കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ എവിടെയാണ്?

കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ എവിടെയാണ്..? ഏറെ നാളായി അദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും കേട്ടിട്ട്. കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റ് അനക്‌സിലെ മട്ടുപ്പാവില്‍ ജൈവകൃഷി കാണാനെത്തിയ പടം ഒഴിച്ചു നിര്‍ത്തിയാല്‍ അദ്ദേഹം ഏറെ കുറെ നിശബ്ദനാണ്.
സി.പി.എം-സി.പി.ഐ തര്‍ക്കത്തിലെ ഇരയാണ് സുനില്‍കുമാര്‍. ആതിരപ്പള്ളി നടപ്പിലാക്കാന്‍ പോകുമ്പോള്‍ പോലും ഒരു കാലത്ത് പദ്ധതിയെ അതിശക്തമായി എതിര്‍ത്ത സുനില്‍ കുമാര്‍ ഇന്ന് രംഗത്തില്ല. കാരണം സുനിലിനറിയാം, താന്‍ വിചാരിച്ചാല്‍ ഒന്നും നടക്കില്ല.
ആതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുടെ പേരില്‍ ഇരുമുന്നണികളിലും കലഹത്തിന് വഴിയൊരുങ്ങുകയാണ്. പദ്ധതി വേണ്ടെന്ന് പരസ്യ നിലപാടെടുത്ത ചെന്നിത്തലക്കെതിരെ ഉമ്മന്‍ ചാണ്ടിയും പദ്ധതി വേണമെന്ന് പറയുന്ന സി.പി.എമ്മിനെതിരെ സി.പി.ഐയും രംഗത്തെത്തി. അതേ സമയം എന്തു വില കൊടുത്തും പദ്ധതി നടപ്പിലാക്കുമെന്നാണ് സര്‍ക്കാര്‍ നിലപാട്. അപ്പോഴും സുനില്‍ സെക്രട്ടേറിയറ്റില്‍ തന്നെയുണ്ട്.
പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഓരോ പുതിയ പദ്ധതിയും കോടിക്കണക്കിനു രൂപയാണ് സംസ്ഥാനത്തെത്തിക്കുന്നത്. കോഴയായി പോക്കറ്റുകളിലേക്കും സമ്പത്തായി ഖജനാവിലേക്കും തുക വരും. അതു കൊണ്ട് തന്നെ പുതിയ പദ്ധതികള്‍ എതിര്‍ത്താലും സര്‍ക്കാര്‍ നടപ്പിലാക്കും.
1500 കോടി ചെലവു വരുന്ന പദ്ധതിയാണ് ആതിരപ്പള്ളി. യഥാര്‍ത്ഥത്തില്‍ പദ്ധതി നടപ്പിലാക്കുന്നത് മുഖ്യമന്ത്രി നേരിട്ടാണ്. കടകംപള്ളി സുരേന്ദ്രനെ വൈദ്യുത മന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കിയത് ആതിരപ്പള്ളി നടപ്പിലാക്കാന്‍ വേണ്ടിയാണ്. മന്ത്രി കടകംപള്ളി പദ്ധതിക്ക് എതിരായതുകൊണ്ടല്ല അദ്ദേഹത്തെ മാറ്റിയത്. പുതിയ പദ്ധതി നടപ്പിലാക്കുമ്പോള്‍ മന്ത്രി മണിയെയാണ് പിണറായിക്ക് കൂടുതല്‍ വിശ്വാസം.
പരിസ്ഥിതി അനുമതി നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടിയാണ് ആതിരപ്പള്ളി നിര്‍മ്മാണം ആരംഭിച്ചത്. ഇതിനായി വ്യാജരേഖയുണ്ടാക്കിയെന്നാണ് രമേശിന്റെ ആരോപണം. ആര്യാടന്‍ മുഹമ്മദും മന്ത്രി എ.കെ ബാലനും പദ്ധതിക്ക് പൂര്‍ണമായും അനുകൂലമാണ്. ആതിരപ്പള്ളി നടപ്പിലാക്കണമെന്നു തന്നെയാണ് ഉമ്മന്‍ ചാണ്ടിയുടെയും നിലപാട്.
രമേശിന്റെ നിലപാട് എ ഗ്രൂപ്പ് തള്ളികളയുകയാണ്. സംസ്ഥാനത്തിന്റെ പൊതുതാത്പര്യത്തിന് ആരും എതിരു നില്‍ക്കരുതെന്നാണ് എ ഗ്രൂപ്പ് പറയുന്നത്. ആതിരപ്പള്ളിയെ എതിര്‍ക്കരുതെന്ന് മുതിര്‍ന്ന സി.പി.എം നേതാക്കള്‍ ചെന്നിത്തലയോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം സമ്മതിച്ചിട്ടില്ല.
താന്‍ ജീവിച്ചിരിക്കുമ്പോള്‍ പദ്ധതി നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നാണ് മുന്‍ വനം മന്ത്രി ബിനോയ് വിശ്വത്തിന്റെ അഭിപ്രായം. എന്നാല്‍ ബിനോയിയുടെ അഭിപ്രായത്തോട് പാര്‍ട്ടിയിലെ ഉന്നതര്‍ക്ക് തന്നെ അഭിപ്രായ ഐക്യമില്ല. വെറുതെ സി.പി.എമ്മിനെ പ്രകോപിപ്പിക്കേണ്ടെന്നാണ് സി.പി.ഐയുടെ നിലപാട്. കാനവും ബിനോയിയോട് യോജിക്കുന്നില്ല. ഏത് വിഷയവും പാര്‍ട്ടി ചര്‍ച്ച ചെയ്യട്ടേ എന്നാണ് കാനം പറഞ്ഞത്. സി.പി.എമ്മുമായി ഒരു തരത്തിലുള്ള യുദ്ധത്തിനും കാനം തയ്യാറല്ല. അങ്ങനെ യുദ്ധം ചെയ്തതു കൊണ്ട് ഒരു പ്രയോജനവുമില്ലെന്നാണ് കാനം പറയുന്നത്. മാത്രവുമല്ല അത് മുന്നണി ബന്ധങ്ങള്‍ വഷളാക്കുകയും ചെയ്യും.
ആതിരപ്പിള്ളി പദ്ധതി നടപ്പിലാക്കുമോ എന്ന തര്‍ക്കം ഇനിയില്ല. ഇത്തരം പദ്ധതികള്‍ വഴി കേരളം സ്വയംപര്യാപ്തമാകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.
https://www.facebook.com/Malayalivartha



























