ദിലീപിന്റെ ജാമ്യാപേക്ഷ വിധി പറയാനായി മാറ്റിവച്ചു

നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപ് നൽകിയ ജാമ്യാപേക്ഷയിൽ പ്രോസിക്യൂഷന്റെ വാദം പൂർത്തിയായി. കേസ് വിധി പറയാനായി ഹൈക്കോടതി മാറ്റിവച്ചു. കേസിൽ പ്രതിഭാഗത്തിന്റെ വാദം ഇന്നലെ പൂർത്തിയായിരുന്നു.
ദിലീപിന് ജാമ്യം അനുവദിക്കുന്നതിനെ പൊലീസ് ശക്തമായി എതിർത്തു. കേസിലെ നിർണായക സാക്ഷികളെ സ്വാധീനിക്കാൻ ദിലീപ് ശ്രമിച്ചുവെന്ന് പ്രോസിക്യൂഷൻ ആരോപിച്ചു. സിനിമാ മേഖലയിൽ നിന്നുള്ളവരെയും കേസിലെ മുഖ്യപ്രതി പൾസർ സുനിയുമായി ബന്ധപ്പെട്ട സാക്ഷികളെയും വരെ സ്വാധീനിക്കാൻ ശ്രമം നടന്നുവെന്നും പൊലീസ് കോടതിയെ അറിയിച്ചു.
കേസിൽ കുറ്റപത്രം സമർപ്പിക്കാൻ പൊലീസ് ഒരുങ്ങുകയാണ്. ഈ സാഹചര്യത്തിൽ ദിലീപിന് ജാമ്യം അനുവദിക്കരുത്. ഒരു സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചതിന്റെ കൃത്യമായ തെളിവുകളും ലഭിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
അതേസമയം, നടിയുടെ ദൃശ്യങ്ങൾ ചിത്രീകരിച്ച മൊബൈൽ ഫോൺ എവിടെയാണെന്ന് ഹൈക്കോടതി പൊലീസിനോട് ചോദിച്ചു. എന്നാൽ, ഫോൺ കണ്ടെത്തിയിട്ടില്ലെന്ന് പ്രോസിക്യൂഷൻ മറുപടി നൽകി.
https://www.facebook.com/Malayalivartha
























