എൻ.സി.പി പാർട്ടി സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി മാറ്റിവച്ചു

ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ കായൽ കൈയ്യേറ്റ വിവാദത്തോടെ രൂക്ഷമാകുന്നതിനിടെ 20ന് കൊച്ചിയിൽ ചേരുന്ന പാർട്ടി സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി മാറ്റിവച്ചു. ഉഴവൂർ വിജയന്റെ മരണത്തെ ചൊല്ലി എൻ.സി.പിയിൽ രാഷ്ട്രീയ പ്രതിസന്ധി ഉരുണ്ടു കൂടിയ സാഹചര്യം നിലവിലുണ്ട്. വിജയന്റെ മരണത്തിന് കാരണക്കാരനെന്ന് പാർട്ടിയിലെ ഒരു വിഭാഗം ആരോപണം ഉന്നയിക്കുന്ന ആഗ്രോ ഇൻഡസ്ട്രീസ് ചെയർമാൻ സുൾഫിക്കർ മയൂരിക്കെതിരായ നടപടിയും 20 ലെ യോഗം ചർച്ച ചെയ്യാനിരുന്നതാണ്.
നിലവിലെ സാഹചര്യത്തിൽ യോഗം ചേരാനാവാത്ത സ്ഥിതിയാണുള്ളത്. 42 അംഗ എക്സിക്യുട്ടീവിൽ ഭൂരിപക്ഷം അംഗങ്ങളും തോമസ് ചാണ്ടി വിരുദ്ധ ഗ്രൂപ്പിലാണ്.
അംഗത്വ നടപടികൾ പൂർത്തിയാക്കി 2018ലാണ് പാർട്ടി ഭാരവാഹി തിരഞ്ഞെടുപ്പ് നടക്കേണ്ടത്. താത്ക്കാലിക പ്രസിഡന്റായ ടി.പി.പീതാംബരൻ മാസ്റ്റർക്കു പകരം പുതിയ പ്രസിഡന്റ് അതിനു ശേഷമേ ഉണ്ടാവൂ.
വിജയന്റെ മരണത്തിനു പിന്നിലെ ദുരൂഹത നീക്കണമെന്ന് കഴിഞ്ഞ ദിവസം പാർട്ടിയുടെ എട്ട് ജില്ലാ പ്രസിഡന്റുമാർ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്തിക്ക് വിജയന്റെ ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്ന് ക്രൈംബ്രാഞ്ച് കേസ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. വിജയന്റെ ഉഴവൂരിലെ വീട്ടിലെത്തി ബന്ധുക്കളിൽ നിന്ന് പൊലീസ് തെളിവെടുത്തു. ഈ സാഹചര്യത്തിൽ മയൂരിക്കെതിരെ പാർട്ടി നടപടി ഉണ്ടാവുന്നില്ലെങ്കിൽ എൻ.സി.പി യിൽ വലിയ പൊട്ടിത്തെറിക്ക് അത് വഴിയൊരുക്കും.
നേരത്തെ എൻ.സി.പിയിൽ എത്തിയ ഒരു വിഭാഗം കോൺഗ്രസ് എസ് പ്രവർത്തകർ മാതൃപാർട്ടിയിലേയ്ക്കു മടങ്ങുമെന്ന പ്രചാരണവുംഇതിനകം ശക്തമായിട്ടുണ്ട്. ഭൂമി കൈയ്യേറ്റആരോപണം മുറുകിയതോടെ തോമസ് ചാണ്ടിയെ പുറത്താക്കി എ. കെ.ശശീന്ദ്രനെ മന്ത്രിസഭയിലേക്ക് തിരികെയെത്തിക്കാനുള്ള നീക്കവും തുടങ്ങിയതായി അറിയുന്നു. ഇതിന്റെ ഭാഗമായി ഹണിട്രാപ്പ് കേസ് അവസാനിപ്പിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.
https://www.facebook.com/Malayalivartha























