കൂട്ടുകാരെ ജാമ്യത്തിലിറക്കാന്‍ ചെന്ന യുവാവിന് പോലീസുകാരുടെ ക്രൂരമായ മര്‍ദ്ദനം; അന്വേഷണത്തിന് ഉത്തരവ്

കളമശേരി പൊലീസ് സ്‌റ്റേഷനിലെ കസ്റ്റഡി മര്‍ദ്ദനത്തെക്കുറിച്ച് അന്വേഷിക്കാന്‍ കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ ഉത്തരവിട്ടു. തൃക്കാക്കര അസിസ്റ്റന്റ്് കമ്മിഷണര്‍ക്കാണ് അന്വേഷണ ചുമതല.
പെറ്റിക്കേസില്‍ പെട്ട കൂട്ടുകാരെ ജാമ്യത്തിലിറക്കാന്‍ ചെന്ന പുത്തന്‍കുരിശ് സ്വദേശി ജയരാജിനെ ഇക്കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെയാണ് കളമശേരി എസ്‌ഐയും സംഘവും ക്രൂരമായി മര്‍ദ്ദിച്ചത്. ഗുരുതരമായി പരുക്കേറ്റ ജയരാജിനെതിരെ എസ്‌ഐയെ മര്‍ദ്ദിച്ചെന്ന പേരില്‍ കേസെടുത്തു റിമാന്‍ഡ് ചെയ്യുകയും ചെയ്തു. സംഭവം വിവാദമായതോടെയാണ് അന്വേഷണം നടത്താന്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ഉത്തരവിട്ടത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആവശ്യമെങ്കില്‍ നടപടി സ്വീകരിക്കുമെന്നും സിറ്റി പൊലീസ് കമ്മിഷണര്‍ എം.പി.ദിനേശ് അറിയിച്ചു.
ഇതിനിടെ, മര്‍ദ്ദനമേറ്റു ഗുരുതരാവസ്ഥയില്‍ കളമശേരി മെഡിക്കല്‍ കോളജില്‍ കഴിയുന്ന ജയരാജിനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു. സാധാരണക്കാരനു പൊലീസ് സ്‌റ്റേഷനില്‍ കയറാന്‍ കഴിയാത്ത സ്ഥിതിയാണു കേരളത്തിലെന്നു പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയ എസ്‌ഐ ഇ.വി.ഷിബുവടക്കമുളള ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ടു സമരം തുടങ്ങുമെന്നു യുഡിഎഫ് പ്രാദേശിക നേതൃത്വം അറിയിച്ചു.
https://www.facebook.com/Malayalivartha
























