കാവ്യയുടെ സ്ഥാപനത്തില്‍ 'ഒരു സാധനം' കൊടുത്തെന്ന് ജിന്‍സന്റെ രഹസ്യമൊഴി

കാക്കനാടുള്ള കാവ്യാ മാധവന്റെ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ ഒരു സാധനം ഏല്‍പ്പിച്ചതായി പള്‍സര്‍ സുനി പറയുന്നത് കേട്ടതായി സുനിയുടെ സഹതടവുകാരന്‍ ജിന്‍സന്റെ രഹസ്യമൊഴി. നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡാണ് ഇതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പള്‍സര്‍ സുനിയോ അല്ലെങ്കില്‍ സഹതടവുകാരനായിരുന്ന വിഷ്ണുവോ ആയിരിക്കാം ഈ സാധനം കാവ്യയുടെ സ്ഥാപനത്തില്‍ എത്തിച്ചതെന്നാണ് സൂചന.
ജിന്‍സന്‍ കോടതിയില്‍ നല്‍കിയ രഹസ്യ മൊഴിയില്‍ നടന്‍ ദിലീപിനും സംവിധായകന്‍ നാദിര്‍ഷാക്കുമെതിരെ ചില കാര്യങ്ങള്‍ പറഞ്ഞതായും സൂചനയുണ്ട്. പള്‍സര്‍ സുനിക്ക് ഇരുവരുമായും ചില ഇടപാടുകളുണ്ടായിരുന്നുവെന്നും ജിന്‍സന്റെ മൊഴി തുടരുന്നു. പള്‍സര്‍ സുനി നാദിര്‍ഷയുമായി പ്രതിഫലത്തിന്റെ കാര്യം സംസാരിച്ചിരുന്നു. എന്നാല്‍ ഇരുവരും തമ്മില്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ തര്‍ക്കമുണ്ടായതായി തോന്നിയില്ല. പണം ആവശ്യപ്പെട്ടുള്ള കത്ത് ദിലീപിന് നേരിട്ട് നല്‍കാനായിരുന്നു ആദ്യത്തെ തീരുമാനം. സുനി പുറത്തേക്കുള്ള ഫോണ്‍ വിളികളെല്ലാം നടത്തിയത് സെല്ലിനുള്ളില്‍ നിന്ന് തന്നെയാണെന്നും ജിന്‍സന്റെ മൊഴിയില്‍ പറയുന്നു.
അതേസമയം, സുനിയുടെ സുഹൃത്തുക്കള്‍ പരാമര്‍ശിച്ച മാഡത്തിലേക്കുള്ള അന്വേഷണം കാവ്യാ മാധവന്റെ അമ്മയിലേക്ക് നീങ്ങുകയാണെന്നാണ് വിവരം. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ തേടി കാവ്യാ മാധവന്റെ സ്ഥാപനത്തില്‍ പൊലീസ് തിരച്ചില്‍ നടത്തിയിരുന്നു.
https://www.facebook.com/Malayalivartha
























