ക്ഷണിക്കാത്ത അതിഥിയായി മെട്രോയില്‍ 'നുഴഞ്ഞു' കയറിയ കുമ്മനത്തെ വെറുതെ വിടാതെ ട്രോളര്‍മാര്‍...

കൊച്ചി മെട്രോയുടെ ഉദ്ഘാടന യാത്രയില്‍ പ്രോട്ടോക്കോള്‍ തെറ്റിച്ച് പ്രധാനമന്ത്രിക്കൊപ്പം സഞ്ചരിച്ച ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നടപടിയില്‍ വിമര്‍ശനം. പ്രധാനമന്ത്രിക്കൊപ്പം മെട്രോയില്‍ യാത്ര ചെയ്യുന്നവരുടെ പട്ടികയില്‍ കുമ്മനത്തിന്റെ പേര് ഉണ്ടായിരുന്നില്ല. ഇത് വകവയ്ക്കാതെ പ്രധാനമന്ത്രിക്കൊപ്പം പാലാരിവട്ടം സ്‌റ്റേഷന്‍ ഉദ്ഘാടനത്തില്‍ പങ്കെടുക്കുകയും ട്രെയിനില്‍ കയറിയതും.
ഗവര്‍ണര്‍ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ചീഫ് സെക്രട്ടറി നളിനി നെറ്റോ, കേന്ദ്ര നഗര വികസന മന്ത്രാലയം സെക്രട്ടറി രാജീവ് ഗൗബെ, ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്‍, കെ.എം.ആര്‍.എല്‍ എം.ഡി ഏലിയാസ് ജോര്‍ജ് എന്നിവര്‍ യാത്ര ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ നാവികസേന ആസ്ഥാനത്ത് പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ ബി.ജെ.പി നേതാക്കള്‍ക്കൊപ്പം എത്തിയ കുമ്മനം അവിടെ നിന്ന് പ്രധാനമന്ത്രിയുടെ വാഹനവ്യുഹത്തിനൊപ്പം പാലാരിവട്ടത്തേക്ക് തിരിക്കുകയായിരുന്നു.
പാലാരിവട്ടം സ്‌റ്റേഷനിലും മെട്രോ യാത്രയിലും കുമ്മനം കയറി. പ്രധാനമന്ത്രിയുടെ സുരക്ഷയും പ്രോട്ടോകോളും പറഞ്ഞ് ഇ.ശ്രീധരനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും വേദിയില്‍ നിന്ന് അകറ്റിനിര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് കുമ്മനത്തിന്റെ 'നുഴഞ്ഞുകയറ്റം'. എന്നാല്‍ അവസാന നിമിഷം കുമ്മനത്തെ ഒപ്പം കൂട്ടാന്‍ പ്രധാനമന്ത്രിയുടെ സുരക്ഷഗാര്‍ഡ് അനുമതി നല്‍കിയോ എന്നാണ് ഇനി അറിയേണ്ടത്.
അതേസമയം, നുഴഞ്ഞുകയറിയ കുമ്മനത്തെ വെറുതെ വിടാന്‍ ട്രോളര്‍മാര്‍ തീരുമാനിച്ചിട്ടില്ല. ശ്രീധരനെയും ചെന്നിത്തലയേയും ഒഴിവാക്കാന്‍ ശ്രമിച്ചവര്‍ കുമ്മനം എങ്ങനെ കയറിയെന്ന് വ്യക്തമാക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.
'കൊച്ചി മെട്രോയില്‍ ആദ്യ കള്ളവണ്ടി കയറി കുമ്മനം മാതൃകയായി, ചരിത്രം സൃഷ്ടിച്ചു' തുടങ്ങിയ ട്രോളുകളും എത്തിത്തുടങ്ങി. കുമ്മനം വലിഞ്ഞുകയറുമെന്ന് ഉറപ്പുണ്ടായിരുന്നു. അയാള്‍ക്ക് ഉളുപ്പുണ്ടാകുമെന്ന് കരുതുന്നത് അബദ്ധമാണ്. ബോബനും മോളിയിലെ പട്ടിയാണ് പുള്ളിയുടെ ഇഷ്ടകഥാപാത്രം എന്നാണ് ഒരാള്‍ ഫേസ്ബുക്കില്‍ കമന്റിട്ടത്. ചിലര്‍ക്ക് എത്രയായലും ആ നിലവാരത്തില്‍ നിന്ന് ഉയരാന്‍ കഴിയില്ലെന്ന് മാധ്യമപ്രവര്‍ത്തകനായ എസ്.ലല്ലു പോസ്റ്റ് ചെയ്തു.

പ്രോട്ടോക്കോള്‍ പ്രകാരം 1857ലെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത ഒരാള്‍ ചടങ്ങിനു വേണം എന്നു തോന്നുന്നു എന്നാണ് മറ്റൊരു പോസ്റ്റ്. നമുക്കെല്ലാവര്‍ക്കും ഉണ്ടാകും വിളിക്കാത്ത കല്യാണത്തിന് വലിഞ്ഞുകേറി വരുന്ന ഒരു ഫ്രണ്ട്.. 'ഇത് കുമ്മനത്തെ ഉദ്ദേശിച്ചല്ലെന്ന് പറയാന്‍ പറഞ്ഞു. അതിനിടെ, കുമ്മനത്തിന്റെ യാത്രയെ തന്ത്രപൂര്‍വ്വം അവഗണിക്കുന്ന മുഖ്യമന്ത്രിയുടെ പോസ്റ്റും പുറത്തുവന്നു. പ്രധാനമന്ത്രി, കേരള ഗവര്‍ണര്‍, മുഖ്യമന്ത്രി പിപണറായി വിജയന്‍, വെങ്കയ്യനായിഡു, ഏലിയാസ് ജോര്‍ജ്, ഇ.ശ്രീധരന്‍ എന്നീ യാത്രക്കര്‍ക്കൊല്ലം കൊച്ചി മെട്രോ യാത്ര തുടങ്ങി എന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പോസ്റ്റ്. കുമ്മനത്തിന്റെ പേര് പരാമര്‍ശിക്കാതെ ചിത്രം വെട്ടിമാറ്റിയായിരുന്നു പോസ്റ്റ്. ആദ്യയാത്രയില്‍ പ്രതിപക്ഷ നേതാവ്, എം.പിമാര്‍, സ്ഥലം എം.എല്‍.എ, ഗതാഗതമന്ത്രി, മേയര്‍ തുടങ്ങിയവരെ ഒഴിവാക്കിയിരുന്നു. ഈ സ്ഥാനത്താണ് കുമ്മനത്തിന്റെ യാത്ര.
https://www.facebook.com/Malayalivartha























