സുനിക്ക് വക്കീലന്‍മാര്‍ക്കിടയിലും വന്‍മാര്‍ക്കറ്റ്: അഡ്വ.ആളൂരും പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകനും തമ്മില്‍ കോടതിയില്‍ വാക്കേറ്റം

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ വക്കാലത്ത് ഏറ്റെടുക്കാന്‍ എത്തിയ അഡ്വ.ബി.എ.ആളൂരും മുന്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ ടെനിയും തമ്മില്‍ കോടതിക്കുള്ളില്‍ വാഗ്വാദം. അങ്കമാലി ഫസ്റ്റ്ക്‌ളാസ് ജുഡിഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ വച്ചായിരുന്നു ഇരുവരും വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടിയത്. രാവിലെ കേസ് പരിഗണിച്ചപ്പോള്‍ തന്റെ വക്കാലത്ത് ആളൂരിന് നല്‍കുകയാണെന്ന് സുനി കോടതിയെ അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ ടെനി ഇതിനെ ചോദ്യം ചെയ്തു. തുടര്‍ന്നാണ് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായത്.
കക്ഷികളെ തേടി അഭിഭാഷകര്‍ ജയിലില്‍ പോകുന്ന പതിവില്ലെന്ന് ടെനി പറഞ്ഞു. ഇതിന് ആളൂര്‍ നല്‍കിയ മറുപടി കോടതിയെ ചൊടിപ്പിച്ചു. അനാവശ്യകാര്യങ്ങള്‍ കോടതിയില്‍ പറയരുതെന്ന് ജഡ്ജി കര്‍ശന നിര്‍ദ്ദേശം നല്‍കുകയായിരുന്നു. 
അതേസമയം, ജയിലില്‍ വച്ച് തനിക്ക് മര്‍ദ്ദനമേറ്റെന്ന് സുനി കോടതിയെ അറിയിച്ചു. തുടര്‍ന്ന് കോടതി ഡോക്ടറെ വിളിച്ചുവരുത്തി വിസ്തരിച്ചു. എന്നാല്‍ ജയിലില്‍ വെച്ച് മര്‍ദ്ദനമേറ്റ കാര്യം സുനി തന്നോട് പറഞ്ഞിരുന്നില്ലെന്ന് ഡോക്ടര്‍കോടതിയെ അറിയിച്ചു.
അതിനിടെ കേസ് എറണാകുളം സെഷന്‍സ് കോടതിയിലേക്ക് മാറ്റി. സുനിയുടെ റിമാന്‍ഡ് കാലാവധി ഈ മാസം 18വരെ നീട്ടിയ കോടതി, കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റുകയും ചെയ്തു. അതേസമയം, സുനിക്ക് വേണ്ടി ആളൂര്‍ ജാമ്യാപേക്ഷ നല്‍കിയില്ല. കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റുന്നതിനാല്‍ കൂടുതല്‍ രേഖകള്‍ ലഭിച്ച ശേഷം ജാമ്യാപേക്ഷ നല്‍കുമെന്ന് ആളൂര്‍ പിന്നീട് മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. തന്റെ വക്കാലത്ത് ബി. എ ആളൂരിനെ ഏല്‍പിച്ചതായി പള്‍സര്‍ സുനി അറിയിച്ചതോടെ ആളൂരുമായി കേസ് സംസാരിക്കാന്‍ സുനിക്ക് കോടതി സമയം നല്‍കി. ഇതിനിടെ പള്‍സര്‍ സുനി നടത്തിയ ഫോണ്‍വിളികളില്‍ ശാസ്ത്രീയ തെളിവുകള്‍ക്കായി പൊലീസ് കാക്കനാട് ജയിലില്‍ പരിശോധന നടത്തുകയാണ്.
https://www.facebook.com/Malayalivartha

























