പണി പല ദിക്കില്‍ നിന്നും വരുന്നുണ്ട്! കൊച്ചി സബ് കളക്ടര്‍ അതീല അബ്ദുള്ളക്ക് പിന്നാലെ ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെയും മാറ്റുന്നു

എല്ലാം ശരിയാക്കുന്നതിന്റെ ഭാഗമായി കൊച്ചി സബ് കളക്ടര്‍ അതീല അബ്ദുള്ളക്ക് പിന്നാലെ ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെയും സര്‍ക്കാര്‍ മാറ്റുന്നു.
അതീല അബ്ദുള്ളയെ മാറ്റാനുള്ള തീരുമാനം കഴിഞ്ഞ ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗമാണ് എടുത്തത്. 60 കോടി രൂപയുടെ അനധികൃത കൈയേറ്റം തിരിച്ചുപിടിച്ചതാണ് അതീല ചെയ്ത പാതകം. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ അഴിമതി കണ്ട് മൂക്കത്ത് വിരല്‍ വച്ചവര്‍ പിണറായി സര്‍ക്കാരിന്റെ ഇടപാടുകള്‍ കണ്ട് അത്ഭുതപ്പെടുകയാണ്.
അതീല അബ്ദുള്ളയെ മാറ്റണമെന്ന ആവശ്യം സി പി.എം.എറണാകുളം ജില്ലാ കമ്മിറ്റിയില്‍ നിന്നാണ് ഉണ്ടായതെങ്കില്‍ ശ്രീറാമിനെ മാറ്റണമെന്ന ആവശ്യം ഇടുക്കി ജില്ലാ കമ്മിറ്റിയില്‍ നിന്നാണ് ഉണ്ടായിരിക്കുന്നത്. ശ്രീറാമിന്റെ കാര്യത്തില്‍ അടിയന്തിരമായി തീരുമാനമെടുക്കണമെന്ന് മുഖ്യമന്ത്രി റവന്യുമന്ത്രിക്ക് നിര്‍ദ്ദേശം നല്‍കി. റവന്യുമന്ത്രിയുടെ പാര്‍ട്ടി ഇപ്പോള്‍ പിണറായിയുമായി ചേര്‍ന്നാണ് നീങ്ങുന്നത്. അതു കൊണ്ടു തന്നെ വിവാദങ്ങള്‍ക്കൊന്നും സാധ്യതയില്ല.
ശ്രീറാമിനെ മാറ്റാന്‍ നേരത്തെ തന്നെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ കുരിശ് വിവാദം കത്തിനില്‍ക്കുന്നതിനിടയില്‍ മാറ്റേണ്ടെന്നായിരുന്നു തീരുമാനം. അത് ശ്രീറാമിന് പ്രശസ്തി നേടികൊടുക്കാന്‍ കാരണമായേക്കുമെന്ന് സര്‍ക്കാര്‍ കരുതി.
അതീലയുടെയും ശ്രീറാമിന്റെയും അനുഭവങ്ങള്‍ സിവില്‍ സര്‍വീസിലെത്തുന്ന ഓരോ യുവാവിനും പാഠമാകണമെന്ന് സര്‍ക്കാര്‍ കരുതുന്നു.
ഇങ്ങനെയാണ് തുടരുന്നതെങ്കില്‍ കേരള കേഡറിലേക്ക് ഊര്‍ജ്ജസ്വലരായ ഉദ്യോഗസ്ഥര്‍ കടന്നു വരുമോ എന്ന് സംശയമാണ്. കേരളത്തില്‍ ജോലി ചെയ്യാനാവാത്ത സ്ഥിതിവിശേഷമുണ്ടെന്നു പൊതുവേ ഐ.എ.എസ്.ഉദ്യോഗസ്ഥര്‍ക്ക് പരാതിയുണ്ട്. ചെറുപ്പക്കാരായ ഉദ്യോഗസ്ഥര്‍ക്കാണ് ഇത്തരത്തില്‍ ധാരാളം പരാതിയുള്ളത്. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഇവര്‍ക്ക് പ്രോത്സാഹനവും ലഭിക്കുന്നില്ല.
സര്‍ക്കാരുമായി ചേര്‍ന്ന് പോയില്ലെങ്കില്‍ സ്ഥാനത്യാഗമാണെന്ന് നല്ലതെന്ന് സര്‍ക്കാര്‍ തന്നെ പറയുന്നു. സെന്‍കുമാറിന്റെ അവസ്ഥ ഉദാഹരണമായെടുത്താല്‍ മതി. ഡി ജി പി എന്നാണ് പദവിയുടെ പേരെങ്കിലും വെള്ളയമ്പലത്തെ പോലീസ് ആസ്ഥാനത്ത് അദ്ദേഹത്തിന് ഒരു റോളുമില്ല. എല്ലാം തീരുമാനിക്കുന്നത് തച്ചങ്കരിയും കീഴ്ജീവനക്കാരും ചേര്‍ന്നാണ്.
സെന്‍കുമാറിനോടുള്ള അപ്രീതി സര്‍ക്കാര്‍ തുറന്നു സമ്മതിക്കുകയും ചെയ്തു. ജൂണ്‍ 30 ന് സര്‍വീസില്‍ നിന്നും വിരമിക്കുമ്പോള്‍ അദ്ദേഹത്തിന് പരിക്ക് ഏല്‍ക്കാതിരുന്നാല്‍ ഭാഗ്യം.
https://www.facebook.com/Malayalivartha


























