ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ട് നഴ്‌സുമാര്‍ ശക്തമായ സമരത്തിലേയ്ക്ക് ആശുപത്രികള്‍ ഭാഗികമായി പ്രവര്‍ത്തിപ്പിക്കാന്‍ മാനേജ്‌മെന്റുകളുടെ തീരുമാനം

ശമ്പളവര്‍ധന ആവശ്യപ്പെട്ട് സമരം നടത്തുന്ന സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ 17 മുതല്‍ സമ്പൂര്‍ണ പണിമുടക്ക് പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ സര്‍വിസുകള്‍ നിര്‍ത്തിവെച്ച് ഭാഗികമായി പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനം. അസോസിയേഷന്‍ ഓഫ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്‌സ് ഇന്ത്യ തിരുവനന്തപുരം ചാപ്റ്റര്‍ ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
തിങ്കളാഴ്ച മുതല്‍ നഴ്‌സുമാര്‍ ആരംഭിക്കുന്ന സമരത്തെക്കുറിച്ച് നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. കിടത്തിചികിത്സയും ശസ്ത്രക്രിയകളും നിര്‍ത്തിവെക്കും. അത്യാഹിതവിഭാഗം, അത്യാവശ്യ ശസ്ത്രക്രിയകള്‍, പരിമിതമായ ഒ.പി എന്നിവയേ ഉണ്ടാകൂ. ഐ.സി.യുവിലേക്ക് പുതിയ രോഗികളെ പ്രവേശിപ്പിക്കില്ല. ഡയാലിസിസ്, പ്രസവവിഭാഗം എന്നിവ പ്രവര്‍ത്തിക്കും. കാത്ത്‌ലാബില്‍ പ്രാഥമിക ആന്‍ജിയോ പ്ലാസ്റ്റി മാത്രമേ നടത്തൂവെന്നും അവര്‍ അറിയിച്ചു.
ജൂലൈ 11ന് നഴ്‌സുമാര്‍ നടത്തിയ സൂചന പണിമുടക്ക് ആശുപത്രികളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചതാണ് സേവനങ്ങള്‍ പരിമിതപ്പെടുത്താന്‍ മാനേജ്മന്റെുകളെ പ്രേരിപ്പിച്ചത്. തിങ്കളാഴ്ച മുതല്‍ സ്വകാര്യ ആശുപത്രികള്‍ ഭാഗികമായി മാത്രമേ പ്രവര്‍ത്തിക്കൂ. വേതനവര്‍ധനവിന്റെ ആവശ്യമുണ്ടെന്ന് സമ്മതിക്കുന്നെന്നും എന്നാല്‍ അത് ജനങ്ങള്‍ക്കും ആശുപത്രികള്‍ക്കും അമിതഭാരമുണ്ടാക്കുന്ന രീതിയിലാവരുതെന്ന് നിര്‍ബന്ധമുണ്ടെന്നും ഭാരവാഹികളായ ഡോ. എം.ഐ. സഹദുല്ല, ഡോ. മാര്‍ത്താണ്ഡംപിള്ള, ഡോ. ജോണ്‍പണിക്കര്‍, പി.കെ. നഹാസ്, ഇ.എം. നജീബ്, ഡോ. എബ്രഹാം തോമസ്, ഡോ. രാജേഷ് വിജയന്‍, ഡോ. ഏല്യാസ്,ശിവന്‍കുട്ടി തുടങ്ങിയവര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ 17 മുതല്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങും. ജില്ല കേന്ദ്രങ്ങളില്‍ സത്യഗ്രഹമിരിക്കുന്നവര്‍ 21 മുതല്‍ സെക്രട്ടേറിയറ്റ് പടിക്കലേക്ക് സമരം മാറ്റുമെന്ന് യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യു.എന്‍.എ) പ്രസിഡന്റ് ജാസ്മിന്‍ഷാ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സുപ്രീംകോടതിയും ബലരാമന്‍, വീരകുമാര്‍ കമ്മിറ്റികളും നിര്‍ദേശിച്ച ശമ്പളം പ്രഖ്യാപിക്കുംവരെ അനിശ്ചിതകാലം സെക്രട്ടേറിയറ്റ് വളയുംവിധം സമരം ചെയ്യാന്‍ സംസ്ഥാന ജനറല്‍ കൗണ്‍സില്‍ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha

























