ഇനിയും കൂടുതൽ വമ്പൻ താരങ്ങൾ കുടുങ്ങുമെന്ന് സൂചന നൽകി പൾസർ സുനി
പൾസർ സുനിയുടെ റിമാൻഡ് കാലാവധി നീട്ടി. പള്‍സര്‍ സുനിയെ അങ്കമാലി കോടതിയില്‍ ഹാജരാക്കിയപ്പോൾ കഥ പകുതി മാത്രമേ ആയിട്ടുള്ളൂവെന്ന് സുനി മാധ്യമങ്ങളോട് പറഞ്ഞു. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ അഡ്വ.ആളൂര്‍ പറഞ്ഞു. അതേസമയം നിസഹകരിച്ച ദിലീപിനെ ചോദ്യം ചെയ്യലില്‍ പൊലീസ് കുടുക്കി. സുനിയോട് നടിയുടെ നഗ്നദൃശ്യങ്ങള്‍ ദിലീപ് ആവശ്യപ്പെട്ടു എന്ന നിഗമനത്തിലെത്താന്‍ കഴിയുന്ന മറുപടികള്‍ പൊലീസിന് ലഭിച്ചെന്നാണ് വിവരം. സുനിക്ക് പണം വാഗ്ദാനം ചെയ്തെങ്കിലും ബലപ്രയോഗം നടത്തുമെന്ന് കരുതിയില്ല എന്നായിരുന്നു നിലപാട്.
നടിയുമായി ഉറ്റബന്ധത്തിലാണെന്ന് സുനി ധരിപ്പിച്ചിരുന്നു. എടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തായാല്‍ താന്‍ കുടുങ്ങില്ലേ എന്ന് സുനി ചോദിച്ചിരുന്നു. ഫോണ്‍ നന്നാക്കാന്‍ കൊടുത്തപ്പോള്‍ ദൃശ്യങ്ങള്‍ നഷ്ടപ്പെട്ടെന്നു പറയണമെന്ന് ധാരണയുണ്ടാക്കിയെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. അതേസമയം, കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച കേസില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു. പള്‍സര്‍ സുനിയുടെ സുഹൃത്ത് കോതമംഗലം സ്വദേശി എബിനാണ് പിടിയിലായത്. 2011ല്‍ നടന്ന സംഭവത്തില്‍ കൊച്ചി പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തതിന് പിന്നാലെയാണ് എബിന്‍ കസ്റ്റഡിയിലായത്.
അതിനിടെ ദിലീപ് റിമാന്‍ഡില്‍ കഴിയുന്ന ആലുവ സബ്ജയിലില്‍ ഇരട്ടക്കൊലക്കേസ് പ്രതിയായിരുന്ന ചിട്ടി കമ്പനിയുടമ സന്ദര്‍ശനം നടത്തിയത് വിവാദമായി. നടന് ജയിലില്‍ സൗകര്യങ്ങളൊരുക്കാനായി ജയിലധികൃതരെ സ്വാധീനിക്കാനായിരുന്നു സന്ദര്‍ശനമെന്നാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്. സംഭവത്തെ പറ്റി ജയില്‍വകുപ്പ് അനൗദ്യോഗിക അന്വേഷണം തുടങ്ങി. എന്നാല്‍ ചിട്ടക്കമ്പനി ഉടമയുടെ സന്ദര്‍ശനത്തില്‍ ദുരൂഹതയില്ലെന്നും സൂപ്രണ്ടിനെ കാണാനാണ് ഇയാള്‍ എത്തിയതെന്നുമാണ് ജയില്‍ അധികൃതരുടെ വിശദീകരണം.
സന്ദര്‍ശകര്‍ക്ക് അനുമതിയില്ലാത്ത ഞായറാഴ്ചയാണ് ഇരട്ടക്കൊലക്കേസ് പ്രതിയായ ചിട്ടിക്കമ്പനി ഉടമ ആലുവ സബ്ജയിലിലെത്തിയത്. സൂപ്രണ്ടിന്റെ മുറിയിലെത്തിയ ഇയാള്‍ മുക്കാല്‍ മണിക്കൂറോളം സൂപ്രണ്ടിനൊപ്പം ചെലവഴിച്ചു. ജയിലില്‍ കഴിയുന്ന വിഐപി തടവുകാര്‍ക്കും ജയില്‍ ഉദ്യോഗസ്ഥര്‍ക്കുമിടയില്‍ ഇടനിലക്കാരനായി അറിയപ്പെടുന്ന ഇയാള്‍ ജയില്‍ സന്ദര്‍ശിച്ചത് ദിലീപിനെ സഹായിക്കാന്‍ വേണ്ടിയാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
എന്നാല്‍ തന്റെ പഴയ സുഹൃത്താണ് ചിട്ടിക്കമ്പനി ഉടമയെന്നും വ്യക്തിപരമായ കൂടിക്കാഴ്ച മാത്രമാണുണ്ടായതെന്നും ജയില്‍ സൂപ്രണ്ട് വിശദീകരിച്ചു. അതേസമയം ജയില്‍ ജീവനക്കാരില്‍ ചിലരില്‍നിന്നുതന്നെ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ സംഭവത്തെപ്പറ്റി ജയില്‍ വകുപ്പ് അനൗദ്യോഗിക അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha