ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍

വാഹനം ഓടിച്ച് പോകുന്നതിനിടെ ട്രാഫിക് ബ്ലോക്കില്‍ കുഴഞ്ഞുവീണ നാപ്പല്‍ത്തിമൂന്നുകാരന് രക്ഷകരായി നഴ്‌സുമാര്‍. പെരുമ്പാവൂര്‍ സ്വദേശി സിഇ സിനോജ് (43) ആണ് ആരോഗ്യപ്രവര്‍ത്തകരുടെ പെട്ടെന്നുള്ള ഇടപെടലിലൂടെ മരണത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്. അങ്കമാലി അപ്പോളൊ അഡ്‌ലക്‌സ് ആശുപത്രിയിലെ നേഴ്‌സ് അഞ്ജലി ബൈജു (24), കോതമംഗലം മാര്‍ബസേലിയസ് കോളേജിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ആര്‍ദ്ര രാജ് (22) എന്നിവരാണ് സമയോചിതമായ ഇടപെടലിലൂടെ ഒരു ജീവന്‍ രക്ഷിച്ചത്.
ബുധനാഴ്ച രാവിലെ എംസി റോഡില്‍ കാലടി പാലത്തിന് സമീപമായിരുന്നു സംഭവം. തന്നിപ്പുഴയില്‍ ലോട്ടറി കട നടത്തുന്ന സിനോജ് സ്വന്തമായി കാര്‍ ഓടിച്ച് ആശുപത്രിയിലേക്ക് പോകുന്നതിനിടയിലാണ് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടത്. എന്നാല്‍ റോഡില്‍ ഗതാഗതക്കുരുക്ക് ഉണ്ടായതിനെ തുടര്‍ന്ന് വണ്ടി മുന്നോട്ട് എടുക്കാന്‍ സാധിക്കാതെ സിനോജ് കാറിനുള്ളില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഈ സമയം ഇതേ റൂട്ടില്‍ കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുകയായിരുന്ന അഞ്ജലിയും ആര്‍ദ്രയും റോഡിലെ ബഹളം ശ്രദ്ധയില്‍പ്പെട്ടതോടെ ഒട്ടും സമയം കളയാതെ ബസില്‍ നിന്നും ഇറങ്ങി കാറിനടുത്തേക്ക് ഓടിയെത്തുകയായിരുന്നു.
ബോധരഹിതനായ സിനോജിനെ കണ്ട ഉടന്‍ ഇരുവരും ചേര്‍ന്ന് കാറിനുള്ളില്‍ തന്നെ സിപിആര്‍ നല്‍കാന്‍ ആരംഭിച്ചു. തുടര്‍ന്ന് സിനോജിനെ അങ്കമാലിയിലെ ആശുപത്രിയില്‍ എത്തിക്കുന്നത് വരെ കാറിനുള്ളില്‍ ഇവര്‍ സിപിആര്‍ നല്‍കിക്കൊണ്ടേയിരുന്നു. ആശുപത്രിയില്‍ എത്തുമ്പോഴേക്കും സിനോജിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. വിശദമായ പരിശോധനയില്‍ ഹൃദയധമനിയില്‍ ബ്ലോക്ക് കണ്ടെത്തിയതിനെ തുടര്‍ന്ന് സിനോജിനെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി.
നഴ്‌സുമാര്‍ക്കൊപ്പം നാട്ടുകാരുടെ സഹകരണവും സിനോജിന്റെ ജീവന്‍ രക്ഷിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. സിനോജിന് നെഞ്ചുവേദനയാണെന്ന് മനസിലാക്കിയ ഒരു വഴിയാത്രക്കാരനാണ് ഉടന്‍ തന്നെ കാറില്‍ കയറി സ്റ്റിയറിംഗ് നിയന്ത്രിച്ചത്. നാട്ടുകാര്‍ ട്രാഫിക് ബ്ലോക്കില്‍ നിന്നും വണ്ടി മാറ്റാന്‍ സഹായിക്കുകയും ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തുകയും ചെയ്തു.
https://www.facebook.com/Malayalivartha





















