ജാഗ്രത പാലിക്കുക! ആളുകള്‍ക്ക് വളരെയധികം ഉപകാരപ്രദമാവുന്നതാണ് ഈ മുന്നറിയിപ്പ്
നിത്യജീവിതത്തില്‍ ആളുകള്‍ക്ക് വളരെയധികം ഉപകാരപ്രദമാവുന്നതാണ് ഈ മുന്നറിയിപ്പ്. ഫേസ്ബുക്കിലൂടെയാണ് കേരള പോലീസീന്റേതെന്ന രീതിയില്‍ ഈ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പ്രചരിക്കുന്നത്. അര്‍ദ്ധരാത്രി പന്ത്രണ്ട് മണിയ്ക്കും നാല് മണിയ്ക്കും ഇടയിലുള്ള സമയത്താണ് വീടുകളില്‍ കവര്‍ച്ച നടക്കുന്നതെന്നും മോഷണങ്ങള്‍ക്കും വന്‍ കവര്‍ച്ചകള്‍ക്കും തടയിടാന്‍ കേരളാപോലീസ് നല്‍കുന്ന ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും പരമാവധി ആളുകളിലേയ്‌ക്കെത്തിക്കാനും പരിശ്രമിക്കണം എന്നു പറഞ്ഞുകൊണ്ടാണ് ഈ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. പോസ്റ്റിന്റെ ആധികാരികത എത്രമാത്രമുണ്ടെന്ന് വ്യക്തമല്ലെങ്കിലും നിത്യജീവിതത്തില്‍ ആളുകള്‍ക്ക് വളരെയധികം ഉപകാരപ്രദമാവുന്നതാണ് ഈ മുന്നറിയിപ്പ്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെയാണ്...
ജാഗ്രത പാലിക്കുക, അര്‍ദ്ധരാത്രി 2 മണിക്കും 4 മണിക്കും ഇടക്കാണ് അത് സംഭവിക്കുന്നത്. പൊതു ജനങ്ങള്‍ക്ക് കേരളപോലീസിന്റെ മുന്നറിയിപ്പ്. വര്‍ധിച്ചു വരുന്ന മോഷണങ്ങള്‍ക്കും വന്‍ കവര്‍ച്ചകള്‍ക്കും തടയിടാന്‍ കേരള പോലീസിന്റെ നിര്‍ദ്ദേശങ്ങള്‍. അര്‍ദ്ധരാത്രി രണ്ടിനും നാലിനും ഇടയിലാണ് കവര്‍ച്ചകള്‍ നടക്കുന്നത്. മാരകായുധങ്ങളുമായി സംഘടിതമായി വരുന്ന കവര്‍ച്ചക്കാരുടെ അടുത്ത ഇര നമ്മള്‍ ആവാതിരിക്കാന്‍ പോലീസ് പറയുന്ന ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് ഗുണകരമാകും.
1. കവര്‍ച്ച നടന്ന എല്ലാ വീടുകളിലും അടുക്കള വാതില്‍ തകര്‍ത്താണ് കള്ളന്മാര്‍ അകത്ത് കയറിയിട്ടുള്ളത്. അതുകൊണ്ടുതന്നെ എല്ലാവാതിലുകളും ഉറപ്പുള്ളതാക്കുകയും ലോക്ക് ചെയ്യുകയും ചെയ്യുക. വാതിലിന്റെ പുറകില്‍ ഇരുമ്പിന്റെ ചട്ട പിടിപ്പിച്ചാല്‍ കൂടുതല്‍ സുരക്ഷ ലഭിക്കും, ജനല്‍ പാളികള്‍ രാത്രി അടച്ചിടുക. പകലായാലും രാത്രയായാലും അപരിചിതര്‍ ബെല്ലടിച്ചാല്‍ വാതില്‍ തുറക്കാതെ ജനല്‍ വഴി കാര്യം അന്വേഷിക്കുക.
2. വീടിനു പുറത്തും അടുക്കളഭാഗത്തും മറ്റു രണ്ടു ഭാഗങ്ങളിലും രാത്രി ലൈറ്റ് ഓഫാക്കാതിരിക്കുക.
3. അപരിചിതരായ സന്ദര്‍ശകര്‍, പിരിവുകാര്‍, പഴയ വസ്ത്ര പാഴ്‌വസ്തു ശേഖരിക്കുന്നവര്‍ ,യാചകര്‍,പുതപ്പ് പോലുളളവ വില്‍ക്കുന്ന കച്ചവടക്കാര്‍, പ്രാദേശിക വഴികളിലൂടെ ബൈക്കിലോ മറ്റു വാഹനങ്ങളിലോ സംശയാസ്പദമായ രീതിയില്‍ സഞ്ചരിക്കുന്നവര്‍ തുടങ്ങിയവരെ ശ്രദ്ധിക്കുക. പ്രത്യേകിച്ച് സ്വന്തം വീട്ടിലും അയല്‍വക്കങ്ങളിലുമൊക്കെ ജോലി ചെയ്യുന്ന അന്യ സംസ്ഥാന തൊഴിലാളികളുടെമേല്‍ ജാഗ്രത പാലിക്കുക.
4. കവര്‍ച്ചക്കാര്‍ക്ക് ഉപയോഗപ്രദമാവുന്ന ഉപകരണങ്ങള്‍ , ആയുധങ്ങള്‍, പാര, മഴു, ഗോവണി എന്നിവ വീട്ടില്‍ അവര്‍ക്ക് കിട്ടാത്ത രീതിയില്‍ സുരക്ഷിതമാക്കി വയ്ക്കുക. രാത്രി പുറത്ത് ടാപ്പില്‍ നിന്ന് വെള്ളം പോകുന്ന ശബ്ദം കേട്ടാല്‍ പുറത്ത് ഇറങ്ങരുത്. രാത്രി ഉമ്മറത്ത് കൊച്ചു കുട്ടികളുടെ കരച്ചില്‍ കേട്ടാല്‍ ഉടന്‍ അയല്‍ വാസികളെ വിവരം അറിയിക്കുകയും, വാതില്‍ തുറക്കാതിരിക്കുകയും ചെയ്യുക.
5. എപ്പോഴും ഉപയോഗിക്കുന്നില്ലാത്ത സ്വര്‍ണ്ണാഭരണങ്ങള്‍ വീട്ടില്‍ സൂക്ഷിക്കാതിരിക്കുക.
6. കവര്‍ച്ച നടന്നാല്‍ ഉടന്‍ മറ്റുള്ളവരെ അറിയിക്കുകയും സംഘടിതമായി, വാഹനത്തില്‍, ഒരേ സമയം നാലു ഭാഗവും അന്വേഷണം നടത്തുകയും ചെയ്യുക.
7. പോലീസ് വരുന്നതിന് മുന്‍പ് കവര്‍ച്ച നടന്ന മുറി, വാതില്‍, അവര്‍ ഉപയോഗിച്ച വസ്തുക്കള്‍ എന്നിവ തൊട്ട് വിരലടയാളം പോലുള്ള തെളിവുകള്‍ നശിപ്പിക്കാതിരിക്കുക.
8. കൂടുതല്‍ സുരക്ഷയാവശ്യമുള്ളവര്‍ വീടിന്റെ പരമാവധി സ്ഥലങ്ങളില്‍ സിസടിവി സ്ഥാപിക്കുക.
9. കവര്‍ച്ച ശ്രമം നടന്നെന്ന് മനസിലായാല്‍ ആയുധവും വെളിച്ചവും ഇല്ലാതെ ഒറ്റക്ക് പുറത്തിറങ്ങാതിരിക്കുക.
10. രാത്രി മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആക്കാതിരിക്കുക, അയല്‍ വീടുകളിലെ നമ്പര്‍ ശേഖരിച്ച് പെട്ടെന്ന് കാണാവുന്ന രീതിയില്‍ വയ്ക്കുക. പോലീസ് സ്‌റ്റേഷന്‍ നമ്പര്‍ എല്ലാ വീട്ടിലും സൂക്ഷിക്കുക.
11. നിങ്ങളുടെ നാട്ടിലോ ടൗണിലോ പുതുതായി അപരിചിതരോ അന്യസംസ്ഥാനക്കാരോ വാടകയ്ക്ക് താമസിക്കുന്നുണ്ടെങ്കില്‍/ അവരെക്കുറിച്ചുള്ള വിവരം അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ അറിയിക്കുകയും ചെയ്യുക.
നിസാരമെന്ന് തോന്നാമെങ്കിലും ഇരകളായി തീര്‍ന്നാല്‍ ഇതെല്ലാം ഗൗരവമായി തീരും. നാളത്തെ ഇര നാമാവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും ഈ വിവരം മറ്റുള്ളവരിലേയ്ക്കുകൂടി ഷെയര്‍ ചെയ്യുകയും ചെയ്യുക.
https://www.facebook.com/Malayalivartha