ആറ് അപ്പാച്ചെ ഹെലിക്കോപ്റ്ററുകള്‍ ഇന്ത്യ വാങ്ങുന്നു; യുഎസ് നിര്‍മിതമായ ആറ് അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ ആറുമാസത്തിനുള്ളില്‍ വാങ്ങുന്നതിനാണ് പദ്ധതി

അക്രമണകാരിയായ അപ്പാച്ചെ ഹെലിക്കോപ്റ്ററുകള്‍ ഇന്ത്യന്‍ സേനയ്ക്ക് സ്വന്തമാകുന്നു. യുഎസ് നിര്‍മിതമായ ആറ് അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ ആറുമാസത്തിനുള്ളില്‍ വാങ്ങുന്നതിനാണ് പദ്ധതി. 4170 കോടി (655 മില്യണ്‍ ഡോളര്‍) രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. 2021 ഓടെ സര്‍വീസ് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. പ്രതിരോധ മന്ത്രി അരുണ്‍ ജയ്റ്റ്‌ലി അധ്യക്ഷനായ ഡിഫന്‍സ് അക്വസിഷന്‍ കൗണ്‍സില്‍ (!ഡിഎസി) ആണ് നിര്‍ണായകമായ തീരുമാനമെടുത്തത്.
ലോകത്തെ ഏറ്റവും മികച്ച ടാങ്ക് വേട്ടക്കാരനായി അറിയപ്പെടുന്ന അപ്പാഷെ ഹെലിക്കോപ്റ്റര്‍ 1991ലെ ഒന്നാം ഗള്‍ഫ് യുദ്ധത്തില്‍ കുവൈത്തിലെ ഇറാഖി സൈനികനിരകള്‍ക്കു കനത്ത നാശം വിതച്ചിരുന്നു. പതിനാറു ഹെല്‍ഫയര്‍ ടാങ്ക് വേധ മിസൈലോ 76 റോക്കറ്റുകളോ ഇതിനു വഹിക്കാന്‍ കഴിയും. രണ്ടും ഒരുമിച്ചുമാകാം. 1200 തവണ നിറയൊഴിക്കാവുന്ന 30 മില്ലിമീറ്റര്‍ പീരങ്കിയും അപ്പാഷെയിലുണ്ട്.
കരയിലൂടെ നീങ്ങുന്ന കാലാള്‍ നിരകളെയും കവചിത കാലാള്‍ വാഹനങ്ങളെയും ആക്രമിക്കാന്‍ ഫലപ്രദമാണ് ഈ ലഘുപീരങ്കി. ആയുധമില്ലാത്തപ്പോള്‍ 4657 കിലോഗ്രാമാണ് അപ്പാഷെയുടെ ഭാരം. പരമാവധി ആയുധം കയറ്റിയാല്‍ 8006 കിലോഗ്രാമും. വീണ്ടും ഇന്ധനം നിറയ്ക്കാതെ ഒറ്റയടിക്ക് 611 കിലോമീറ്റര്‍ പറക്കാന്‍ കഴിയുന്ന അപ്പാഷെയുടെ പരമാവധി വേഗം മണിക്കൂറില്‍ 311 കിലോമീറ്ററാണ്. യുദ്ധഭൂമിയില്‍ അപ്പാഷെ സ്‌ക്വാഡ്രനുകളോടൊപ്പം കമാന്‍ഡ്കണ്‍ട്രോള്‍ സംവിധാനമൊരുക്കി ബ്ലാക്ക്‌ഹോക്ക് ഹെലിക്കോപ്റ്ററുകളും പറക്കാറുണ്ട്.
https://www.facebook.com/Malayalivartha


























