റോഡ് നിയമം കര്‍ശനമാക്കുന്നു, നിയമം പാലിക്കാതെ വാഹനമോടിച്ചാല്‍ ലൈസന്‍സ് നഷ്ടമാകും

അതിവേഗത്തിലോ ചുവപ്പ് സിഗ്‌നല്‍ പാലിക്കാതെയോ വാഹനം ഓടിച്ച് അഞ്ചുവട്ടം പിടിക്കപ്പെട്ടാല്‍ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നത് കര്‍ശനമാക്കുന്നു. ഇതടക്കം റോഡപകടങ്ങള്‍ കുറയ്ക്കാന്‍ റോഡ് സുരക്ഷാ അതോറിട്ടിയുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
റോഡ് സുരക്ഷാ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കണമെന്ന സുപ്രീംകോടതി സമിതിയുടെ നിര്‍ദ്ദേശത്തിന്റെ പശ്ചാത്തലത്തിലാണിത്. മദ്യം, മയക്കുമരുന്ന്, മൊബൈല്‍ ഫോണ്‍ എന്നിവയുപയോഗിച്ച് കൊണ്ട് വാഹനമോടിക്കുന്നത് കണ്ടെത്താന്‍ പരിശോധന കര്‍ശനമാക്കും. കുറ്റകൃത്യങ്ങള്‍ കണ്ടെത്തിയാല്‍ നിയമപ്രകാരമുള്ള രസീത് നല്‍കി ഡ്രൈവിംഗ് ലൈസന്‍സ് പിടിച്ചെടുത്ത് സസ്‌പെന്‍ഡ് ചെയ്യാനായി റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലേക്കോ ജോയിന്റ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലേക്കോ അയയ്ക്കും
.
ലൈസന്‍സ് സസ്‌പെന്‍ഷന് നിര്‍ദ്ദേശിക്കുന്ന കേസുകളില്‍ യാതൊരു കാരണവശാലും രാജിയാക്കല്‍ നടപടികള്‍ കൈക്കൊള്ളാനാവില്ല. ഇതേക്കുറിച്ചുള്ള നടപടി റിപ്പോര്‍ട്ട് ജില്ലാ പൊലീസ് മേധാവിമാര്‍ എല്ലാമാസവും ട്രാഫിക് ഐ.ജിക്കും പകര്‍പ്പ് പൊലീസ് ആസ്ഥാനത്തും നല്‍കണം.

കൂടാതെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷ്വറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ പിടിച്ചെടുക്കും. ഇന്‍ഷ്വറന്‍സ് രേഖകള്‍ ഹാജരാക്കുന്ന മുറയ്ക്ക് വാഹനം വിട്ടുനല്‍കും. അപകടങ്ങള്‍ കൂടുതലായി സംഭവിക്കാന്‍ സാധ്യതയുള്ള സ്‌കൂള്‍, കോളേജ്, ബസ് സ്റ്റാന്‍ഡ് പരിസരങ്ങളില്‍ വാഹനപരിശോധന കൂടുതല്‍ ശക്തമാക്കണം. കാല്‍നട യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണം. വേഗനിയന്ത്രണ സംവിധാനം ഘടിപ്പിച്ചിട്ടില്ലാത്തതോ ശരിയായി പ്രവര്‍ത്തിക്കാത്തതോ ആയ വാഹനങ്ങള്‍ക്കെതിരെ നടപടികള്‍ ശക്തിപ്പെടുത്തണം.

ഹെല്‍മറ്റ് ധരിക്കാതെയോ വാഹനത്തില്‍ രണ്ടിലധികം യാത്രക്കാരുമായോ ഇരുചക്ര വാഹനം ഓടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം.
https://www.facebook.com/Malayalivartha

























