ഗോരഖ്പൂര്‍ ദുരന്തത്തില്‍ മരിച്ച കുരുന്നുകള്‍ക്ക് സംസ്ഥാനത്തിന്റെ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മുഖ്യമന്ത്രി

ഗോരഖ്പൂര്‍ ദുരന്തത്തില്‍ മരിച്ച കുരുന്നുകള്‍ക്ക് സംസ്ഥാനത്തിന്റെ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വാതന്ത്ര്യദിന സന്ദേശം. 75 കുട്ടികള്‍ ശ്വാസം കിട്ടാതെ മരിച്ചത് ഏത് പൗരനാണ് സഹിക്കാനാവുക. ഒരുവിധത്തിലും തിരിച്ചു പിടിക്കാനാകാത്ത നന്മയുടെ നഷ്ടമാണിതെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീസുരക്ഷ, ലിംഗനീതി. ക്രമസമാധാനം എന്നീ മേഖലകളില്‍ സര്‍ക്കാരിന് വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഴിമതി നമ്മുടെ രാജ്യത്തിന്റെ പുരോഗതിയെ പിന്നോട്ടടിക്കും. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും അഴിമതിയുടെ ചെളിക്കുണ്ടില്‍ വീണ്‌പോയതായും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ദളിത് മുസ്‌ലീം ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ അരക്ഷിതരാണെന്ന മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ വാക്കുകള്‍ ശ്രദ്ധേയമാണ്.എന്നാല്‍ തന്റെ നീണ്ട കാലത്തെ അനുഭവ സമ്പത്തിന്റെ വെളിച്ചത്തില്‍ അദ്ദേഹം നടത്തിയ പരാമര്‍ശത്തിനെതിരെ ഉത്തരവാദപ്പെട്ടവര്‍ പോലും രംഗത്ത് വന്നത് നാം കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

വൈവിധ്യങ്ങളുടെ ദേശീയതയാണ് ഇന്ത്യയുടേത്. ഈ ദേശീയതയില്‍ വെള്ളം ചേര്‍ക്കുന്നത് തടയണം. ദേശീയത മതവിദ്വേഷത്തിനും സങ്കുചിതത്വത്തിനും വഴിമാറുന്നത് അപകടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ ദേശീയ പതാക ഉയര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. വിവിധ സേനാ വിഭാഗങ്ങളുടെയും, അശ്വാരൂഡ സേന, എന്‍.സി.സി,സ്റ്റുഡന്റസ് പൊലീസ് കേഡറ്റുകള്‍ തുടങ്ങിയവരുടെയും ആഭിവാദ്യം മുഖ്യമന്ത്രി സ്വീകരിച്ചു. രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍, മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകള്‍ എന്നിവയുടെ വിതരണവും നടന്നു.
https://www.facebook.com/Malayalivartha
























