2011ല്‍ നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പള്‍സര്‍ സുനിയെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും

2011ല്‍ കൊച്ചിയിലെ സിനിമാസെറ്റില്‍ നിന്ന് നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ സുനില്‍കുമാറിനെ (പള്‍സര്‍ സുനി) പൊലീസ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. കൊച്ചിയിലെ സിനിമാ സെറ്റില്‍ നിന്ന് നടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ പള്‍സര്‍ സുനിയുടെ അറസ്റ്റ് എറണാകുളം സെന്‍ട്രല്‍ പൊലീസ് ജയിലിലെത്തി രേഖപ്പെടുത്തിയിരുന്നു.
കുടുതല്‍ ചോദ്യം ചെയ്യുന്നതിനായാണ് സുനിയെ കസ്റ്റഡിയില്‍ വാങ്ങുന്നത്. ഇതോടൊപ്പം ദിലീപുമായി ബന്ധപ്പെട്ട ഗൂഢാലോചന സംബന്ധിച്ചും പള്‍സര്‍ സുനിയില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ ശേഖരിക്കും. കൊച്ചിയില്‍ സിനിമ ചിത്രീകരണത്തിനെത്തിയ നടിയെ പള്‍സര്‍ സുനിയുടെ നിര്‍ദ്ദേശ പ്രകാരം വാനില്‍ കയറ്റിയ സംഘം തട്ടിക്കൊണ്ടുപോകാനായി നഗരത്തിലൂടെ ചുറ്റിക്കറക്കിയെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് കോതമംഗലം സ്വദേശികളായ എബിന്‍, വിബിന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
കൊച്ചിയില്‍ യുവനടിയെ വാഹനത്തില്‍ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ ഒന്നാം പ്രതിയാണ് സുനില്‍കുമാര്‍. അതിനിടെ, സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിക്കും. പ്രതീഷ് ചാക്കോയുടെ അഭിഭാഷകനു ഹാജാരാകാന്‍ കഴിയാത്തതിനാല്‍ ചൊവ്വാഴ്ച ജാമ്യാപേക്ഷ മാറ്റിയിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ ഹാജരായി ചോദ്യം ചെയ്യലിനു വിധേയനാകാന്‍ പ്രതീഷ് ചാക്കോയോട് കോടതി നിര്‍ദേശിച്ചിരുന്നു. കുറ്റക്കാരനല്ലെന്നു തെളിഞ്ഞാല്‍ അറസ്റ്റുണ്ടാകില്ലെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ ഇടക്കാല ജാമ്യം അനുവദിക്കാന്‍ കോടതി തയ്യാറായില്ല.
അതേസമയം, നടന്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി സംസ്ഥാനത്തിന് പുറത്തേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചു.
https://www.facebook.com/Malayalivartha




















