ആറ് പത്രികകൾ തള്ളി: മുസ്ലിം ലീഗിന് വിലങ്ങുതടിയായി കെ ഹംസ

വേങ്ങര ഉപതെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയിൽ ആറ് പത്രികകൾ തള്ളി. 14 പേർ പത്രിക സമർപ്പിച്ചിരുന്നു. പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ നാളെ സ്ഥാനാർത്ഥികളുടെ പട്ടിക തയ്യാറായാൽ മാത്രമേ തെരഞ്ഞെടുപ്പിന്റെ അന്തിമ ചിത്രം തെളിയുകയുള്ളൂ.
പ്രധാന മുന്നണികളുടെ ഡമ്മി സ്ഥാനാർത്ഥികളടക്കമുള്ള ആറു പേരുടെ പത്രികയാണ് തള്ളിയത്. അലവിക്കുട്ടി(എൽ.ഡി.എഫ്), അബ്ദുൽ ഹഖ്( മുസ്ലിംലീഗ്), സുബ്രഹ്മണ്യൻ(ബിജെപി), കെ.പത്മരാജൻ(സ്വതന്ത്രൻ), ശിവദാസൻ (ശിവസേന), കെ.എം ശിവപ്രസാദ് (ഇന്ത്യൻ ഗാന്ധിയൻ പാർട്ടി) എന്നിവരുടെ പത്രികയാണ് സൂക്ഷ്മ പരിശോധനയിൽ തള്ളിയത്.
സൂക്ഷ്മ പരിശോധനക്ക് ശേഷം മത്സര രംഗത്തുള്ളവർ ഇവരാണ് കെ.എൻ.എ ഖാദർ (മുസ്ലിം ലീഗ്), പി.പി ബഷീർ (സിപിഐ.എം), കെ.ജനചന്ദ്രൻ (ബിജെപി), കെ.സി നസീർ (എസ്.ഡി.പി.ഐ), കെ.ഹംസ (സ്വതന്ത്രൻ), ശ്രീനിവാസ് (സ്വാഭിമാൻ പാർട്ടി), എം.വി ഇബ്രാഹീം (ഇന്ത്യൻ ഗാന്ധിയൻ പാർട്ടി), അബ്ദുൽ മജീദ് (സ്വതന്ത്രൻ).
എന്നാൽ ഇത്തവണ അപര സ്ഥാനാർത്ഥികൾ ആരും പത്രിക സമർപ്പിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
അതേസമയം വിമത സ്ഥാനാർത്ഥിയായി അഡ്വ.കെ ഹംസ മത്സര രംഗത്തുള്ളത് മുസ്ലിംലീഗിന് തലവേദനയായിട്ടുണ്ട് . മത്സര രംഗത്ത് നിന്ന് പിന്മാററില്ലെന്ന തീരുമാനത്തിലാണ് ഹംസ. നാമനിർദേശ പത്രിക പിൻവലിക്കേണ്ട സാഹചര്യം നിലവിലില്ലെന്നും താൻ മത്സരിക്കുന്നത് കെ.എൻ.എ ഖാദറിനെതിരെയാണെന്നുമാണ് ഹംസ പറയുന്നത്. എന്നാൽ ഹംസയെ അനുനയിപ്പിച്ച് പത്രിക പിൻവലിപ്പിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.
നേരത്തെ കുറ്റിപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെയും വിമത സ്ഥാനാർത്ഥിയായി ഹംസ പത്രിക സമർപ്പിച്ചിരുന്നെങ്കിലും അന്ന് അനുനയത്തിലൂടെ മത്സരത്തിൽ നിന്ന് പിന്മാറ്റുകയായിരുന്നു.
തെരഞ്ഞെടുപ്പിന്റെ അന്തിമ രൂപം തെളിയാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ മുന്നണികൾ പ്രചാരണ പരിപാടികൾ കൂടുതൽ ശക്തമാക്കി മുന്നോട്ട് പോവുകയാണ്.
https://www.facebook.com/Malayalivartha





















