ഐക്യരാഷ്ട്രസഭയുടെ ആദ്യ സമുദ്ര കൂടിയാലോചന സമ്മേളനത്തെ അഭിസംബോധന ചെയ്ത് കേരളത്തിലെ തീരദേശ മത്സ്യത്തൊഴിലാളി ഗ്രാമത്തിലെ പെണ്‍കുട്ടി

ഐക്യരാഷ്ട്രസഭയുടെ ആദ്യ സമുദ്ര കൂടിയാലോചന സമ്മേളനത്തെ അഭിസംബോധന ചെയ്ത് കേരളത്തിലെ തീരദേശ മത്സ്യത്തൊഴിലാളി ഗ്രാമത്തിലെ പെണ്‍കുട്ടി. തിരുവനന്തപുരം പുല്ലുവിള സ്വദേശിനിയായ ലിസ്ബ യേശുദാസാണ് വിവിധ രാജ്യങ്ങളില്‍നിന്നുള്ള 112 സംഘടനകള്‍ പങ്കെടുത്ത സമുദ്ര കോണ്‍ഫറന്‍സില്‍ സംസാരിച്ചത്. കടലിന്റെ പാരിസ്ഥിതിക പ്രാധാന്യത്തെയും തദ്ദേശീയരുടെ ഭാഷയെയും അനുഭവത്തെയുംകുറിച്ച് ലിസ്ബ വേദിയില്‍ വിശദീകരിച്ചു. ഏതെങ്കിലും യു.എന്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യുന്ന ലോകത്തെ ആദ്യ മത്സ്യത്തൊഴിലാളി സമുദായത്തില്‍പെട്ടയാളും പ്രായംകുറഞ്ഞ പ്രതിനിധിയുമാണ് ലിസ്ബ എന്ന പ്രത്യേകത കൂടിയുണ്ട്.
'നമ്മുടെ കടലുകള്‍, നമ്മുടെ ഭാവി: സുസ്ഥിര വികസന ലക്ഷ്യത്തിനായുള്ള സഹവര്‍ത്തിത്വം' വിഷയത്തില്‍ ജൂണ്‍ അഞ്ചു മുതല്‍ ഒമ്ബതുവരെ ന്യൂയോര്‍ക്കിലാണ് യു.എന്‍ സമ്മേളനം നടത്തിയത്. കടലുകള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളും വെല്ലുവിളികളും സംബന്ധിച്ച ചര്‍ച്ചയും പരിഹാരമാര്‍ഗവും നാലു ദിവസത്തെ സമ്മേളനം ചര്‍ച്ചചെയ്തു. ഇതില്‍ തിരുവനന്തപുരം കേന്ദ്രീകരിച്ച് കടല്‍ പരിസ്ഥിതി സംരക്ഷണം, തീരദേശ മത്സ്യത്തൊഴിലാളികളുടെ കടലറിവുകള്‍, ഭാഷ, സംസ്‌കാരം എന്നിവ സംരക്ഷിക്കാന്‍ പ്രവര്‍ത്തിക്കുന്ന 'ഫ്രന്‍ഡ്‌സ് ഓഫ് മറൈന്‍' എന്ന സംഘടനയെ പ്രതിനിധാനംചെയ്താണ് ലിസ്ബ സംസാരിച്ചത്. സാധാരണ മത്സ്യത്തൊഴിലാളി സമുദായത്തില്‍ ജനിച്ച ലിസ്ബ തിരുവനന്തപുരം തുമ്പ സെന്റ് സേവ്യേഴ്‌സ് കോളജിലെ മലയാളം അസിസ്റ്റന്റ് പ്രഫസറാണ്.

കേരള സര്‍വകലാശാലയില്‍ തീരദേശ ഭാഷയില്‍ പിഎച്ച്.ഡിയും ചെയ്യുന്നുണ്ട്. താനൊരു സാധാരണ മത്സ്യത്തൊഴിലാളിയുടെ മകളും ആ സമുദായത്തില്‍പെടുന്നയാളുമെന്നതില്‍ അഭിമാനിക്കുന്നുവെന്ന് പറഞ്ഞാണ് ലിസ്ബ സമ്മേളനത്തെ അഭിസംബോധന ചെയ്ത് തുടങ്ങിയത്. ഫ്രന്‍ഡ്‌സ് ഓഫ് മറൈന്‍ ആഭിമുഖ്യത്തില്‍ ഇതിനകം ഗള്‍ഫ് ഓഫ് മാന്നാര്‍, കന്യാകുമാരി, തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിലെ സുമദ്രാന്തര്‍ഭാഗത്ത് 43 മീറ്റര്‍ അടിയില്‍ പോയി ജൈവ വൈവിധ്യ പഠനം നടത്തിക്കഴിഞ്ഞു. 3,000 സ്‌ക്വയര്‍ കിലോമീറ്റര്‍ ഇത്തരത്തില്‍ സഞ്ചരിച്ചു. ഇന്ത്യയില്‍ സമുദ്രസംരക്ഷണ കേന്ദ്രങ്ങളായി തിരിച്ചറിഞ്ഞവയില്‍ ഒരു ശതമാനത്തെക്കുറിച്ച് മാത്രമേ പഠനം നടത്തിയിട്ടുള്ളൂവെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ഫ്രന്‍ഡ്‌സ് ഓഫ് മറൈന്റെ റോബര്‍ട്ട് പനിപ്പിള്ള, ഡോ. ജോണ്‍സണ്‍ ജാമന്റെ് എന്നിവരും പ്രതിനിധികളായി സമ്മേളനത്തില്‍ പങ്കെടുത്തു. രാജ്യത്തെ യു.എന്നില്‍ പ്രതിനിധാനംചെയ്യുന്ന ഫസ്റ്റ് സെക്രട്ടറി അടക്കമുള്ളവര്‍ ലിസ്ബയെ അഭിനന്ദിച്ചു. ലോകത്ത് നടക്കുന്ന അനിയന്ത്രിതവും നിയമവിരുദ്ധവുമായ മത്സ്യബന്ധനം തടയുന്നതിന് പ്രവര്‍ത്തിക്കാന്‍ സമ്മേളനത്തില്‍ ധാരണയായി. സംരക്ഷിക്കേണ്ട പട്ടികയില്‍ വരുന്ന ചിലതിന്റെ മത്സ്യബന്ധനം നിരോധിക്കുന്ന മേഖലകള്‍ ചില രാജ്യങ്ങള്‍ പ്രഖ്യാപിച്ചു.

https://www.facebook.com/Malayalivartha






















