാര്‍ ഡാം പോലിസ് അറസ്റ്റ് ചെയ്തത്.
കേസിലെ പ്രധാന പ്രതികളില്‍ ഒരാളായ കൊട്ടാരക്കര സ്വദേശി സന്തോഷ് ഇവരുടെ എജന്റ്മാരായി പ്രവര്‍ത്തിച്ച തൃശ്ശൂര്‍ സ്വദേശിയായ ജോയി, ആളുകളെ ക്യാന്‍വാസ് ചെയ്യുന്നതിനായി കൈതമുക്ക് സ്വദേശിയായ സഹായമേരി, തിരുവനന്തപുരം സ്വദേശി മോഹന്‍ ആന്റണി എന്നിവരെ നിയോഗിച്ചിരുന്നു. ഇവരെ കഴിഞ്ഞ ദിവസങ്ങളില്‍ പിടികൂടിയിരുന്നു. സന്തോഷ് പോലീസ് കസ്റ്റഡിയിലും രോഗി എന്ന പരിഗണനയില്‍ ആന്റണിക്ക് ജാമ്യവും ലഭിച്ചിരുന്നു.
ഒരാഴ്ചയായി പ്രധാന പ്രതി ഗീതാറാണിയ്ക്ക് വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു പൊലീസ്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ തൃശ്ശൂര്‍ പൂങ്കുന്നത്തുള്ള ബുവി എന്ന അപ്പാര്‍ട്ട്‌മെന്റില്‍ മദ്യപിച്ച് ലക്കുകെട്ടിരിക്കുന്ന അവസ്ഥയിലാണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇതിനിടെ ഗുണ്ടകളുടെ സഹായത്തോടെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. അറസ്റ്റ് ചെയ്യുമ്പോള്‍ ഗീതാറാണിയുടെ ബാഗില്‍ നിന്നും ഒട്ടനവധി രേഖകളും ഇന്ത്യന്‍ റെയില്‍വേയുടേയും വിവിധ ബാങ്കുകളുടേയും പേരില്‍ നിര്‍മ്മിച്ച ഒട്ടനവധി അക്കൗണ്ട് നമ്പറുകളും കണ്ടെടുത്തു.
2005 മുതല്‍ ഇവര്‍ തട്ടിപ്പ് തുടങ്ങിയതാണ് . വര്‍ഷക്കാലമായി 20കോടിയിലധികം രൂപയുടെ തട്ടിപ്പാണ് ഇവര്‍ നടത്തിയത്. ഗീതാറാണിയ്‌ക്കെതിരേ വിവിധ സ്‌റ്റേഷനുകളിലായി 11 കേസുകള്‍ നിലവിലുണ്ട്. പുതുതായി 10ല്‍പ്പരം കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികളുടെ വിവിധ ബാങ്ക് അക്കൗണ്ടുകളില്‍ ലക്ഷക്കണക്കിന് രൂപ ഡിപ്പോസിറ്റ് ചെയ്തിട്ടുള്ളതായും ഗീതാറാണി വന്‍തുകയ്ക്ക് സ്വര്‍ണ്ണംവാങ്ങി സൂക്ഷിച്ചിട്ടുള്ളതായും കണ്ടെത്തി. ഇതില്‍ സന്തോഷിന്റെ അകൗണ്ടില്‍ മാത്രം നാല്പത്തി ഒന്ന് ലക്ഷം രൂപ ഉള്ളതായും ഇവ മരവിപ്പിച്ചതായും പോലിസ് പറഞ്ഞു .
നെടുമങ്ങാട് ഡിവൈ.എസ്.പി.ബിജുമോന്‍, ആര്യനാട് സി.ഐ.അനില്‍കുമാര്‍, നെയ്യാര്‍ഡാം എസ്.ഐ.സതീഷ്‌കുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ കൃഷ്ണകുമാര്‍, ഗോപന്‍, ഷിബു, വനിതാ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഉഷ, ജിനിഷ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.ഇതോടെ ഈ കേസില്‍ ആറ് പ്രതികള്‍ അറസ്റ്റിലായി.
https://www.facebook.com/Malayalivartha






















