ദേവീകുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ മാനന്തവാടിയിലേയ്ക്ക് സ്ഥലം മാറ്റി.

ദേവീകുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റി സംസ്ഥാന സര്‍ക്കാര്‍. വയനാട്ടിലെ മാനന്തവാടിയിലേയ്ക്കാണ് സ്ഥലം മാറ്റിയത്. മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കാനായി ശക്തമായ നടപടിക്രമങ്ങളുമായി പോകുന്ന അവസരത്തിലാണ് ഇത്തരമൊരു സ്ഥലം മാറ്റം. മൂന്നാറില്‍ വിവി ജോര്‍ജ് എന്ന വ്യക്തി കയ്യേറിയ 22 ഏക്കര്‍ ഭൂമി ഒഴിപ്പിച്ച സബ്കളക്ടറുടെ നടപടി ഹൈക്കോടതി അംഗീകരിച്ചിരുന്നു. കളക്ടറുടെ ഇത്തരത്തിലുള്ള നടപടികള്‍ തുടര്‍ന്നിരുന്നെങ്കില്‍ വന്‍ തോതിലുള്ള കയ്യേറ്റം തടയാമായിരുന്നു. കയ്യേറ്റമൊഴിപ്പിക്കല്‍ നടപടി തുടങ്ങിയത് മുതല്‍ ശക്തമായ എതിര്‍പ്പാണ് സിപിഎം അടക്കമുള്ള പ്രാദേശിക പാര്‍ട്ടി നേതൃത്വങ്ങളില്‍ നിന്ന് ശ്രീരാം വെങ്കിട്ടരാമന്‍ നേരിട്ടിരുന്നത്.
സിപിഎം പ്രാദേശിക നേതൃത്വമാണ് ഏറ്റവും ശക്തമായി കളക്ടറെ എതിര്‍ത്തിരുന്നത്. മന്ത്രി എംഎം മണി, സിപിഎം എംഎല്‍എ എസ് രാജേന്ദ്രന്‍, സിപിഎമ്മിന്റേയും കോണ്‍ഗ്രസിന്റേയും സിപിഐയുടേയും പ്രാദേശിക നേതാക്കള്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടിയുമായി ബന്ധപ്പെട്ട് ശ്രീരാം വെങ്കിട്ടരാമനെതിരെ രംഗത്ത് വന്നിരുന്നു. പാപ്പാത്തിച്ചോലയില്‍ സ്പിരിറ്റ് ഇന്‍ ജീസസ് എന്ന ക്രിസ്ത്യന്‍ സംഘടന കയ്യേറിയ ഭൂമിയില്‍ സ്ഥാപിച്ചിരുന്ന കുരിശ് പൊളിച്ച് നീക്കിയ നടപടിയെ തുടര്‍ന്ന് ശ്രീറാം വെങ്കിട്ടരാമനെതിരെ രൂക്ഷ വിമര്‍ശനവും താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. ശ്രീരാം വെങ്കിട്ടരാമനെ 'ചെറ്റ' എന്ന് ഒരു പൊതുയോഗത്തില്‍ മന്ത്രി എംഎം മണി ഒരു പൊതുയോഗത്തില്‍ വിളിച്ചത് ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു.
https://www.facebook.com/Malayalivartha


























