കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയിലെ പഴയ ജീവനക്കാരെ കണ്ടെത്താന്‍ ശ്രമം

കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയിലെ പഴയ ജീവനക്കാരെ മാറ്റിയതായി പൊലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. നടി ആക്രമിക്കപ്പെടുന്നതിന് മുമ്പ് രണ്ട് തവണയും സംഭവത്തിന് ശേഷം ഒരു തവണയുമാണ് പള്‍സര്‍ സുനിയും കൂട്ടാളികളും ഇവിടെയെത്തിയിരുന്നത്. ആ സമയങ്ങളില്‍ ലക്ഷ്യയില്‍ ജീവനക്കാര്‍ ആയിരുന്നവരെയാണ് ഇപ്പോള്‍ തിരക്കിട്ട് മാറ്റിയതായി പൊലീസ് കണ്ടെത്തിയിരിക്കുന്നത്.
നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട സംഭവങ്ങളിലെ ഗൂഢാലോചന പുറത്ത് വരാതിരിക്കാനുള്ള കരുതിക്കൂട്ടിയുള്ള നീക്കമായി വേണം ഇതിനെ കരുതാനെന്നാണ് പൊലീസ് പറയുന്നു. അതേസമയം, ഒഴിവാക്കിയ ജീവനക്കാരെ കണ്ടെത്താനുള്ള തിരക്കിട്ട ശ്രമത്തിലാണ് അന്വേഷണ സംഘം. ഗൂഢാലോചനാ കേസിലെ നിര്‍ണായക സാക്ഷികളാണ് ഇവരെന്നാണ് സൂചന. ജീവനക്കാരെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമെ പ്രതികള്‍ കൊണ്ടുവന്ന മെമ്മറി കാര്‍ഡ് ആരെയാണ് ഏല്‍പ്പിച്ചിരിക്കുന്നതെന്ന് വ്യക്തമാകൂ.
നടിയെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയില്‍ ഏല്‍പ്പിച്ചതായാണ് കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനി പൊലീസിന് മൊഴി നല്‍കിയത്. മെമ്മറി കാര്‍ഡ് കണ്ടെടുക്കുന്നതിനായി അന്വേഷണസംഘം കാക്കനാട് മാവേലിപുരത്തെ ലക്ഷ്യയില്‍ പരിശോധന നടത്തിയിരുന്നു. എന്നാല്‍, മെമ്മറി കാര്‍ഡ് ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. കടയിലെ പണമിടപാട് സംബന്ധിച്ച രേഖകളും കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക്ക് ഉള്‍പ്പെടെയുള്ള തെളിവുകളുമാണ് പൊലീസ് പിടിച്ചെടുത്തത്.
പള്‍സര്‍ സുനിയും കൂട്ടാളികളും കടയിലെത്തിയ സമയങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന്റെ നേതൃത്വത്തില്‍ പരിശോധിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും പഴയ ദൃശ്യങ്ങള്‍ കണ്ടെടുക്കാന്‍ സാധിച്ചിരുന്നില്ല. കമ്പ്യൂട്ടറില്‍ പരമാവധി പത്തു ദിവസം മുമ്പ് വരെയുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ മാത്രമാണ് സൂക്ഷിച്ചിരുന്നതായി കണ്ടെത്തിയിരുന്നത്. ഈ സാഹചര്യത്തില്‍ മുന്‍ ജീവനക്കാരുടെ മൊഴി കേസന്വേഷണത്തില്‍ ഏറെ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍.
https://www.facebook.com/Malayalivartha


























